'ഞങ്ങള്‍ ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്, അതുകൊണ്ട് ഞങ്ങള്‍ സഹോദരങ്ങളാണ്'
എണ്ണിയാലൊടുങ്ങാത്ത പ്രതിസന്ധികള്‍ മറികടന്ന് ഗ്രാമത്തിലേക്കുള്ള അമൃതിന്റെ അവസാന യാത്രയിലും ആത്മസുഹൃത്ത് മുഹമ്മദാണ് കൂട്ടായിരുന്നത്...

കഴിഞ്ഞ ആഴ്ച്ചയിലാണ് സ്വന്തം ഗ്രാമത്തിലേക്കുള്ള യാത്രക്കിടെ തളര്‍ന്നുവീണ ഹിന്ദു സുഹൃത്തിനെ മടിയില്‍ എടുത്ത് സഹായത്തിന് യാചിക്കുന്ന മുസ്ലിം സഹോദരന്റെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. വൈകി ലഭിച്ച സഹായങ്ങളൊന്നും അമൃതിന്റെ ജീവന് രക്ഷിച്ചില്ല. പിന്നീട് എണ്ണിയാലൊടുങ്ങാത്ത പ്രതിസന്ധികള്‍ മറികടന്ന് ഗ്രാമത്തിലേക്കുള്ള അമൃതിന്റെ അവസാന യാത്രയിലും ആത്മസുഹൃത്ത് മുഹമ്മദാണ് കൂട്ടായിരുന്നത്.

ഗുജറാത്തിലെ സൂറത്തില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് പോകുന്ന ട്രക്കില്‍ നിന്നുപോകാന്‍ 4000 രൂപ നല്‍കിയാണ് അമൃതും(24) മുഹമ്മദ് സയൂമും(23) ഇടം നേടിയത്. സൂറത്തിലെ ടെക്സ്റ്റൈല്‍ തൊഴിലാളികളായിരുന്ന ഇരുവരും ജോലിയും കൂലിയുമില്ലാതെ പട്ടിണിയിലായതോടെയാണ് സാഹസികമായി നാടണയാന്‍ തീരുമാനിക്കുന്നത്. യാത്രക്കിടെ പനിയും ഛര്ദിയുമുണ്ടായിരുന്ന അമൃത് കുഴഞ്ഞു വീണു. കോവിഡ് രോഗിയാണെന്ന് കരുതി അമൃതിനെ ട്രക്കില്‍ നിന്നും ഇറക്കിവിട്ടു. മുഹമ്മദ് സയൂമും കൂടെ ഇറങ്ങി.
അമൃതിനെ മടിയില്‍ കിടത്തിക്കൊണ്ട് മുഹമ്മദ് സയൂം റോഡിലൂടെ പോകുന്നവരോട് സഹായത്തിനായി കേഴുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ നിസഹായയതയുടെ പ്രതീകമായി പ്രചരിക്കപ്പെട്ടു. നാട്ടുകാരുടെ സഹായത്തില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അമൃതിനെ വൈകാതെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നു. മെയ് 16ന് രാത്രിയില്‍ തന്നെ പനിയും നിര്‍ജലീകരണവും പട്ടിണിയും മൂലം അമൃത് മരണത്തിന് കീഴടങ്ങി. ഇതിനിടെ വന്ന കോവിഡ് പരിശോധനാ ഫലത്തില്‍ അമൃതിനും മുഹമ്മദിനും രോഗമില്ലെന്ന് തെളിഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടക്കാതിരുന്നതിനാല്‍ മറ്റെന്തെങ്കിലും മരണകാരണമുണ്ടോ എന്ന് തെളിഞ്ഞില്ല.
അഞ്ച് സഹോദരിമാരുള്ള കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു അമൃത് എന്ന അന്തര്‍ സംസ്ഥാന തൊഴിലാളി. ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ നിന്നും അമൃതിന്റെ കുടുംബം എത്തിയ ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്. ശിവപുരി ജില്ലാ ഭരണകൂടം ആംബുലന്‍സ് വിട്ടു നല്കാന് തയ്യാറാകാതിരുന്നതോടെ അമൃതിന്റെ നാട്ടിലേക്കുള്ള അവസാന യാത്ര വീണ്ടും വൈകി. ഒടുവില്‍ 18ന് രാവിലെയാണ് ആംബുലന്‍സ് വിട്ടുകൊടുത്തത്.

മൃതദേഹം അഴുകി തുടങ്ങിയെന്ന കാരണം പറഞ്ഞ് ആംബുലന്‍സ് ഡ്രൈവര്‍ മൃതദേഹം കൊണ്ടുപോകാന്‍ തയ്യാറായില്ല. പിന്നീട് നീല പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞ ശേഷം വൈകീട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം യാത്ര തിരിച്ചത്. അഴുകി തുടങ്ങിയ മൃതദേഹവുമായി മുഹമ്മദും അമൃതിന്റെ കുടുംബാംഗങ്ങളും ഏതാണ്ട് 600 കിലോമീറ്ററിലേറെ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാണ് ബസ്തിയിലേക്ക് എത്തിയത്.

നാല് ദിവസം കാത്തിരുന്നു, പോകേണ്ട ട്രെയിന്‍ ഈ സ്റ്റേഷനില്‍ വരില്ലെന്ന് പോലും ആരും പറഞ്ഞില്ല
ന്യൂസ് 18 പ്രതിനിധി അശോക് അഗര്‍വാള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരേയും അധികാരികളേയും മുഹമ്മദ് തുടര്‍ച്ചയായി സഹായത്തിനായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. അപ്പോഴെല്ലാം അമൃതിനെ സഹോദരനെന്നാണ് മുഹമ്മദ് വിശേഷിപ്പിച്ചിരുന്നത്. ഇതിനിടെ തിങ്കളാഴ്ച്ച നിങ്ങള്‍ മുസ്ലിം അല്ലേ എന്ന് അശോക് അഗര്‍വാള്‍ ചോദിച്ചു. അപ്പോള്‍ മുഹമ്മദിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഞങ്ങള്‍ ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്, അതുകൊണ്ടുതന്നെ ഞങ്ങള്‍ സഹോദരങ്ങളാണ്'