LiveTV

Live

National

''ഞങ്ങള്‍ കരുതി, നിങ്ങള്‍ മുസ്‍ലീമാണെന്ന്'': അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് മധ്യപ്രദേശ് പൊലീസ്

ദീപകിന്‍റെ താടി കണ്ട് മുസ്‍ലീമാണെന്ന് കരുതിയാണ് തങ്ങള്‍ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് വിശദീകരണം. മധ്യപ്രദേശിലെ ബെതുലിലാണ് ഇസ്‍ലാമോഫോബിയയുടെയും പൊലീസിന്റെ ക്രൂരതയുടെയും ഉദാഹരണം പുറത്തുവന്നിരിക്കുന്നത്

''ഞങ്ങള്‍ കരുതി, നിങ്ങള്‍ മുസ്‍ലീമാണെന്ന്'': അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് മധ്യപ്രദേശ് പൊലീസ്

മധ്യപ്രദേശില്‍ മാര്‍ച്ച് മാസത്തില്‍ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച് പൊലീസ്. അഭിഭാഷകനായ ദീപക് ബുണ്ടലെയ്ക്കാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് മര്‍ദ്ദനമേറ്റത്. ദീപകിന്‍റെ താടി കണ്ട് മുസ്‍ലീമാണെന്ന് കരുതിയാണ് തങ്ങള്‍ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് വിശദീകരണം. മധ്യപ്രദേശിലെ ബെതുലിലാണ് ഇസ്‍ലാമോഫോബിയയുടെയും പൊലീസിന്‍റെ ക്രൂരതയുടെയും ഉദാഹരണം പുറത്തുവന്നിരിക്കുന്നത്. ദ വയറിന് നല്‍കിയ അഭിമുഖത്തിലാണ് ദീപക് തന്‍റെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്

മാർച്ച് 23ന് ചികിത്സാ ആവശ്യങ്ങള്‍ക്കായി സർക്കാർ ആശുപത്രിയിലേക്ക് പോകുംവഴിയാണ് അഭിഭാഷകനായ ദീപക് ബുണ്ടേല്‍ മധ്യപ്രദേശ് സര്‍ക്കാരിന്‍റെ ക്രൂരമര്‍ദ്ദനത്തിനിരയായത്. സംഭവം നടന്ന് ഇപ്പോള്‍ രണ്ട് മാസം ആകാറായിരിക്കുന്നു. പൊലീസിന്‍റെ മര്‍ദ്ദനത്തിനെതിരെ അടുത്തദിവസം തന്നെ ദീപക് പരാതിയുമായി മുന്നോട്ട് പോയിരുന്നു. ദീപക്കിനെ ഒരു മുസ്‍ലിം യുവാവായി തെറ്റിദ്ധരിച്ചതുകൊണ്ടാണ് അന്ന് ദീപകിനെ മര്‍ദ്ദിച്ചതെന്നും അതുകൊണ്ട് പരാതി പിന്‍വലിക്കണമെന്നുമാണ് ഇപ്പോള്‍ പൊലീസ് ദീപകിനോട് പറയുന്നത്.

മാർച്ച് 23 ന് വൈകുന്നേരം 5.30 നും 6 നും ഇടയിൽ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു തന്നെ പോലീസ് തടഞ്ഞതെന്ന് പറയുന്നു ദീപക്. ''അന്ന് രാജ്യവ്യാപകമായി ലോക്ക്ഡൌണ്‍ നിലവില്‍ വന്നിട്ടില്ല. എന്നാല്‍ ബെതുലില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ കടുത്ത പ്രമേഹ, രക്തസമ്മര്‍ദ്ദരോഗിയാണ്. അന്ന് എനിക്ക് ഒട്ടും സുഖം തോന്നിയില്ല.. എന്തൊക്കെയോ അസ്വസ്ഥതകള്‍ തോന്നിയതിനാലാണ് ഹോസ്പിറ്റലില്‍ പോകാനും മരുന്ന് വാങ്ങാനും തീരുമാനിച്ച് വീട്ടില്‍ നിന്നിറങ്ങിയത്.'' പക്ഷേ പകുതി വഴിയില്‍വെച്ചുതന്നെ പൊലീസ് തടയുകയായിരുന്നുവെന്ന് പറയുന്നു ദീപക്. തന്നെ തടഞ്ഞ പൊലീസുകാരോട് താന്‍ മരുന്ന് വാങ്ങാനും ആശുപത്രിയിലേക്കുമായാണ് ഇറങ്ങിയതെന്ന് പറഞ്ഞതെങ്കിലും അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ കൂട്ടത്തിലൊരു പൊലീസുകാരന്‍ തന്നെ മാരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ദീപക് പറയുന്നത്.

''ഭരണഘടനാപരിധിയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നാണ് ഞാന്‍ അപ്പോള്‍ അവരോട് പറഞ്ഞത്. ഐപിസി സെക്ഷന്‍ 188 പ്രകാരം അവര്‍ക്ക് വേണമെങ്കില്‍ എന്നെ കസ്റ്റഡിയിലെടുക്കാവുന്നതാണെന്നും, ഞാന്‍ സഹകരിക്കാമെന്നും പറഞ്ഞു. പക്ഷേ അതൊക്കെ കേട്ടതോടെ അവര്‍ നിയന്ത്രണം വിട്ട് പെരുമാറുകയാണ് ചെയ്തത്. എന്നെയും ഇന്ത്യന്‍ ഭരണഘടനയെയും ചീത്ത വിളിക്കാനും തുടങ്ങി. അപ്പോഴേക്കും വേറെയും കുറേ പൊലീസുകാര്‍ വരികയും എല്ലാവരും കൂടി അവരുടെ ലാത്തിയുപയോഗിച്ച് എന്നെ കൂട്ടമായി മര്‍ദ്ദിക്കാനും തുടങ്ങി. ഞാന്‍ ഒരു അഭിഭാഷകനാണെന്ന് പറയും വരെ ആ മര്‍ദ്ദനം തുടര്‍ന്നു. പക്ഷേ, അപ്പോഴേക്കും അടികൊണ്ട് എന്‍റെ ചെവിയില്‍ നിന്നൊക്കെ ചോര വന്നുതുടങ്ങിയിരുന്നു.''

''ഞങ്ങള്‍ കരുതി, നിങ്ങള്‍ മുസ്‍ലീമാണെന്ന്'': അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് മധ്യപ്രദേശ് പൊലീസ്

''ഞാന്‍ പിന്നീട് എന്‍റെ ഒരു സുഹൃത്തിനെയും സഹോദരനെയും വിളിച്ചു. ഹോസ്പിറ്റലില്‍ പോയി.തൊട്ടടുത്ത ദിവസം, മാര്‍ച്ച് 24ന് തന്നെ ജില്ലാ പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി.''

''മുഖ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഉന്നത സർക്കാർ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം ആ പരാതിയുടെ കോപ്പി അയച്ചു. മാർച്ച് 23 ലെ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾക്കായി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചെങ്കിലും വിവരങ്ങൾ നിഷേധിച്ചു. ഞാന്‍ കൊടുത്ത അപേക്ഷയില്‍ കാരണം വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം തന്നെ ഇല്ലാതാക്കി കഴിഞ്ഞിട്ടുണ്ടാകും എന്നാണ് അനൌദ്യോഗികമായി എനിക്ക് അറിയാന്‍ കഴിഞ്ഞത്.''

അതിന് ശേഷമാണ് പരാതി പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദം ദീപക്കിന് മേല്‍ ശക്തമായത്. ''ആദ്യം ചില ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ടു വന്നു. ഞാനെന്‍റെ പരാതി പിന്‍വലിച്ചാല്‍, സംഭവത്തില്‍ ക്ഷമ ചോദിച്ചുകൊണ്ടുള്ള ഒരു പ്രസ്താവന തന്നെ ഇറക്കാമെന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് ഭീഷണിയായിരുന്നു, അഭിഭാഷകരായ എനിക്കും എന്‍റെ സഹോദരനും സമാധാനമായി ജോലി ചെയ്യണമെങ്കില്‍ മര്യാദയ്ക്ക് പരാതി പിന്‍വലിച്ചോ എന്ന ഭീഷണി.''

''ഞങ്ങള്‍ കരുതി, നിങ്ങള്‍ മുസ്‍ലീമാണെന്ന്'': അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് മധ്യപ്രദേശ് പൊലീസ്

പക്ഷേ, പിന്മാറാന്‍ ദീപക് തയ്യാറല്ലായിരുന്നു. മാര്‍ച്ച് 24 ന് എസ് പിക്ക് നല്‍കിയ പരാതിയില്‍ എഫ്ഐആര്‍ ഇടണമെന്ന് ദീപക് പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 17 ന് ചില പൊലീസ് ഉദ്യോഗസ്ഥര്‍ ദീപക്കിന്‍റെ വീട്ടിലെത്തുകയും ദീപക്കിന് പറയാനുള്ളത് രേഖപ്പെടുത്തുകയും ചെയ്തു. ആളുമാറിയാണ് മര്‍ദ്ദിച്ചത് എന്നാണ് അന്ന് വന്ന പൊലീസുകാര്‍ ദീപക്കിനോട് പറഞ്ഞത്. ദീപകിന്‍റെ താടി കണ്ടപ്പോള്‍ ദീപക് ഒരു മുസ്‍ലീമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയെന്നും അതാണ് മര്‍ദ്ദനത്തിന് കാരണമായതെന്നും പൊലീസ് ദീപക്കിനോട് പറഞ്ഞു.

''എന്താണ് സംഭവിച്ചത് എന്നതില്‍ എന്‍റെ ഭാഗം എന്‍റെതന്നെ ശബ്ദത്തില്‍ റെക്കോർഡുചെയ്യാൻ പോലീസുകാര്‍ക്ക് അഞ്ചുമിനിറ്റ് പോലും വേണ്ടിയിരുന്നില്ല. പക്ഷേ പരാതി പിൻവലിക്കാന്‍ എന്നെ നിര്‍ബന്ധിച്ചും പരാതി പിന്‍വലിച്ചില്ലെങ്കിലുള്ള ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്തിയും ഏകദേശം മൂന്ന് മണിക്കൂറിലധികമാണ് മൊഴിയെടുക്കുന്ന വേളയില്‍ അവര്‍ എന്നോട് സംസാരിച്ചത്.''

താടി വളര്‍ത്തിയതിനാല്‍ ദീപക് മുസ്‍ലീമാണെന്ന് കരുതിയ ഏതാനും പൊലീസുകാരാണ് ദീപക്കിനെ മര്‍ദ്ദിച്ചതെന്ന് പൊലീസുകാര്‍ റെക്കോഡ് ചെയ്ത, ദീപക്കിന്‍റെ അനുഭവം പറച്ചിലിലിനിടയിലെ പൊലീസ് സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. സാമുദായിക കലാപങ്ങള്‍ നടക്കുമ്പോള്‍ പോലീസ് സാധാരണ ഹിന്ദുക്കളെയാണ് പിന്തുണയ്ക്കാറുള്ളതെന്നും ആ വോയിസ് റെക്കോര്‍ഡില്‍ നിന്ന് വ്യക്തമാകുന്നു.

പോലീസ് എന്നോട് മോശമായി പെരുമാറുകയോ എന്നെ മർദ്ദിക്കുകയോ ചെയ്തില്ല എന്ന് എഴുതി നല്‍കി പരാതി ഞാന്‍ പിന്‍വലിക്കണമെന്നായിരുന്നു പൊലീസുകാരുടെ ആവശ്യം. ''അങ്ങനെ എഴുതി നല്‍കണമെന്ന് ആത്മാര്‍ത്ഥമായാണ് ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നത്. ഞങ്ങളുടെ അഭ്യര്‍ത്ഥന അംഗീകരിക്കുക. നമ്മള്‍ ജീവിക്കുന്നത് ഗാന്ധിജിയുടെ രാജ്യത്താണെന്ന് ഓര്‍മ്മിക്കുക, നമ്മളൊക്കെ ഗാന്ധിജിയുടെ മക്കളാണെന്നും. എനിക്ക് നിങ്ങളുടെ ജാതിയില്‍പ്പെട്ട 50 സുഹൃത്തുക്കള്‍ എങ്കിലുമുണ്ട്..'' ഒരു പൊലീസുകാരന്‍ ദീപകിനോട് പറഞ്ഞു.

''എനിക്ക് നിങ്ങള്‍ പൊലീസുകാര്‍ ആരോടും വ്യക്തിവിരോധം ഒന്നുതന്നെയില്ല. അതുകൊണ്ടുമല്ല പരാതിപ്പെട്ടത്. പരാതി പിന്‍വലിക്കാന്‍ തയ്യാറല്ലെ''ന്ന് തീര്‍ത്തുപറഞ്ഞു ദീപക്.

''ഞങ്ങളുടെ ഒരു ഹിന്ദു സഹോദരനോട്, അവന്‍റെ ഐഡന്‍റിറ്റി തിരിച്ചറിയാതെ ഇങ്ങനെ പെരുമാറിപ്പോയതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ടെന്നും ഞങ്ങള്‍ക്ക് നിങ്ങളോട് യാതൊരു ശത്രുതയുമില്ലെന്നും എവിടെയെങ്കിലും ഒരു ഹിന്ദു മുസ്‍ലിം കലാപം നടക്കുമ്പോള്‍ പോലീസ് സംരക്ഷിക്കുക ഹിന്ദുക്കളെയാണ്. അത് മുസ്‍ലീംകള്‍ക്കുമറിയാം. നിങ്ങളുടെ കാര്യത്തില്‍ തെറ്റിദ്ധാരണ ഒന്നുകൊണ്ടുമാത്രമാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. അക്കാര്യത്തില്‍ നിങ്ങളോട് ക്ഷമ ചോദിക്കാന്‍ എന്‍റെ കയ്യില്‍ വാക്കുകളില്ലെ''ന്നും ഒരു ഉന്നത പൊലീസുകാരന്‍ ദീപകിനോട് പ്രതികരിച്ചു

എന്നാല്‍ അന്ന് ഹിന്ദു-മുസ്‍ലിം കലാപം ഒന്നും നടന്നിരുന്നില്ല, ഞാനൊരു മുസ്‍ലീമാണെന്ന് തെറ്റിദ്ധരിച്ചതു കൊണ്ട് മാത്രമാണോ നിങ്ങള്‍ എന്നെ മര്‍ദ്ദിച്ചതെന്ന ദീപകിന്‍റെ ചോദ്യത്തിന്, അതേ തീര്‍ച്ചയായും എന്ന മറുപടിയാണ് പൊലീസ് നല്‍കിയത്. ''നിങ്ങള്‍ക്ക് നീളമുള്ള താടിയുണ്ട്. നിങ്ങളെ മര്‍ദ്ദിച്ച പൊലീസുകാരന്‍ ഒരു ഹിന്ദുവാണ്. കട്ടര്‍ സമുദായാംഗം. എവിടെയെങ്കിലും ഹിന്ദു മുസ്‍ലിം കലാപം നടന്നാലും അറസ്റ്റ് ചെയ്യപ്പെടുന്നതും ക്രൂരമായ മര്‍ദ്ദിക്കപ്പെടുന്നത് മുസ്‍ലീംകളാണ് എപ്പോഴുമെന്നും'' ആ പൊലീസുകാരന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 10 വർഷമായി ഭോപ്പാലിലെ പ്രമുഖ ദിനപത്രങ്ങളിലെല്ലാം പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഫഷണൽ ജേണലിസ്റ്റായിരുന്നു താനെന്നും, 2017 മുതലാണ് ബെതൂലിലെത്തിയതും പ്രാക്ടീസ് തുടങ്ങിയതെന്നും ദീപക് പറയുന്നു.

''പരാതി താന്‍ പിന്‍വലിക്കില്ല. ഇതുവരെ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റുപറ്റാനുണ്ടായ കാരണം പറഞ്ഞത് കേട്ടിട്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഇനി ഞാന്‍ ഒരു മുസ്‍ലിം ആയിരുന്നെങ്കില്‍ തെറ്റൊന്നും ചെയ്യാതെ എന്നെ മര്‍ദ്ദിക്കാനുള്ള അവകാശം പൊലീസിന് ഉണ്ട് എന്നാണോ ഞാന്‍ മനസ്സിലാക്കേണ്ടതെ''ന്നും ദീപക് ചോദിക്കുന്നു.

കടപ്പാട്: thewire.in