LiveTV

Live

National

സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയ 1.30 ലക്ഷം പോസ്റ്റുകള്‍ പിന്‍വലിച്ചു

ബി.ജെ.പി ദേശീയ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ, കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, സോഷ്യല്‍ മീഡിയയുടെ ചുമതലയുള്ള അമിത് മാളവ്യ, മൂന്ന് എം.പിമാര്‍ എന്നിവരടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെയാണ് കേസ്....

സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയ 1.30 ലക്ഷം പോസ്റ്റുകള്‍ പിന്‍വലിച്ചു

സമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗ്ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ കര്‍ശന നടപടിയുമായി കൊല്‍ക്കത്ത പൊലീസ്. വിദ്വേഷ പ്രചാരണം നടത്തിയ 1.30 ലക്ഷം പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും പിന്‍വലിച്ചെന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. മാര്‍ച്ച് 18 മുതല്‍ മെയ് 18 വരെയുള്ള രണ്ട് മാസക്കാലത്തിനിടെയാണ് നടപടി.

കഴിഞ്ഞ രണ്ടുമാസ കാലയളവില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ അടക്കം 270 കേസുകളും എടുത്തിട്ടുണ്ട്. ഇതുവരെ കൊറോണ വൈറസിന്റെ മറവില്‍ വിദ്വേഷ പ്രചാരണം നടത്തിയതിന് 199 പേരെ അറസ്റ്റു ചെയ്തുവെന്നും കൊല്‍ക്കത്ത പൊലീസ് അറിയിച്ചു. ബി.ജെ.പിയാണ് വിദ്വേഷ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം തടയാനാണ് മമത സര്‍ക്കാരിന്റെ ശ്രമമെന്നാണ് ബി.ജെ.പി ആരോപണം.

സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയ 1.30 ലക്ഷം പോസ്റ്റുകള്‍ പിന്‍വലിച്ചു

കോവിഡ് മഹാമാരി ആരംഭിച്ച കാലം മുതല്‍ കൊല്‍ക്കത്തയില്‍ വലിയ തോതില്‍ വ്യാജ പ്രചാരണങ്ങളും ശക്തിപ്പെട്ടിരുന്നു. കോവിഡ് മാറ്റാനുള്ള മരുന്നുകളെന്ന പേരില്‍ പ്രചരിച്ച അറുന്നൂറിലേറെ സോഷ്യല്‍മീഡിയ പോസ്റ്റുകളെ തുടക്കത്തില്‍ തന്നെ പൊലീസ് കണ്ടെത്തി പിന്‍വലിപ്പിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം വ്യാജ പോസ്റ്റുകള്‍ വിദ്വേഷ പോസ്റ്റുകളായി മാറിയെന്നാണ് കൊല്‍ക്കത്ത പൊലീസിനെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ലംഘനങ്ങള്‍ നടക്കുന്നുവെന്ന പേരില്‍ വലിയ തോതില്‍ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കപ്പെട്ടു. താനടക്കമുള്ള ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുത്ത വിവരം ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ സ്ഥിരീകരിച്ചിട്ടുണ്ട്.

'ഞങ്ങള്‍ക്കെതിരെ നൂറുകണക്കിന് കേസുകളെടുക്കുകയാണ്. എനിക്കെതിരെ കുറഞ്ഞത് 20 കേസുകളുണ്ട്. അറുപതോളം കേസുകള്‍ അര്‍ജുന്‍ സിംഗിനെതിരെയും അമ്പതോളം കേസുകള്‍ മുകുള്‍ റോയ്‌ക്കെതിരെയുമുണ്ട്. മാധ്യമങ്ങള്‍ ഇവിടെ അടിച്ചമര്‍ത്തപ്പെടുകയാണ്. ഞങ്ങള്‍ ബംഗാളിലെ യാഥാര്‍ഥ്യം വിളിച്ചുപറയുമ്പോള്‍ ഞങ്ങള്‍ക്കെതിരെ കേസെടുക്കുകയാണ്'
കൈലാഷ് വിജയവര്‍ഗിയ

തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി തന്നെ ബി.ജെ.പിക്കെതിരെ കര്‍ശന വിമര്‍ശവുമായി എത്തിയിട്ടുണ്ട്. ' വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാനലുകളുടേയും പത്രങ്ങളുടേയും ലോഗോയും ചിത്രങ്ങളും ഉപയോഗിച്ചും വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നു. ഇത് ഭയാനകമാണ്' എന്നായിരുന്നു കഴിഞ്ഞ ആഴ്ച്ചയില്‍ വാര്‍ത്താസമ്മേളനത്തിനിടെ മമത പറഞ്ഞത്.