LiveTV

Live

National

ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക്; മൂന്ന് ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു

ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ ഇന്ന് ശക്തമായ മഴയും കാറ്റും

ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക്; മൂന്ന് ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെ ദിഗയിൽ ഇന്ന് വീശിയടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും തീരങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകും. ദുരന്ത നിവാരണ സേന ബംഗാൾ ഒഡീഷ തീരങ്ങളിലുള്ള ആളുകളെയെല്ലാം ഒഴിപ്പിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ വീശിയിരുന്ന ഉംപുൻ ചുഴലിക്കാറ്റിന്‍റെ വേഗത 200 കിലോമീറ്റർ വരെയായി കുറഞ്ഞിട്ടുണ്ട്. വേഗത നേരീയ തോതിൽ കുറഞ്ഞെങ്കിലും ഉംപുൻ പശ്ചിമ ബംഗാൾ തീരങ്ങളിലേക്ക് അടുക്കുകയാണ്. ഇന്ന് വൈകിട്ട് സുന്ദർബന്‍റെ അടുത്ത് പശ്ചിമ ബംഗാളിലെ ദിഖയ്ക്കും ബംഗ്ലാദേശിലെ ഹതിയ ദ്വീപിനും ഇടയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് കരയിൽ പ്രവേശിക്കാനാണ് സാധ്യത.

ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക്; മൂന്ന് ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു

നിലവിൽ ഓറഞ്ച് അലേട്ട് തുടരുന്ന ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. പശ്ചിമ ബംഗാളിലെ 24 പർഗനാസ്, ഈസ്റ്റ് മെദിനാപൂ൪ ജില്ലകളിൽ കാറ്റിന്‍റെ വേഗത ഇന്ന് ഇരുനൂറിനോടടുത്തെത്തും. വൻ തിരമാലയ്ക്കും സാധ്യതയുണ്ട്. ബംഗാളിലും ഒഡീഷയിലും കനത്ത നാശനഷ്ടം ഉണ്ടാകാനും മരങ്ങൾ കടപുഴകി വീഴാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് റെയിൽ റോഡ് ഗതാഗതം തകരാനും ഇടയുണ്ട്.

ഉംപുൻ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന് മുൻപ് ബംഗാൾ ഉൾക്കടലിൽ രേഖപ്പെടുത്തിയ താപനില 32 മുതൽ 34 ഡിഗ്രി വരെയാണ്.ഇവിടെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും കൂടിയ താപനിലയാണിത്. ചുഴലിക്കാറ്റ് ഇത്രത്തോളം ശക്തമാകാൻ ഇതൊരു കാരണമാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക്; മൂന്ന് ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു

അതേസമയം ഉംപൂൻ ഇരട്ടി വെല്ലുവിളിയാകുന്നത് കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് ആളുകളെ മാറ്റി താമസിപ്പിക്കുമ്പോൾ കൂടിയാണ്. ബംഗാളിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം ആളുകളെ ഇതിനോടകം ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ദുരന്തം നേരിടാൻ 57 യൂണിറ്റ് ദുരന്ത നിവാരണ സേനയാണ് നിയോഗിച്ചിട്ടുള്ളത്. ഇവർ ഒഡീഷ, ബംഗാൾ തീരങ്ങളിൽ നിന്ന് ആളുകളെ എല്ലാം ഒഴിപ്പിച്ചു. ഏത് തരത്തിലുള്ള രക്ഷാപ്രവർത്തനത്തിനും സേനകൾ സജ്ജമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാൾ, ഒഡീഷ മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും എല്ലാവിധമായ സഹായങ്ങൾ നൽകാമെന്നും അറിയിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റുണ്ടാക്കുന്ന ആഘാതം നേരിടാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്രകാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ തലവനായുള്ള നാഷണൽ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി (എൻ.സി.എം.സി.) ചൊവ്വാഴ്ച വിലയിരുത്തി. താഴ്ന്നപ്രദേശങ്ങളിൽ കഴിയുന്നവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയെന്ന് ഒഡിഷ ചീഫ് സെക്രട്ടറി അറിയിച്ചു. ഇവർക്ക് ഭക്ഷ്യധാന്യങ്ങളും കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയെന്നും അറിയിച്ചു.

ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക്; മൂന്ന് ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു
-

ദേശീയ ദുരന്തപ്രതികരണസേനയുടെ 36 സംഘങ്ങളെയാണ് രണ്ടുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്. കരസേന, നാവികസേന എന്നിവയുടെ രക്ഷാ, ദുരിതാശ്വാസ സംഘങ്ങൾ സജ്ജമായിട്ടുണ്ട്. നാവിക, വ്യോമസേനകളുടെയും തീരരക്ഷാസേനയുടെയും കപ്പലുകളും ഹെലിക്കോപ്റ്ററുകളും തയ്യാറാക്കി നിർത്തിയിട്ടുണ്ട്. കാറ്റിലും മഴയിലും തകരാറിലാവുന്ന വൈദ്യുതി, വാർത്താവിനിമയബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനു മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരെ കേന്ദ്രസർക്കാർ ഒഡിഷയിലേക്കും ബംഗാളിലേക്കും അയച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യാ-ബംഗ്ലാദേശ് ജലാതിർത്തിയിൽ വിന്യസിച്ചിരുന്ന 45 പട്രോൾ ബോട്ടുകളും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മൂന്ന്‌ കാവൽപ്പുരകളും ബി.എസ്.എഫ്. സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. കഴിഞ്ഞവർഷം മേയ് മൂന്നിന് ഒഡിഷയിൽ വീശിയ ഫൊണി ചുഴലിക്കാറ്റിൽ 64 പേർ മരിച്ചിരുന്നു. 2019 നവംബർ ഒമ്പതിന് പശ്ചിമബംഗാളിൽ വീശിയ ബുൾബുൾ ചുഴലിക്കാറ്റിനെക്കാൾ നാശനഷ്ടമുണ്ടാക്കാൻ ശേഷിയുള്ളതാണ് ഉം-പുൻ.

അറേബ്യന്‍ ഉള്‍ക്കടലില്‍ 2007ലും 2019ലും സൂപ്പര്‍ സൈക്ലോണുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ 1999ന് ശേഷം രൂപപ്പെടുന്ന ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉംപൂന്‍. 99ല്‍ 260 കീലോമീറ്റര്‍ വേഗത്തില്‍ തീരം തൊട്ട ചുഴലിക്കാറ്റില്‍ ആയിരത്തിലേറേ പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.