LiveTV

Live

National

ലോക്ക് ഡൗണില്‍ കുടുങ്ങിയ പിതാവിനെ വീട്ടിലെത്തിക്കാന്‍ 15 വയസ്സുകാരി സൈക്കിള്‍ ചവിട്ടിയത് 1200 കിലോമീറ്റര്‍

ലോക്ക് ഡൗണില്‍ കുടുങ്ങിയ  പിതാവിനെ വീട്ടിലെത്തിക്കാന്‍ 15 വയസ്സുകാരി സൈക്കിള്‍ ചവിട്ടിയത് 1200 കിലോമീറ്റര്‍

ഡല്‍ഹിയില്‍ കുടുങ്ങിയ പിതാവിനെ വീട്ടിലെത്തിക്കാന്‍ പതിനഞ്ച് വയസ്സുകാരി സൈക്കിള്‍ ചവിട്ടിയത് 1200 കിലോമീറ്റര്‍. ബിഹാറിലെ ദര്‍ബംഗയില്‍ നിന്നുള്ള ദലിത് പെണ്‍കുട്ടി ജ്യോതികുമാരിയാണ് ലോക്ക് ഡൗൺ കാലത്ത് പരിക്ക് പറ്റിയ പിതാവിനെ നാട്ടിലെത്തിക്കാന്‍ സാഹസത്തിനിറങ്ങിയത്. പതിനഞ്ചുകാരിയുടെ ദൂരങ്ങള്‍ താണ്ടിയുള്ള ചേര്‍ത്തുപിടിക്കല്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥി ഓട്ടോ തൊഴിലാളിയായി ജോലി ചെയ്യുന്ന പിതാവിന് പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് കിലോമീറ്ററുകള്‍ താണ്ടി സൈക്കിളില്‍ സഞ്ചരിച്ചത്. നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ റോഡിലൂടെ നടന്നു പോകുന്നതിനാല്‍ രാത്രിയില്‍ സൈക്കിള്‍ ഓടിച്ചപ്പോള്‍ ഒട്ടും ഭയം തോന്നിയില്ലെന്നും, ആകെയുള്ള ആശങ്ക റോഡപകടങ്ങളായിരുന്നു, ഭാഗ്യത്തിന് അതിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

ഓട്ടോ ഡ്രൈവറാണ് പിതാവെന്നും, ലോക്ക് ഡൗൺ ആയതിനാല്‍ ഓട്ടോ ഉടമക്ക് തിരികെ കൊടുത്തതിനാല്‍ ഇപ്പോള്‍ തൊഴില്‍ രഹിതനാണെന്നും പെണ്‍കുട്ടി പറഞ്ഞു. മെയ് 10നാണ് കുമാരി പിതാവിനെയും കൂട്ടി 500 രൂപക്ക് വാങ്ങിയ സൈക്കിളില്‍ യാത്ര തുടരുന്നത്. മെയ് 16ന് ഇരുവരും ബിഹാറിലെ ദര്‍ബങ്കയില്‍ തിരിച്ചെത്തി.

കൈയ്യില്‍ ആവശ്യത്തിന് പണമുണ്ടായിരുന്നില്ല. ഭൂവുടമ സമ്മര്‍ദ്ദം ചെലുത്തി പിതാവിനോട് റുമിന്‍റെ പണം കൊടുക്കാനോ ഒഴിഞ്ഞുപോകാനോ ആവശ്യപ്പെട്ടു. ഞങ്ങളെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല, അപ്പോഴാണ് ഗ്രാമത്തിലേക്ക് തിരിക്കാന്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒരു ട്രക്ക് ഡ്രൈവറോട് സംസാരിച്ചെങ്കിലും 6000 രൂപ ചോദിച്ചതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചതായും അവസാനമായാണ് സൈക്കിള്‍ വഴി യാത്ര തിരിക്കാന്‍ തീരുമാനിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ കുമാരി പറഞ്ഞു.

'ഡല്‍ഹിയില്‍ നിന്നും തിരിക്കുമ്പോള്‍ 600 രൂപ മാത്രമേ തങ്ങളുടെ കൈയ്യിലുണ്ടായിരുന്നുള്ളു. രാത്രിയും പകലും സൈക്കിള്‍ ഓടിക്കുമ്പോള്‍ മൂന്ന്-നാല് മണിക്കൂര്‍ പ്രെട്രോള്‍ പമ്പുകളില്‍ വിശ്രമിക്കും. റിലീഫ് ക്യാമ്പുകളില്‍ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്'; പെണ്‍കുട്ടി പറയുന്നു.

അതെ സമയം പിതാവിനെയും കൊണ്ട് ദര്‍ബങ്കയില്‍ തിരിച്ചെത്തിയത് കണ്ട് ഗ്രാമീണര്‍ അത്ഭുതപ്പെട്ടു. ഗ്രാമത്തിലെത്തിയ ഇരുവരും നിലവില്‍ ക്വാറന്‍റൈനിലാണ്. കുമാരിയുടെ സാഹസത്തിനും ധൈര്യത്തിനും കൈയ്യടികളോടെ സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.