മരിച്ചവരെയും പരിക്കേറ്റവരെയും യോഗി സര്‍ക്കാര്‍ ഒരേ ട്രക്കില്‍ ജാര്‍ഖണ്ഡിലേക്ക് അയച്ചു; മനുഷ്യത്വരഹിതമെന്ന് മുഖ്യമന്ത്രി

ഉത്തര്‍പ്രദേശിലെ ഔറിയയില്‍ നടന്ന അപകടത്തില്‍ മരിച്ചവരെയും പരിക്കേറ്റവരെയും ഒരേ ട്രക്കില്‍ നാടായ ജാര്‍ഖണ്ഡിലേക്ക് അയച്ച നടപടിയില്‍ കടുത്ത വിമര്‍ശനം. തുറന്ന ട്രക്കില്‍ പരിക്കേറ്റവര്‍ക്കൊപ്പം കറുത്ത ടാര്‍പോളിനില്‍ പുതഞ്ഞായിരുന്നു മൃതദേഹങ്ങള്‍ അയച്ചത്. സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കടുത്ത വിമര്‍ശനം അറിയിച്ചു. ഉത്തര്‍പ്രദേശിന്റെ നടപടി മനുഷ്യത്വരഹിതമെന്നാണ് ഹേമന്ത് സോറന് ട്വിറ്ററില്‍ കുറിച്ചത്.
ശനിയാഴ്ച ലഖ്നൗവില്‍ നടന്ന അപകടത്തില്‍ മരിച്ചവരെയും പരിക്കേറ്റവരെയും ഞായറാഴ്ചയാണ് സംസ്ഥാനമായ ജാര്‍ഖണ്ഡിലേക്ക് ലോറിയില്‍ കയറ്റി വിട്ടത്.
‘കുടിയേറ്റ തൊഴിലാളികളെ കൈകാര്യം ചെയ്ത ഈ നടപടി ഒഴിവാക്കേണ്ടതായിരുന്നു. ജാര്‍ഖണ്ഡ് അതിര്‍ത്തി വരെയെങ്കിലും നിങ്ങള്‍ക്ക് അവരെ മറ്റൊരു വാഹനത്തില്‍ എത്തിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ ബൊകാറോയിലുള്ള അവരുടെ വസതിയിലേക്ക് ഞങ്ങള്‍ അവരെ എത്തിക്കുമായിരുന്നു’ ; ഹേമന്ത് സോറന് ട്വിറ്ററില്‍ കുറിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും നിതീഷ് കുമാറിനെയും ടാഗ് ചെയ്താണ് ഹേമന്ത് സോറന് ട്വീറ്റ് പോസ്റ്റ് ചെയ്തത്.
അപകടത്തില്‍ കൊല്ലപ്പെട്ട 11 പേര് ജാര്‍ഖണ്ഡ് സ്വദേശികളായിരുന്നു. മറ്റുള്ളവര്‍ ബംഗാള്‍ സ്വദേശികളാണ്. ഹേമന്ത് സോറന്റെ ട്വീറ്റ് പുറത്തുവന്നതോടെ ഹൈവേ വഴി സഞ്ചരിക്കുകയായിരുന്ന ട്രക്ക് തടഞ്ഞുനിര്‍ത്തുകയും മൃതദേഹങ്ങള്‍ ആംബുലന്‍സിലേക്ക് മാറ്റുകയും ചെയ്തു. ജാര്‍ഖണ്ഡില്‍ ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടി സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ട്രക്ക് വഴി കൊണ്ടുവന്ന മൃതദേഹങ്ങള്‍ ജീര്ണിച്ചതായും, മൃതദേഹങ്ങള്‍ക്കൊപ്പം പരിക്കേറ്റ യാത്രക്കാരെ കൂടി കയറ്റിവിട്ടത് ക്രിമിനല്‍ നടപടിയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.
കഴിഞ്ഞ രണ്ട് ആഴ്ച്ചകളിലായി നിരവധി കുടിയേറ്റ തൊഴിലാളികളാണ് വീടുകളില്‍ തിരിച്ചെത്തുന്നതിനായി പല രീതിയില്‍ യാത്രചെയ്യുന്നത്. ട്രക്കുകളിലും ഓട്ടോകളിലും ടെമ്പോകളിലും നാടണയാന്‍ യാത്ര ചെയ്യുന്ന പലര്‍ക്കും പക്ഷെ ഇത് വരെ വീടണയാന്‍ പറ്റിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ രണ്ട് വലിയ അപകടങ്ങളില്‍ നിരവധി കുടിയേറ്റ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.