മൂകരും ബധിരരുമായവര്‍ക്ക് 81,000 ട്രാന്‍സ്പാരെന്റ് മാസ്കുകള്‍ വിതരണം ചെയ്യാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍
കേള്‍വിശക്തി, സംസാരശേഷി എന്നിവയില്ലാത്തവര്ക്കായി ട്രാന്‍സ്പാരെന്റ് മാസ്ക് എന്ന ആശയം സംസ്ഥാന സര്‍ക്കാരിന് മുമ്പ് തന്നെ തിരുച്ചിരപ്പള്ളിയിലെ ഒരു ഡോക്ടര്‍ കണ്ടെത്തിയിരുന്നു

മൂകരും ബധിരരുമായവര്‍ക്ക് ചുണ്ടിന്റെ അനക്കം ശ്രദ്ധിച്ച് സംസാരിക്കുന്നത് മനസിലാക്കുന്നതിനായി 81,000 ട്രാന്സ്പരെന്റ് മാസ്കുകള്‍ വിതരണം ചെയ്യാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്തവര്‍, അവരുടെ രക്ഷിതാക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍ തുടങ്ങി അവരുമായി ഇടപഴകാന്‍ ഇടയുള്ളവര്ക്കുമാണ് മാസ്ക് വിതരണം ചെയ്യുന്നത്. സാധാരണ മാസ്ക് ഉപയോഗിക്കുമ്പോള്‍ കേള്‍വിശേഷി ഇല്ലാത്തവര്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നതിനെത്തുടര്‍ന്നാണ് വായയുടെ ഭാഗത്ത് മാത്രം ട്രാന്‍സ്പാരെന്റ് ഷീറ്റുകള്‍ പിടിപ്പിച്ച മാസ്കുകള്‍ വിതരണം ചെയ്യാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.
13,500 ഭിന്നശേഷിക്കാര്‍ക്കും അവരുമായി ബന്ധപ്പെട്ടവര്‍ക്കുമായി 81,000 മാസ്കുകള്‍ ഉത്പാദിപ്പിക്കുന്നതിനായാണ് ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ഉദ്യമം വിജയകരമാവുകയാണെങ്കില്‍ കൂടുതല്‍ ട്രാന്പാരെന്റ് മാസ്കുകള്‍ ഉത്പാദിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഭിന്നശേഷിക്കാര്‍ താമസിക്കുന്നതിനടുത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകള്‍ക്കായിരിക്കും വിതരണത്തിന്റെ ഉത്തരവാദിത്തം.
കേള്‍വിശക്തി, സംസാരശേഷി എന്നിവയില്ലാത്തവര്ക്കായി ട്രാന്‍സ്പാരെന്റ് മാസ്ക് എന്ന ആശയം സംസ്ഥാന സര്‍ക്കാരിന് മുമ്പ് തന്നെ തിരുച്ചിരപ്പള്ളിയിലെ ഒരു ഡോക്ടര്‍ കണ്ടെത്തിയിരുന്നു. വായയും മൂക്കും മൂടിവരുന്ന മാസ്കുകള്‍ ഇവര്‍ക്ക് ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടാക്കുന്നുവെന്ന് സര്‍ക്കാരിന് മുമ്പ് തന്നെ കണ്ടെത്തിയത് ഡോ. മുഹമ്മദ് ഹക്കീമാണ്. അദ്ദേഹം രൂപം നല്കിയ 1000 ട്രാന്‍സ്പാരെന്റ് മാസ്കുകള്‍ ഐ.സി.എം.ആര് അനുമതിക്കായി കാത്തിരിക്കുകയാണ്. വായയുടെ ഭാഗത്തെ ട്രാന്പാരെന്റ് കോട്ടിങ് ഒഴിച്ചാല്‍ സാധാരണ എന്‍95 മാസ്കുകള്‍ പോലെത്തന്നെയാരിക്കും ഇതും. കോയമ്പത്തൂരിലെ ഒരു എന്‍.ജി.ഒയും ഇതേ ആശയവുമായി മുന്നോട്ട് വന്നിട്ടുണ്ട്.