ലോക്ക്ഡൗണിനിടെ സംസ്കാര ചടങ്ങില്‍ ആയിരങ്ങള്‍; പങ്കെടുത്തവരില്‍ ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കളും
മധ്യപ്രദേശിലെ കട്നിയില്‍ ആത്മീയ നേതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍

ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ മധ്യപ്രദേശിലെ കട്നിയില്‍ ആത്മീയ നേതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍. സംസ്കാര ചടങ്ങില്‍ പങ്കെടുത്തവരില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കളും നടന് അശുതോഷ് റാണ ഉള്‍പ്പെടെയുള്ളവരും ഉണ്ടായിരുന്നു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കണമെന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് ആളുകള്‍ കൂടിയത്. എന്നാല്‍ ഒരു തരത്തിലുമുള്ള ലോക്ക് ഡൗണ്‍ നിര്‍ദേശ ലംഘനവും നടന്നിട്ടില്ലെന്നാണ് ജില്ലാ കലക്ടര്‍ ശശിഭൂഷന്‍ സിങ് പറഞ്ഞത്.
82കാരനായ ദേവ് പ്രഭാകര്‍ എന്ന ദാദാജി ആണ് ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചത്. ഡല്‍ഹിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില മോശമായതോടെ നടന് അശുതോഷ് റാണയും മധ്യപ്രദേശ് മുന്‍ മന്ത്രി സഞ്ജയ് പതക്കുമാണ് സംസ്ഥാനത്തേക്ക് തിരികെകൊണ്ടുവന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാന്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ, കോണ്‍ഗ്രസ് നേതാവ് ദിവ്വിജയ് സിങ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണമുണ്ട്. എന്നിട്ടും ആയിരങ്ങള്‍ ഒത്തുകൂടി.