ഡല്‍ഹിയില്‍ നിന്നും ബിഹാറിലേക്ക് എത്തിയ നാലിലൊന്ന് തൊഴിലാളികള്‍ക്കും കോവിഡ്
പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാത്തവരില്‍ നിന്നുമെടുത്ത സാമ്പിളുകളില്‍ നിന്നാണ് ഈ ആശങ്കപ്പെടുത്തുന്ന രോഗത്തിന്റെ കണക്കുകള്‍ പുറത്തുവരുന്നത്...

ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ നാലിലൊന്ന് തൊഴിലാളികള്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ 835 പേരെ പരിശോധിച്ചതില്‍ 218 പേര്‍ക്കും(26%) കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മടങ്ങിയെത്തിയ എല്ലാ തൊഴിലാളികളേയും പരിശോധിച്ചിട്ടില്ലെന്നതും റാന്‍ഡം പരിശോധനയിലാണ് ഇത്ര പേരില്‍ രോഗം കണ്ടെത്തിയതെന്നും ബിഹാറിലെ ദേശീയ ആരോഗ്യ മിഷന് തലവന്‍ മനോജ്കുമാര്‍ അറിയിച്ചു.
പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാത്തവരില്‍ നിന്നുമെടുത്ത സാമ്പിളുകളില്‍ നിന്നാണ് ഈ ആശങ്കപ്പെടുത്തുന്ന രോഗത്തിന്റെ കണക്കുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ആഴ്ച്ച മുതലാണ് ബിഹാര്‍ നാട്ടിലേക്ക് തിരിച്ചെത്തുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ സാമ്പിളുകള്‍ പരിശോധിച്ചു തുടങ്ങിയത്. മെയ് 17 മുതല്‍ ഇതുവരെ 8,337 പേരാണ് ബിഹാറിലേക്ക് എത്തിയത്. ഇതില്‍ 651 പേര്‍ക്ക്(8%) കോവിഡ് സ്ഥിരീകരിച്ചു.
ഡല്‍ഹിയില്‍ നിന്ന് കാല് ലക്ഷത്തോളം തൊഴിലാളികള്‍ ബിഹാറിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതില്‍ 1,362 തൊഴിലാളികളുടെ സാമ്പിളുകളാണ് എടുത്തത്. 835 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 218 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 527 പേരുടെ കൂടി ഫലങ്ങള്‍ വരാനുണ്ട്. പശ്ചിമബംഗാളില്‍ നിന്നു വന്ന തൊഴിലാളികളില്‍ 12%പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നുള്ള 141 പേര്‍ക്കും ഗുജറാത്തില്‍ നിന്നെത്തിയ 139 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി ബിഹാര്‍ സര്‍ക്കാര്‍ അറിയിച്ചു. കേരളത്തില്‍ നിന്നും ബിഹാറിലെത്തിയ 306 തൊഴിലാളികളില്‍ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുവരെ ബിഹാറിലേക്ക് മുന്നൂറോളം ട്രെയിനുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്നിട്ടുള്ളത്. അടുത്ത ആഴ്ച്ചയില്‍ 500 ഓളം ട്രെയിനുകളാണ് വരാനുള്ളത്. ട്രയിനുകളിലല്ലാതെ അതിര്‍ത്തികടന്ന് പ്രതിദിനം 3,000ത്തിലേറെ പേരും ബിഹാറിലേക്ക് എത്തുന്നുണ്ടെന്ന് മനോജ്കുമാര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന ആശങ്കയാണ് തിരിച്ചെത്തിയ തൊഴിലാളികളുടെ വര്‍ധിച്ച കോവിഡ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം 26 ശതമാനമെന്നത് വളരെ കൂടിയതാണെങ്കിലും ഡല്‍ഹിയില്‍ സമൂഹവ്യാപനം നടന്നുവെന്ന് ഇതുകൊണ്ട് അര്ഥമാക്കാനാകില്ലെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള ഒഫീഷ്യലുകളുടെ പ്രതികരണമെന്ന് സ്ക്രോള്‍ ഡോട്ട് കോം റിപ്പോര്‍ട്ടു ചെയ്യുന്നു. തൊഴിലാളികള്‍ക്കിടയില്‍ ട്രെയിന്‍ യാത്രക്കിടെയാകാം കോവിഡ് വ്യാപകമായി പകര്‍ന്നതെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ വാദം. ഇത് മുതിര്‍ന്ന വൈറോളജിസ്റ്റ് ടി ജേക്കബ് ജോണും ശരിവെക്കുന്നുണ്ട്. ട്രയിന്‍ യാത്ര തുടങ്ങുമ്പോള്‍ രണ്ട് ശതമാനത്തോളം പേര്‍ക്ക് കോവിഡുണ്ടെങ്കില്‍ ബിഹാറിലെത്തുമ്പോഴേക്കും 25 ശതമാനം പേരിലേക്കെത്തുന്നതില് അസ്വാഭാവികതയില്ലെന്നാണ് അദ്ദേഹം അറിയിച്ചത്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് ബിഹാര്‍ ക്വാറന്റെയ്ന് നടപടികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുംബൈ, പൂനെ, സൂറത്ത്, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങി കോവിഡ് ബാധിത മേഖലകളില്‍ നിന്നും വരുന്നവരെ ബ്ലോക്ക് തലത്തില്‍ വലിയ ഐസോലേഷന് കേന്ദ്രങ്ങളിലേക്കാണ് മാറ്റുക. രണ്ട് പേര്‍ക്ക് ഒരു മുറി എന്ന നിലയിലാണ് ഇവിടെ പാര്‍പ്പിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്‍ നഗരങ്ങള്‍ക്കും കോവിഡ് ബാധിത പ്രദേശങ്ങള്‍ക്കും പുറത്തു നിന്നും വരുന്നവരെ പഞ്ചായത്ത് തലത്തില്‍ ക്വാറന്റെയ്നിലാക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അതാത് ഗ്രാമങ്ങളില്‍ ക്വാറന്റെയ്ന് ഒരുക്കണം. ഇതില്‍ രണ്ടാമത്തേയും മൂന്നാമത്തേയും വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് എന്തെങ്കിലും തരത്തില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ ആദ്യ വിഭാത്തിലേക്ക് മാറ്റുകയും ചെയ്യും.