LiveTV

Live

National

തെലിനിപ്പാറ; കോവിഡ് മറവില്‍ ഒരു മുസ്‍ലിം ഗ്രാമം തകര്‍ത്തെറിഞ്ഞപ്പോള്‍

തെലിനിപ്പാറ; കോവിഡ് മറവില്‍ ഒരു മുസ്‍ലിം ഗ്രാമം  തകര്‍ത്തെറിഞ്ഞപ്പോള്‍

രാജ്യം മുഴുവന്‍ കോവിഡിനെതിരായ പോരാട്ടത്തിലേര്‍പ്പെടുമ്പോള്‍ പശ്ചിമ ബംഗാളിലെ തെലിനിപ്പാറ എന്ന മുസ്‍ലിം ഗ്രാമം കത്തിയെരിയുകയായിരുന്നു. കൊല്‍ക്കത്തയില്‍ നിന്നും വടക്കോട്ട് നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള തെലിനിപ്പാറയില്‍ മെയ് 12 മുതലാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ കനത്ത ആക്രമണങ്ങള്‍ക്കിരയാക്കിയത്. ചണ വ്യവസായത്തിന് പേരുകേട്ട ഗ്രാമത്തില്‍ മെയ് 10ന് ഞായറാഴ്ച്ചയാണ് രണ്ട് സമുദായങ്ങള്‍ക്കിടയിലെ സംഘര്‍ഷത്തിന് തുടക്കം കുറിക്കുന്നത്. സംഘര്‍ഷം പെട്ടെന്ന് തന്നെ അമര്‍ച്ച ചെയ്ത പൊലീസ് പക്ഷെ മെയ് 12ന് തുടര്‍ന്ന വര്‍ഗീയാത്രികമണങ്ങളില്‍ കാഴ്ച്ചക്കാരായി നിന്നു. അക്രമാസക്തരായ വലിയൊരു സംഘം തെലിനിപ്പാറയിലെത്തുകയും കണ്ണില്‍ കണ്ട എല്ലാം തന്നെ തകര്‍ത്തെറിയുകയും ചെയ്തു. നിരവധി വീടുകളും വാഹനങ്ങളുമാണ് ആക്രമണത്തില്‍ തകര്‍ന്നത്. തകര്‍ന്ന എല്ലാ വീടുകളും തന്നെ മുസ്‍ലിം വിഭാഗത്തില്‍ നിന്നുള്ളതാണെന്ന് എന്നത് ആക്രമണത്തിലെ വര്‍ഗീയ സ്വഭാവം തുറന്നുകാട്ടുന്നു. മുസ്‍ലിം വിഭാഗത്തെ തിരഞ്ഞു പിടിച്ചുള്ള ആക്രമണം തടഞ്ഞുനിര്‍ത്താന്‍ പൊലീസിനും അധികാരികള്‍ക്കും സമയമെടുക്കേണ്ടി വന്നു. പ്രദേശത്ത് സെക്ഷന്‍ 144 പ്രഖ്യാപിക്കുകയും ഇന്‍റര്‍നെറ്റ് കണക്ഷന്‍ സസ്പെന്‍റ് ചെയ്യുകയും ചെയ്താണ് പ്രശ്നങ്ങള്‍ക്ക് താത്കാലിക അന്ത്യം നല്‍കിയത്. വലിയ രീതിയില്‍ അക്രമ-അടിച്ചമര്‍ത്തലിനിരയായ തെലിനിപ്പാറ ഗ്രാമം സന്ദര്‍ശിച്ച റിപ്പോര്‍ട്ടര്‍ ഹിമാദ്രി ഘോഷ് സംഭവത്തിന്‍റെ വസ്തുതകള്‍ പുറത്തുകൊണ്ടുവരികയുണ്ടായി.

തെലിനിപ്പാറ; കോവിഡ് മറവില്‍ ഒരു മുസ്‍ലിം ഗ്രാമം  തകര്‍ത്തെറിഞ്ഞപ്പോള്‍

ദ വയര്‍ റിപ്പോര്‍ട്ടിന്‍റെ മലയാള പരിഭാഷ

കൊല്‍ക്കത്തയില്‍ നിന്ന് ഗ്രാന്‍ഡ് ട്രങ്ക് (ജിടി) റോഡിലേക്ക് പോവുമ്പോള്‍, തെലിനിപ്പാറയിലേക്കുള്ള വലതു റോഡിലേക്ക് തിരിയുന്നതിന് തൊട്ടുമുമ്പ്, ഭദ്രേശ്വരിലെ ബാബുര്‍ ബസാര്‍ ജങ്‌നില്‍ പൂര്‍ണമായും കത്തിയമര്‍ന്ന ഒരു കട കണ്ടു. കരിപുരണ്ട ചുവരില്‍ 'സാദ്' എന്ന പേര് ഇപ്പോഴും കാണാം. ഭദ്രേശ്വര്‍ അഗ്‌നിശമന സേനയുടെ എതിര്‍വശത്തെ ഒരു മുസ്‍ലിം പള്ളി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. തകര്‍ന്ന ഇഷ്ടികകളും കീറിപ്പറിഞ്ഞ പതാകകളും പള്ളിയുടെ തറയില്‍ കിടക്കുന്നത് കാണാം. ഭദ്രേശ്വരില്‍ സ്ഥിതി ശാന്തമായിരുന്നു. എന്നാലും അങ്ങാടിയിലുള്ളവര്‍ തെലിനിപാറ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ തെലിനിപ്പാറയിലേക്കുള്ള ദിനമര്‍ദങ്ക തെരുവിലേക്ക് തിരിഞ്ഞയുടനെ അന്തരീക്ഷമാകെ മാറി. ഈ റോഡ് ഭാഗികമായി പൊലിസ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്. തെലിനിപാറയുടെ ഉള്‍ഭാഗങ്ങളില്‍, കനത്ത അക്രമം നടന്ന സ്ഥലങ്ങളിലേക്ക് നീങ്ങിയപ്പോള്‍ കുറച്ച് പേരെ മാത്രമേ കാണാനായുള്ളൂ. പുറത്തേക്കിറങ്ങിയവരുടെയെല്ലാം മുഖത്ത് ഭീതി നിഴലിച്ചിരുന്നു.

ദിനമര്‍ദങ്ക തെരുവിലേക്കടുക്കും മുമ്പ്, തെലിനിപാറ ഘട്ടിന് തൊട്ടുമുമ്പുള്ള ഒരു ക്രോസ്‌റോഡില്‍ സ്‌പെഷ്യല്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍(എസ്.‌ഐ.ആര്‍.ബി) ഉദ്യോഗസ്ഥരെ കണ്ടു. ഏകദ്ദേശം 30ഓളം എസ്.‌ഐ.ആര്‍.ബി ഉദ്യോഗസ്ഥരെ അവിടുത്തെ ജംക്ഷനില്‍ നിയമിച്ചതായി അതിലൊരു ഉദ്യോഗസ്ഥന്‍ ദ വയറി-നോട് വെളിപ്പെടുത്തി. ‌

തെലിനിപ്പാറ; കോവിഡ് മറവില്‍ ഒരു മുസ്‍ലിം ഗ്രാമം  തകര്‍ത്തെറിഞ്ഞപ്പോള്‍
തെലിനിപ്പാറയില്‍ അഗ്നിരക്കിരാക്കിയ ഗുഡ്സ് കാരിയര്‍

ദിനമര്‍ദങ്ക ജംക്ഷനില്‍ നിന്നും ഇടത് തിരിഞ്ഞ് രണ്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയ ഗോണ്ടല്‍പാറ ചണമില്ല് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കാണ് തിരിച്ചത്. ദിനമര്‍ദങ്ക തെരുവ് മുതല്‍ ജി.ടി റോഡ് മുതലുള്ള ജംക്ഷന്‍ മുഴുവന്‍ തന്നെ ഹിന്ദുഭൂരിപക്ഷ പ്രദേശത്താണ് ഞങ്ങള്‍ ആദ്യം കടന്നുചെല്ലുന്നത്. ആ ഭാഗത്തൊന്നും തന്നെ തകര്‍ന്നതോ പരിക്ക് പറ്റിയതോ ആയ വീടുകളോ സ്വത്തുവകകളോ കാണാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ദിനമര്‍ദങ്ക തെരുവിന്‍റെ ആരംഭത്തില്‍ രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചതായി കണ്ടു. ഒരു വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട്, ഹൈവേയുടെ വെബ്സൈറ്റില്‍ പരിശോധിക്കുകയും, ഗുലാം സര്‍വാര്‍ അന്‍സാരിയാണ് അതിന്‍റെ ഉടമസ്ഥന്‍ എന്ന് മനസ്സിലാക്കുകയും ചെയ്തു. മറ്റേ വാഹനത്തിന്‍റെ ഉടമസ്ഥന്‍ ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. അതിന്‍റെ നമ്പര്‍ പ്ലേറ്റ് നഷ്ടപ്പെട്ടിരുന്നു.

അവിടെയുള്ള വളരെ ചെറിയകൂട്ടം ആളുകളോട് മെയ് 12ന് നടന്ന അക്രമസംഭവങ്ങളെ കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷെ എല്ലാവരും 'ഒന്നും അറിയില്ല' എന്ന മറുപടിയാണ് നല്‍കിയത്. അടുത്ത് കച്ചവടം നടത്തുന്ന വ്യാപാരിയായ സ്ത്രീയോട് വാഹനത്തിന്‍റെ ഉടമസ്ഥനെ അറിയുമോയെന്ന് ചോദിച്ചു. അവരും അറിയില്ല എന്ന മറുപടിയാണ് നല്‍കിയത്.

തെലിനിപ്പാറ; കോവിഡ് മറവില്‍ ഒരു മുസ്‍ലിം ഗ്രാമം  തകര്‍ത്തെറിഞ്ഞപ്പോള്‍

കൃത്യമായ ആസൂത്രണത്തോടെയുള്ള ആക്രമണ സംഭവം

തുടര്‍ന്ന് ദിനമര്‍ദങ്ക ജംക്ഷനില്‍ നിന്നും ഗോണ്ടല്‍പാറയിലേക്ക് നടക്കാന്‍ ആരംഭിച്ചു. തുടരെ തുടരെ നിരവധി മുസ്‍ലിം വീടുകളാണ് വാതിലുകള്‍ തകര്‍ന്നും ടി.വി കേബിളുകള്‍ കരിഞ്ഞും, കാണപ്പെട്ടത്. പല വീടുകളുടെ മേല്‍ക്കൂരകളും ചുമരുകളും ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് തകര്‍ന്നിട്ടുണ്ട്. നിരവധി ചെറിയ വീടുകള്‍ പാടെ തകര്‍ന്നതായും കണ്ടു. പല വീടുകളും പരിശോധിക്കുന്നതിനിടയില്‍ കറുത്ത പുക മേല്‍ക്കൂരയില്‍ നിന്നും കറുത്ത പുക ഉയരുന്നത് കണ്ടു. റോഡ് മുഴുവന്‍ വലിയ കല്ലുകള്‍ കൊണ്ടും വടികളാലും ഇരുമ്പ് കമ്പികളാലും പൊട്ടിയ കുപ്പികളാലും നിറഞ്ഞതായിരുന്നു. പല കുപ്പികളില്‍ നിന്നും മണ്ണെണ്ണ മണക്കുന്നുണ്ടായിരുന്നു.

മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ഫോട്ടോകോപ്പി, പലചരക്ക്, ഇറച്ചി കടകള്‍ മാത്രം കത്തിക്കരിഞ്ഞത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ആശ്ചര്യം തോന്നി. അതേസമയം, സമീപത്തു തന്നെയുള്ള ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള രണ്ടു പലചരക്ക്, തയ്യല്‍ കടകള്‍ യാതൊരു കേടുപാടുമില്ലാതെ അവിടെ നില നില്‍ക്കുന്നുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി റിക്ഷകള്‍, മോട്ടോര്‍ ബൈക്കുകള്‍, സൈക്കിളുകള്‍, ഒരു ചെറിയ ടെംപോ എന്നിവയെല്ലാം പൂര്‍ണമായും തെരുവില്‍ നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു.

തെലിനിപ്പാറ; കോവിഡ് മറവില്‍ ഒരു മുസ്‍ലിം ഗ്രാമം  തകര്‍ത്തെറിഞ്ഞപ്പോള്‍

മുന്‍വാതിലില്‍ 'ഓം' ചിഹ്നമുള്ള, ഒറ്റനോട്ടത്തില്‍ ഒരു ഹിന്ദു കുടുംബത്തിന്‍റെതാണെന്നു തിരിച്ചറിയുന്ന ഒരു വീടിന്‍റെ ഒരുഭാഗം മാത്രം തകര്‍ന്ന നിലയില്‍ കണ്ടെത്തി. കാരണം അന്വേഷിച്ചപ്പോള്‍ പ്രദേശവാസിയായ ഒരാള്‍ പറഞ്ഞു, 'ഈ (ഹിന്ദു) വീടിന് തൊട്ടടുത്തുള്ള മുസ്‍ലിം വീട് സിലിണ്ടര്‍ കത്തിയതിനെ തുടര്‍ന്നാണ് മതിലിന് കേടുപാട് പറ്റിയതെന്ന്'. ഗ്യാസ് സിലിണ്ടര്‍ തകര്‍ത്ത് കൊണ്ടുള്ള ആക്രമണത്തില്‍ നിരവധി മുസ്‍ലീം വീടുകളാണ് പ്രദേശത്ത് തകര്‍ന്നത്.

നാശനഷ്ടങ്ങള്‍ പരിശോധിക്കുകയായിരുന്ന ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ അക്രമം ഒരു സമുദായത്തെ ലക്ഷ്യം വെച്ചിട്ടുള്ളതാണോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു കടയിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞു: 'നോക്കൂ, ആ കടയ്ക്ക് കേടുപാടുകളില്ല. അതില്‍ എഴുതിയ പേര് വായിച്ചുനോക്കൂ. അപ്പോഴറിയാം'. 'ആക്രമണം ആസൂത്രണം ചെയ്തതില്‍ ചില പ്രദേശവാസികളും ഉണ്ടായിരുന്നു. അല്ലാതെയെങ്ങനെ ഓരോ വീടും കൃത്യമായി കണ്ടെത്താനും ടാര്‍ഗറ്റ് ചെയ്യാനും പുറത്തുനിന്നുള്ളവര്‍ക്ക് സാധിക്കും. ഇവിടെ ഉപയോഗിച്ച പെട്രോള്‍ ബോംബുകളുടെ അളവില്‍നിന്നു തന്നെ ആക്രമണകാരികള്‍ എത്ര തയ്യാറെടുപ്പോടെയാണ് എത്തിയതെന്ന് മനസ്സിലാക്കിത്തരുന്നു. മെയ് 12ന് ശേഷം കൂടുതല്‍ അക്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും സ്ഥിതി നിലവില്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും പൊലിസുകാരന്‍ പറഞ്ഞു.

തെലിനിപ്പാറ; കോവിഡ് മറവില്‍ ഒരു മുസ്‍ലിം ഗ്രാമം  തകര്‍ത്തെറിഞ്ഞപ്പോള്‍

മെയ് 12ന് ഉച്ചയോടടുത്ത സമയം തന്‍റെ വീടും കടയും തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഭീകര ദൃശ്യമാണ് മുഹമ്മദ് മുസ്തഫ കാണുന്നത്. കേബിള്‍ ഓപ്പറേറ്ററായ മുസ്തഫ ഒരു ഫോട്ടോകോപ്പി കട നടത്തുന്നുണ്ടായിരുന്നു. ജയ് ശ്രീറാം എന്ന് ഉറക്കെ വിളിച്ച അവരുടെ കൈയ്യില്‍ ഇരുമ്പ് വടികളും കല്ലുകളും പെട്രോള്‍ ബോംബുകളുമുണ്ടായിരുന്നു. അവര്‍ക്ക് ഞങ്ങളെ തകര്‍ക്കണമായിരുന്നു. അവര്‍ എന്‍റെ ഫോട്ടോകോപ്പി സെറോക്സ് മെഷീന്‍ തകര്‍ത്തു. ഞാന്‍ കൈകൂപ്പി അവരോട് അപേക്ഷിച്ചു. അവര്‍ പക്ഷെ കേട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഈ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളല്ലാതെ ഒന്നുമില്ല.'; കണ്ണ് നിറഞ്ഞ് ഇടറിയ ശബ്ദത്തോടെ മുസ്തഫ പറഞ്ഞു.

തെരുവിലെ ഒരു അറ്റത്ത് വിശ്രമിക്കുകയായിരുന്ന മുസ്തഫയുടെ 83 വയസ്സ് പ്രായമുള്ള പിതാവിനെ ഞങ്ങള്‍ കണ്ടു. അദ്ദേഹം തളര്‍ന്നിരുന്നു. സംസാരിക്കാന്‍ സാധിച്ചില്ല. 'കത്തിക്കരിഞ്ഞ ഫോട്ടോകോപ്പി ഷോപ്പിന് പുറമെ, ഞങ്ങള്‍ക്ക് രണ്ട് കടകള്‍ കൂടിയുണ്ട്. അത് രണ്ടും ഹിന്ദുക്കള്‍ക്ക് വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. ആ കടകള്‍ക്ക് ഒന്നും സംഭവിച്ചില്ല. മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് അക്രമമെന്ന് തെളിയിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്ന് മുസ്താക്കിന്‍റെ ഭാര്യ ഷബാന ഖാത്തുന്‍ ചോദിക്കുന്നു

അക്രമണങ്ങള്‍ അടിച്ചമര്‍ത്താന്‍ പൊലീസ് വൈകിയെന്ന് പ്രദേശ വാസികള്‍ പറയുന്നു. അതിനിടയില്‍ വലിയ നഷ്ടം തന്നെ സംഭവിച്ചിരുന്നു. 'മെയ് 12ന് ഉച്ചയ്ക്ക് 12.30-1.00 ഓടെയാണ് അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്. ആയുധധാരികളായ ചിലര്‍ എത്തിയതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. അവര്‍ ഗോണ്ടല്‍പാറ മില്ലിലെ മുസ് ലിം പ്രദേശങ്ങളിലും മുസ് ലിം വീടുകളിലും ബോംബെറിയുന്നതായും അറിഞ്ഞു. ഞാന്‍ 100 നമ്പറില്‍ പൊലീസിനെ വിളിച്ചു. ഭദ്രേശ്വര്‍ പൊലിസിനെ വിളിച്ച് സ്ഥിതിഗതികളെക്കുറിച്ച് അറിയിച്ചു. എന്‍റെ സഹോദരന്‍ അഗ്‌നിശമന സേനയെ വിളിച്ചു. പക്ഷേ, ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷമാണ് പൊലിസെത്തിയത്. അപ്പോഴേക്കും വളരെയധികം നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. കൂടാതെ 10, 12 പൊലിസുകാര്‍ മാത്രമാണ് ആദ്യം വന്നത്. അക്രമികള്‍ പൊലിസിനെ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. അതിനിടയില്‍ കൂടുതല്‍ പൊലിസുകാര്‍ എത്തുമ്പോഴെക്കും വൈകീട്ട് 4 മണിയായിരുന്നു, നാശനഷ്ടങ്ങള്‍ അധികമായിരുന്നു'; പ്രദേശവാസിയായ മുഹമ്മദ് അന്‍സാരി പറഞ്ഞു.

മെയ് 10 ഞായറാഴ്ച വൈകീട്ടാണ് പ്രശ്‌നം ആരംഭിച്ചതെന്ന് വിരമിച്ച ചണമില്‍ തൊഴിലാളിയായ ഷംസുദ്ദീന്‍ പറഞ്ഞു. തെലിനിപാറ ഘട്ടിനടുത്ത് ഒരു പൊതു ടോയ്‌ലറ്റ് ഉപയോഗത്തെ ചൊല്ലിയുള്ള നിസാര പ്രശ്‌നമാണ് ഒരു പ്രദേശത്തെയാകെ ഇല്ലാതാക്കിയ വര്‍ഗീയ കലാപത്തിലേക്കെത്തിച്ചത്. മുസ്‍ലിം പ്രദേശത്തെ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന പ്രചരണം നടന്നതായി ഷംസുദ്ദീന്‍റെ അയല്‍വാസി രാജ്കുമാര്‍ റോയ് പറഞ്ഞു. വൈറസ് പടരുമെന്ന് ഭയന്ന് ഹിന്ദു സമുദായത്തിലെ ചിലര്‍ പൊതു ടോയ്‌ലറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് മുസ്‌ലിംകളെ തടഞ്ഞു. ഇത് ചെറിയ പ്രശ്നത്തിലേക്ക് നയിച്ചു. ഞായറാഴ്ച വൈകീട്ടുണ്ടായ സംഭവം പൊലിസ് ഇടപെട്ട രാത്രി തന്നെ പരിഹരിച്ചു. തിങ്കളാഴ്ച അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ലെന്ന് പ്രദേശവാസിയായ ദിനേശ് ഷാ പറഞ്ഞു. കൊറോണ വൈറസ് പ്രശ്‌നം കാരണം അടുത്ത ദിവസം ഒരു കലാപമുണ്ടാവുമെന്ന് അപ്പോള്‍ ആരും കരുതിയിരുന്നില്ലെന്നും ഷാ പറഞ്ഞു.

അക്രമ ദിവസം, ഗോണ്ടല്‍പാറയിലെ മുസ്‍ലിം പ്രദേശത്തേക്ക് ആയുധമായെത്തി സംഘത്തെ താന്‍ തടയാന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ അതിക്രൂരമായി തന്നെ മര്‍ദ്ദിച്ചെന്നും ഷംസുദ്ദീന്‍ പറഞ്ഞു. അതേസമയം, പാല്‍ വില്‍ക്കുന്ന ഹിന്ദു സഹോദരന്മാര്‍ അവരെ തടയാന്‍ ശ്രമിച്ചു. അവര്‍ ഞങ്ങളെ വളരെയധികം സഹായിച്ചു. അല്ലെങ്കില്‍, കാര്യങ്ങള്‍ ഇതിലും കൂടുതല്‍ കഠിനമാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഗോണ്ടല്‍പാറയില്‍ നിന്ന് ഭദ്രേശ്വര്‍ മുനിസിപ്പാലിറ്റിയുടെ ഒമ്പതാം വാര്‍ഡിന്‍റെ ഭാഗമായ ഫെറി ഘട്ട് തെരുവിലേക്കാണു പോയത്. പോകുന്ന മധ്യേ ഓവുചാലില്‍ ഗ്യാസ് സിലിണ്ടറുകളും ഒരു മോട്ടോര്‍ സൈക്കിളും കിടക്കുന്നത് കണ്ടു. കഴിഞ്ഞ 11 മണിക്കൂറായി ജോലിയിലുള്ള സമീപത്തെ രണ്ട് എസ്‌.ഐ.ആര്‍.ബി ഉദ്യോഗസ്ഥരുമായി സംസാരിച്ചു. അതില്‍ ഒരാള്‍ പറഞ്ഞു, 'നിങ്ങള്‍ സംഭവ സ്ഥലം സന്ദര്‍ശിക്കൂ. ആരുടെ സ്വത്തുവകകളാണ് തകര്‍ത്തതെന്ന് നിങ്ങള്‍ക്ക് കാണാനാവും. റോഡ് നിറയെ പൂര്‍ണമായും ചില്ലുകളാണ്. നിരവധി പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ചതിന്‍റെ തെളിവാണിത്. ഒരു കുപ്പിയിലെ ദ്രാവകത്തിന്‍റെ നിറംമാറ്റം ആസിഡും അക്രമണത്തിന് ഉപയോഗിച്ചതായി മനസ്സിലായി'; അദ്ദേഹം പറഞ്ഞു.

'ഞങ്ങളുടെ പക്കല്‍ ലാത്തികളും മാരകമല്ലാത്ത ചില ആയുധങ്ങളും മാത്രമേയുള്ളൂ. വടികളും മറ്റു സ്വയം രക്ഷാ ഉപകരണങ്ങളുമായെത്തുന്ന 500-600 പേരടങ്ങുന്ന ജനക്കൂട്ടത്തെ ഞങ്ങള്‍ക്ക് എങ്ങനെയാണ് ഇത് വെച്ച് നിയന്ത്രിക്കാനാവുക?'- അടുത്ത പൊലിസുകാരന്‍ ചോദിച്ചു.

തെലിനിപാറയുടെ ഉള്‍പ്രദേശങ്ങളിലേക്ക് ഞങ്ങള്‍ മുന്നോട്ട് പോയി. പോകുന്ന വശങ്ങളിലെല്ലാം ആക്രമണങ്ങളുടെ പാടുകള്‍ അവശേഷിച്ചു. ചെറിയ വീടുകളിലെ മനുഷ്യരെല്ലാം മരണത്തെ പേടിച്ചാണ് ജീവിക്കുന്നത്.

ഇരുസമുദായങ്ങള്‍ക്കിടയില്‍ മുമ്പും നിരവധി തവണ ചെറിയ സംഘട്ടനങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇത്തവണ അത് വന്‍ ആക്രമണമായി മാറിയെന്നും പ്രദേശവാസി ബിസ്വന്ത് സിക്ദര്‍ സാക്ഷ്യപ്പെടുത്തുന്നു.

തെലിനിപ്പാറ; കോവിഡ് മറവില്‍ ഒരു മുസ്‍ലിം ഗ്രാമം  തകര്‍ത്തെറിഞ്ഞപ്പോള്‍

'നദിയും കടന്ന് അവരവിടെയെത്തി'

'വന്‍തോതിലാണ് അക്രമികളെത്തിയത്. വളരെയധികം വെടിമരുന്ന് ഉപയോഗിച്ചതിനാല്‍ ഞങ്ങള്‍ക്ക് അവയെ പ്രതിരോധിക്കാന്‍ പോലും കഴിഞ്ഞില്ല'; തീപ്പിടിച്ച വീടുകള്‍ ചൂണ്ടിക്കാട്ടി തെലിനിപ്പാറ പ്രദേശവാസിയായ എം.ഡി സലീം പറഞ്ഞു. അത് അഞ്ച് വീടുകളുടെ ഒരു കൂട്ടമായിരുന്നു. ഒറ്റ മതിലുകളില്‍ പങ്കിടുന്നവ. ഈ വീടിന് തീയിട്ടു. അതിനകത്ത് ഒരു സിലിണ്ടര്‍ ഉണ്ടായിരുന്നു. ഞാന്‍ അകത്തേക്കോടി സിലിണ്ടര്‍ പുറത്തെടുത്ത് മണലില്‍ മൂടി. കുറച്ച് മിനിറ്റ് കൂടി ഞാന്‍ വൈകിയിരുന്നെങ്കില്‍ അഞ്ച് വീടുകളും കത്തിയമര്‍ന്നേനെയെന്നും സലീം ഓര്‍ത്തെടുത്തു. അക്രമബാധിത പ്രദേശത്തിന് ചുറ്റും മൂന്നുഭാഗവും കരയും ഒരുഭാഗം പുഴയുമാണ്.

അക്രമം നടന്ന പ്രദേശത്തിന്‍റെ ഒരു ഭാഗം ഹൂഗ്ലി നദിയാണ്. എതിര്‍വശത്ത് ബറക്പൂര്‍ ജില്ലക്കകത്തുള്ള ജഗത്ദാല്‍ ആണ്. ബരാക്പൂര്‍ ലോക്‌സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് ജഗത്ദാല്‍. ഇവിടുത്തെ പ്രാദേശിക എം.പി ബി.ജെ.പിക്കാരനായ അര്‍ജുന്‍ സിംഗാണ്. അര്‍ജുന്‍ സിംഗിന്‍റെ അനുയായികള്‍ ചെറിയ ബോട്ടുകളില്‍ ഗോണ്ടല്‍പ്പാറ ഭാഗത്ത് നിന്നും തെലിനിപ്പാറയില്‍ വരികയായിരുന്നു.

ഫെറി ഘട്ട് സ്ട്രീറ്റിലെ പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ എം.ഡി നിഹാലിന്‍റെ വീടും നശിപ്പിക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനാല്‍ ചുമരുകളിലൊന്നില്‍ വലിയ വിള്ളല്‍ വീണിട്ടുണ്ട്. നിഹാലിന്‍റെ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. സമീപ പ്രദേശമായ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള ബസിര്‍ഹത്ത് പൊലിസ് സ്‌റ്റേഷനിലാണ് നിഹാലിന് ഡ്യൂട്ടിയെന്നതിനാല്‍ കുടുംബത്തോടൊപ്പം അവിടേക്ക് താമസം മാറിയതായും പ്രദേശവാസികള്‍ പറഞ്ഞു.

ഇതിനെല്ലാം അടുത്ത് തന്നെ, ഗോണ്ടല്‍പാറ ചണ മില്‍ തൊഴിലാളിയായിരുന്ന 50 കാരനായ സുല്‍ഫിക്കര്‍ അന്‍സാരിയുടെ വീടും കത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പിതാവിന്‍റെ മുകളിലെ വീടിനും ഗുരുതരമായി അക്രമണത്തില്‍ തകര്‍ച്ച സംഭവിച്ചിട്ടുണ്ട്. തൊട്ടടുത്ത് പ്രാദേശിക കൗണ്‍സിലറുടെ വീടായിട്ട് കൂടി ആക്രമണം നടക്കുമ്പോള്‍ ആരും ഇടപെട്ടില്ലെന്ന് അന്‍സാരി പറഞ്ഞു. ' അവര്‍ പ്രായമായ പിതാവിനെ മര്‍ദ്ദിച്ചു. ഞാന്‍ കൈകൂപ്പി അപേക്ഷിച്ചെങ്കിലും അവര്‍ എന്നെ ശ്രദ്ധിച്ചില്ല. അവരെന്‍റെ പശുവിനെയും കൊണ്ടുപോയി. ജോലി നഷ്ടപ്പെട്ട ശേഷം തന്‍റെ ആകെയുള്ള വരുമാനമായിരുന്നു അതെന്നും അന്‍സാരി പറഞ്ഞു.

അയല്‍വാസികള്‍ ആക്രമിക്കപ്പെടുമ്പോള്‍ എന്തുകൊണ്ടാണ് അവരെ സഹായിക്കാതിരുന്നതെന്നു വാര്‍ഡ് കൗണ്‍സിലര്‍ ചിത്ര ചൗധരിയോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി വിചിത്രമായിരുന്നു. 'ആ സമയം എന്‍റെ മകന്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാന്‍ എന്നെയാണോ എന്‍റെ മകനെയാണോ രക്ഷിക്കേണ്ടത്. അതോ മറ്റുള്ളവരെ രക്ഷിക്കാന്‍ പോകണോ?. ഇരുവിഭാഗങ്ങള്‍ ബോംബെറിയുമ്പോള്‍ ഞാന്‍ അതിനിടയില്‍ നില്‍ക്കണമെന്നാണോ നിങ്ങള്‍ പറയുന്നതെന്ന്'; ചിത്ര ചൗധരി ചോദിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായ ചൗധരിയും ഭര്‍ത്താവുമാണ് 25 വര്‍ഷത്തിലേറെയായി ഇവിടെ കൗണ്‍സിലര്‍മാര്‍.

തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ടതല്ലേയെന്ന ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെയായിരുന്നു.' എനിക്ക് അത്തരത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ, പിന്നെ എന്തിന് ഞാന്‍ ഇരകളെ കാണണം'.

സംഘര്‍ഷത്തിന് ശേഷം ഒരു രാഷ്ട്രീയക്കാരന്‍ പോലും അവരെ സന്ദര്‍ശിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്ഥലം എം.എല്‍.എയും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അംഗവുമായ ഇന്ദ്രനില്‍ സെന്‍ വല്ലപ്പോഴുമേ തെലിനിപ്പാറ സ്ഥിതി ചെയ്യുന്ന മണ്ഡലം സന്ദര്‍ശിക്കുവെന്നും നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ ദ വയര്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

'മെയ് 10, ഞായറാഴ്ചയിലെ സംഭവം പെട്ടെന്നായിരുന്നു. എന്നാല്‍ മെയ്12, ചൊവ്വാഴ്ചയിലെ ആക്രമണം ആസൂത്രിതമായിരുന്നു. 24 മണിക്കൂറിനുള്ളില്‍ 91 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. അടുത്ത ദിവസം 35 ഓളം പേരെ അറസ്റ്റ് ചെയ്‌തതായും ചന്ദനഗര്‍ പൊലിസ് കമ്മീഷണര്‍ ഹുമയൂണ്‍ കബീര്‍ ദ വയറി-നോട് പറഞ്ഞു

തെലിനിപ്പാറ; കോവിഡ് മറവില്‍ ഒരു മുസ്‍ലിം ഗ്രാമം  തകര്‍ത്തെറിഞ്ഞപ്പോള്‍

വ്യാജ ഇരവാദവും ആസൂത്രണവും

ബി.ജെ.പിയുടെ ഹൂഗ്ലീ എം.പി ലോക്കറ്റ് ചാറ്റര്‍ജിയെ ദ വയര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണിന് മറുപടി നല്‍‍കിയില്ല. അതെ സമയം ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി പശ്ചിമ ബംഗാള്‍ നിരീക്ഷകനുമായ കൈലാഷ് വിജയ്‍വര്‍ഗീയ മെയ് 12ന് ട്വിറ്ററില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അതില്‍ അദ്ദേഹം സ്ഥാപിക്കുന്നത് ഇങ്ങനെയാണ്:

'ഹിന്ദു വീടുകള്‍ അഗ്നിക്കിരയാക്കി. എനിക്ക് ഒരുപാട് സാധാരണ നാട്ടുകാരാണ് വിഷമങ്ങള്‍ പങ്കുവെച്ച് വിളിക്കുന്നത്. ഇതൊരു ഏകപക്ഷീയ യുദ്ധമാണ്.സംസ്ഥാന ഭരണകൂടം കാഴ്ച്ചക്കാരായി നില്‍ക്കുകയാണ്. തെലിനിപ്പാറ കത്തുകയാണ്'; സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി വിജയ്‍വര്‍ഗീയ പറഞ്ഞു.

നിരവധി വ്യാജ വാര്‍ത്തകളാണ് തെലിനിപ്പാറയിലെ ഹിന്ദുക്കള്‍ അപകടത്തിലാണ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബംഗാളിലെ ഏറ്റവും പ്രചാരമുള്ള പത്രമായ ആനന്ദബസാര്‍ പത്രികക്ക് കീഴിലുള്ള വാര്‍ത്താ വെബ്സൈറ്റ് തെലിനിപ്പാറ സംഭവത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും ഇത് പിന്നീട്എടുത്തുകളഞ്ഞതായും ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ വയറിന് കടപാട്