LiveTV

Live

National

യു.പിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലെ വീഴ്ചകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെതിരെ എഫ്.ഐ.ആർ

നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.പിയിലെ മാധ്യമപ്രവർത്തക സംഘടന നിവേദനം നൽകിയെങ്കിലും എഫ്.ഐ.ആർ തയ്യാറാക്കിയതിനാൽ കേസ് ഒഴിവാക്കാനാവില്ല എന്നാണ് പൊലീസ് നിലപാട്.

യു.പിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലെ വീഴ്ചകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെതിരെ എഫ്.ഐ.ആർ

കോവിഡ് ക്വാറന്റൈൻ കേന്ദ്രത്തിലെ വീഴ്ചകളും പോരായ്മകളും റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെതിരെ നിയമനടപടി സ്വീകരിച്ച് ഉത്തർപ്രദേശ് പൊലീസ്. സിതാപൂർ ജില്ലയിലെ മഹോലി തെഹ്‌സിലിലുള്ള ക്വാറന്റൈൻ കേന്ദ്രം സംബന്ധിച്ചുള്ള റിപ്പോർട്ടിന്റെ പേരിലാണ് ടുഡേ 24 ന്യൂസ് പോർട്ടലിലെ മാധ്യമപ്രവർത്തകൻ രവീന്ദ്ര സക്‌സേനക്കെതിരെ പൊലീസ് എഫ്.ഐ.ആർ തയ്യാറാക്കിയത്. ഈ കേന്ദ്രത്തിൽ വിതരണം ചെയ്യുന്ന ചോറ് പഴകിയതാണെന്ന് ഒരു അന്തേവാസി പരാതിപ്പെടുന്ന വീഡിയോ റിപ്പോർട്ട് സക്‌സേന തയ്യാറാക്കിയിരുന്നു.

സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനെ കാണാൻ പോയപ്പോഴാണ് പഴകിയ ചോറുമായി പരാതി പറയാൻ വന്ന ഒരാളെ കണ്ടതെന്നും ഇയാളുമായി സംസാരിച്ചപ്പോഴാണ് ക്വാറന്റൈൻ സെന്ററിലെ പ്രശ്‌നങ്ങൾ അറിഞ്ഞതെന്നും സക്‌സേന പറയുന്നു. ഇതിനുശേഷം ക്വാറന്റൈൻ സെന്റർ സന്ദർശിക്കുകയും അവിടുത്തെ അവസ്ഥകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

തനിക്കെതിരെ കേസെടുത്തത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ് പ്രകാരമെന്ന് മാധ്യമപ്രവര്‍ത്തകന്‍ രവീന്ദ്ര സക്സേന

പട്ടിക ജാതി, പട്ടിക വർഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനെതിരായ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരമാണ് ഇതെന്നും സക്‌സേന പറഞ്ഞു.

സക്‌സേനക്കെതിരായ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.പിയിലെ മാധ്യമപ്രവർത്തക സംഘടന നിവേദനം നൽകിയെങ്കിലും എഫ്.ഐ.ആർ തയ്യാറാക്കിയതിനാൽ കേസ് ഒഴിവാക്കാനാവില്ല എന്നാണ് പൊലീസ് നിലപാട്. മാധ്യമപ്രവർത്തകരുടെ പ്രവർത്തനം അധികൃതരെ പ്രകോപിപ്പിച്ചതാണ് നിയമനടപടിക്ക് കാരണമായതെന്ന് യു.പി ജേണലിസ്റ്റ് അസോസിയേഷൻ പ്രസിഡണ്ട് മഹേന്ദ്ര അഗർവാൾ പറഞ്ഞു.