LiveTV

Live

National

തെരുവില്‍ നിന്നും തട്ടിയെടുത്ത ഒന്നര വയസുകാരന് കോവിഡ്, 22 പേര്‍ ക്വാറന്റെയ്‌നില്‍

കുട്ടിയുടെ മാതാവും തട്ടിക്കൊണ്ടുപോയ ആളുടെ കുടുംബാംഗങ്ങളും പൊലീസുകാരും രണ്ട് മാധ്യപ്രവര്‍ത്തകരും അടക്കമുള്ളവരാണ് ക്വാറന്റെയ്‌നില്‍ കഴിയേണ്ടത്...

തെരുവില്‍ നിന്നും തട്ടിയെടുത്ത ഒന്നര വയസുകാരന് കോവിഡ്, 22 പേര്‍ ക്വാറന്റെയ്‌നില്‍

ഹൈദരാബാദില്‍ തെരുവില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ഒന്നര വയസ് പ്രായമുള്ള കുഞ്ഞിന് കോവിഡ്. അമ്മയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദ് പൊലീസ് കുഞ്ഞിനെ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ കുഞ്ഞിന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഇതോടെ കുഞ്ഞുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്ന പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും അടക്കം 22 പേര്‍ക്ക് ക്വാന്റെയ്ന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

ബുധനാഴ്ച്ചയാണ് ഹൈദരാബാദില്‍ തെരുവില്‍ ജീവിക്കുന്ന 22കാരി തന്റെ മകനെ കാണാനില്ലെന്ന് പൊലീസില്‍ പരാതിപ്പെടുന്നത്. ഒന്നര വയസുകാരനായ കുഞ്ഞിനെ താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആരോ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. സമീപത്തെ സി.സി.ടി.വി പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ 27കാരനായ ഇബ്രാഹിം എന്നയാളാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തി.

ആണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹത്തിലാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് പിന്നീട് ഇബ്രാഹിം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. രോഗങ്ങളും മറ്റും വന്ന് ഇയാളുടെ ആണ്‍കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. പഴങ്ങള്‍ കാണിച്ച് ഒന്നരവയസുള്ള കുട്ടിയെ ആകര്‍ഷിച്ചശേഷം ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

കുട്ടിയുടെ മാതാവ് ലഹരിക്കടിമയാണെന്ന് കണ്ടെത്തിയതോടെ പൊലീസ് കുഞ്ഞിനെ ശിശുക്ഷേമ വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ കോവിഡ് പരിശോധനിലാണ് കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാവും തട്ടിക്കൊണ്ടുപോയ ആളുടെ കുടുംബാംഗങ്ങളും പൊലീസുകാരും രണ്ട് മാധ്യപ്രവര്‍ത്തകരും അടക്കമുള്ളവരാണ് ക്വാറന്റെയ്‌നില്‍ കഴിയേണ്ടത്.