LiveTV

Live

National

'മരണകിടക്കയിലെ മകനെ കാണണം'; സോഷ്യല്‍ മീഡിയയെ കണ്ണീരിലാഴ്ത്തിയ ആ ഫോട്ടോക്ക് പിന്നിലെ കഥ ഇങ്ങനെ...

'മരണകിടക്കയിലെ മകനെ കാണണം'; സോഷ്യല്‍ മീഡിയയെ കണ്ണീരിലാഴ്ത്തിയ ആ ഫോട്ടോക്ക് പിന്നിലെ കഥ ഇങ്ങനെ...

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ചിത്രങ്ങളിലൊന്നായിരുന്നു പി.ടി.ഐ ഫോട്ടോഗ്രാഫര്‍ അതുല്‍ യാദവ് പകര്‍ത്തിയ വിതുമ്പികൊണ്ട് ഫോണ്‍ ചെയ്യുന്ന അതിഥി തൊഴിലാളിയുടേത്. ആ മനുഷ്യന്‍റെ ആ നിമിഷത്തിലെ സങ്കടങ്ങളെല്ലാം തന്നെ കാഴ്ച്ചക്കാരിലേക്ക് പകര്‍ത്തിയ ചിത്രം കാണുന്നവരുടെ നെഞ്ചില്‍ നോവ് തീര്‍ക്കുന്നതാണ്. ഫോട്ടോ വൈറലായതോടെ ആ ഫോട്ടോക്ക് പിന്നിലെ യഥാര്‍ത്ഥ കഥ തുറന്നു പറഞ്ഞിരിക്കുകയാണ് ഫോട്ടോഗ്രാഫറായ അതുല്‍ യാദവ്. തന്‍റെ ഫോട്ടോ കാരണം അദ്ദേഹത്തെ സ്വന്തം നാടായ ബിഹാറില്‍ എത്തിക്കാനായെന്നും അതുല്‍ സന്തോഷത്തോടെ പറയുന്നു.

ഡല്‍ഹിയിലെ റോഡരികില്‍ വെച്ചാണ് രാമ്പുകാര്‍ പണ്ഡിറ്റിനെ അതുല്‍ യാദവ് കാണുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിഥി തൊഴിലാളികളുടെ പലായനത്തിന്‍റെ നിരവധി ചിത്രങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെങ്കിലും ഇത് തന്നെ പിടിച്ചുകുലുക്കുന്നതായിരുന്നുവെന്ന് അതുല്‍ ഓര്‍ത്തെടുക്കുന്നു. നിസാമുദ്ദീന്‍ പാലത്തിന് മുകളില്‍ ഫോണില്‍ നിയന്ത്രിക്കാനാവാതെ വിതുമ്പി സംസാരിക്കുകയായിരുന്നു രാമ്പുകാര്‍. ഈ ദൃശ്യം കണ്ടയുടനെ ക്യാമറയില്‍ പകര്‍ത്തുകയും പിന്നീട് അദ്ദേഹത്തിന്‍റെ ആ കരച്ചിലിന് പിന്നിലെ കാരണം അന്വേഷിക്കുകയും ചെയ്തതായി അതുല്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ മകന്‍ സുഖമില്ലാത്ത അവസ്ഥയിലാണെന്നും മരണം പ്രതീക്ഷിച്ചിരിക്കുകയാണെന്നും പെട്ടെന്ന് തന്നെ വീട്ടിലെത്തണമായിരുന്നെന്നുമായിരുന്നു രാമ്പുകാറിന്‍റെ ആവശ്യം.

'അദ്ദേഹത്തോട് വീട് എവിടെയെന്ന് ചോദിച്ച തന്നോട് 'അവിടെ' എന്ന് പറഞ്ഞ് യമുന വരെ നീണ്ട് കിടക്കുന്ന റോ‍‍ഡ് കാണിച്ചുതന്നു. പിന്നെയും കുറെ കഴിഞ്ഞാണ് എനിക്ക് മനസ്സിലായത് അദ്ദേഹത്തിന്‍റെ വീട് ബിഹാറിലെ ബെഗുസരായിയിലെ ബരൈപൂരിലാണെന്ന്. ഏകദേശം 1200 കിലോമീറ്റര്‍ ദൂരമുണ്ട് അങ്ങോട്ട്'; അതുല്‍ യാദവ് ഓര്‍ത്തെടുത്തു.

നജഫ്ഗര്‍ഹില്‍ ജോലിക്കാരനായ രാമ്പുകാര്‍ വാഹനങ്ങളൊന്നും കിട്ടാതായതോടെയാണ് മറ്റു പലായനക്കാരോടൊപ്പം വീട്ടിലേക്ക് നടക്കാന്‍ ശ്രമിക്കുന്നത്. ഇങ്ങനെ നടന്നുവരവെ നിസാമുദ്ദീന്‍ പാലത്തിന് മുകളില്‍ വെച്ച് ഡല്‍ഹി പൊലീസ് തടഞ്ഞു. തുടര്‍ന്നങ്ങോട്ട് പോകാന്‍ പൊലീസ് അനുവദിക്കാതായതോടെ മൂന്ന് ദിവസമായി അവിടെ കാത്തിരിക്കുകയായിരുന്നുവെന്ന് അതുല്‍ യാദവ് പറയുന്നു. തളര്‍ന്ന് ക്ഷീണിച്ച അദ്ദേഹത്തിന് ബിസ്കറ്റും വെള്ളവും നല്‍കി. പക്ഷെ മകനെ കാണാന്‍കഴിയുമെന്ന് പ്രതീക്ഷയില്ലാത്ത അച്ഛനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് ചോദിക്കുകയാണ് അതുല്‍ യാദവ്. അദ്ദേഹത്ത ആത്മാര്‍ത്ഥമായി തന്നെ അവിടുന്ന് രക്ഷിക്കണമെന്ന് തോന്നിയതിനാല്‍ പൊലീസിനെ കണ്ട് അപ്പുറം കടക്കാന്‍ അഭ്യര്‍ത്ഥിച്ചു. മാധ്യമപ്രവര്‍ത്തകന്‍റെ ആവശ്യം പൊലീസ് കേള്‍ക്കുകയും അദ്ദേഹത്തിന് അപ്പുറം കടക്കാനാവുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ച അതുല്‍ ഫോട്ടോ പി.ടി.ഐക്ക് അയക്കുകയും ഫോട്ടോ വൈറലാവുകയും ചെയ്തു. അതിന് ശേഷമാണ് പിന്നീട് അദ്ദേഹത്തിന് എന്ത് സംഭവിച്ചുവെന്ന് മറ്റു മാധ്യമങ്ങള്‍ വഴി അറിഞ്ഞതെന്ന് അതുല്‍ പറയുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട മകന്‍ യാത്രയായ സങ്കടകരമായ വാര്‍ത്ത അറിഞ്ഞു, അത് ഹൃദയത്തെ തകര്‍ക്കുന്നതായിരുന്നുവെന്ന് അതുല്‍ പങ്കുവെക്കുന്നു.