LiveTV

Live

National

വിദ്യാര്‍ഥി വേട്ട തുടരുന്നു; ജാമിഅ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ പൊലീസ് കസ്റ്റഡിയില്‍

വിദ്യാര്‍ഥി വേട്ട തുടരുന്നു; ജാമിഅ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ പൊലീസ് കസ്റ്റഡിയില്‍

രാജ്യ തലസ്ഥാനത്ത് വിദ്യാര്‍ഥി വേട്ട തുടരുന്നു. ഡല്‍ഹി ജാമിഅ മില്ലിയ സർവകലാശാലയിലെ മറ്റൊരു വിദ്യാർഥിയെ കൂടി ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസിഫ് തൻഹ ഇഖ്ബാലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകീട്ട് 8 മണിയോടെയാണ് എസ്.ഐ.ഒ പ്രവർത്തകനായ ആസിഫിനെ ഡൽഹി കലാപക്കേസ് അന്വേഷിക്കുന്ന സ്പെഷൽ സെൽ ചോദ്യം ചെയ്യാനെന്ന പേരിൽ കസ്റ്റഡിയിലെടുത്തത്.

ജാമിഅ വിദ്യാർഥികളായ സഫൂറ സർഗാറിനെയും മീരാൻ ഹൈദറിനെയും പൊലീസ് നേരത്തെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. നാല് മാസം ഗര്‍ഭിണിയായ സഫൂറ സര്‍ഗാറനെ യു.എ.പി.എ ചുമത്തി ജയിലിലടച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സഫൂറക്കെതിരായ മനുഷ്യാവകാശ ലംഘനത്തിനെതിരെ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഇന്ത്യ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടിയിലാണ് ഡല്‍ഹി പൊലീസ് വിദ്യാര്‍ഥി വേട്ട തുടര്‍ന്നു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ഡല്‍ഹി കലാപകേസില്‍ ഉള്‍പ്പെടുത്തി സഫൂറ സര്‍ഗാറിനെ ഡല്‍ഹി പൊലീസ് ജയിലിലടച്ചത്. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പൗരത്വ പ്രക്ഷോഭങ്ങളില്‍ ജാമിഅ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ മീഡിയ കോര്‍ഡിനേറ്ററായിരുന്നു സഫൂറ നിലവില്‍ തിഹാര്‍ ജയിലില്‍ ഏകാന്ത തടവിലാണ്.