LiveTV

Live

National

ബിഹാറിലെ ക്വാറന്റെയ്ന്‍ കേന്ദ്രത്തില്‍ വെള്ളത്തിനായി തമ്മില്‍ തല്ല്

ബിഹാറിലെ സര്‍ക്കാര്‍ ക്വാറന്റെയ്ന്‍ കേന്ദ്രങ്ങള്‍ വൃത്തിഹീനമാണെന്നും കൃത്യമായി ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും പരാതി നേരത്തെ ഉയര്‍ന്നിരുന്നു...

ബിഹാറിലെ ക്വാറന്റെയ്ന്‍ കേന്ദ്രത്തില്‍ വെള്ളത്തിനായി തമ്മില്‍ തല്ല്

ബിഹാറിലെ ക്വാറന്റെയ്ന്‍ കേന്ദ്രത്തില്‍ 150 ഓളം പേര്‍ വെള്ളത്തിനായി തമ്മില്‍ തല്ലുന്ന വീഡിയോ പുറത്ത്. പട്‌നയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള പുല്‍ഹാരയിലെ ഒരു സ്‌കൂളിലാണ് സംഭവം. ഈ സ്‌കൂള്‍ സര്‍ക്കാര്‍ താല്‍ക്കാലിക ക്വാറന്റെയ്ന്‍ കേന്ദ്രമാക്കി മാറ്റിയിരുന്നു.

ആറ് മിനുറ്റ് ദൈര്‍ഘ്യമുള്ള മൊബൈലില്‍ ചിത്രീകരിച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്വാറന്റെയ്ന്‍ കേന്ദ്രത്തിലേക്ക് ടാങ്കറില്‍ വെള്ളമെത്തിക്കുമ്പോഴാണ് സംഘര്‍ഷം ആരംഭിക്കുന്നത്. ബക്കറ്റുമായി കൂടിനില്‍ക്കുന്ന പുരുഷന്മാര്‍ തമ്മില്‍ തല്ലുന്നത് വീഡിയോയിലുണ്ട്.

ഇതുവരെ ആയിരത്തിലേറെ കൊറോണ കേസുകളാണ് രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ ബിഹാറില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ തൊഴിലാളികളെ ക്വാറന്റെയ്‌നില്‍ പാര്‍പ്പിക്കുന്നതും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്. ഇതുവരെ 3.5 ലക്ഷം തൊഴിലാളികളെയാണ് ക്വാറന്റെയ്‌നിലാക്കിയതെന്നാണ് ഔദ്യോഗിക കണക്ക്.

അതേസമയം സര്‍ക്കാര്‍ ക്വാറന്റെയ്ന്‍ കേന്ദ്രങ്ങള്‍ വൃത്തിഹീനമാണെന്നും കൃത്യമായി ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ബീഹാറിലെ ഒരു ക്വാറന്റെയ്ന്‍ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട് 70കാരന്‍ 17 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടന്നെത്തിയതും വാര്‍ത്തയായിരുന്നു. ഭക്ഷണമോ വൃത്തിയുള്ള ശുചിമുറികളോ ഇല്ലാത്തതുകൊണ്ടാണ് ക്വാറന്റെയ്ന്‍ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നാണ് ഇയാളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തത്.