LiveTV

Live

National

കോവിഡ് 19: തമിഴ്നാട്ടില്‍ മൂന്ന് പേര്‍ കൂടി മരിച്ചു

തമിഴ്നാട്ടില്‍ ഇന്നലെ 477 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

കോവിഡ് 19: തമിഴ്നാട്ടില്‍ മൂന്ന് പേര്‍ കൂടി മരിച്ചു

കോവിഡ് ബാധിച്ച് തമിഴ്നാട്ടില്‍ ഇന്നലെ മൂന്ന് പേര്‍ കൂടി മരിച്ചു. മരണസംഖ്യ 74 ആയി. ആന്ധ്ര പ്രദേശിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതോടെ നാല് സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 193 ആയി.

തമിഴ്നാട്ടില്‍ ഇന്നലെ 477 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 10585 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തിയവരാണ്. ഇന്നലെ മാത്രം 939 പേര്‍ ആശുപത്രി വിട്ടത് ആശ്വാസമാണ്. കൂടാതെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അഞ്ഞൂറില്‍ താഴെയാണ് രോഗികളുടെ എണ്ണം. ചെന്നൈ ഉള്‍പ്പെടെ 12 ജില്ലകളാണ് റെഡ് സോണില്‍ ഉള്ളത്. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ എത്തിയ എല്ലാവരുടെയും സാംപിളുകള്‍ എടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കര്‍ അറിയിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍, 50 ശതമാനം ജീവനക്കാരുമായി നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും.

ആന്ധ്രാപ്രദേശില്‍ ഇന്നലെ ഒരാള്‍ കൂടി മരിച്ചു. സംസ്ഥാനത്തെ മരണസംഖ്യ 49 ആയി. 48 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം 2355 ആയി. കര്‍ണാടകയില്‍ ഇന്നലെ 36 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. രോഗബാധിതര്‍ 1092 ആയി. 36 ആണ് സംസ്ഥാനത്തെ മരണസംഖ്യ. ബംഗളൂരു നഗരത്തിലെ ശിവാജി നഗറില്‍ രോഗം വ്യാപിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 55 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ തെലങ്കാനയിലെ രോഗബാധിതരുടെ എണ്ണം 1509 ആയി. 971 പേര്‍ ആശുപത്രി വിട്ടു. പുതുച്ചേരിയില്‍ 16 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.