എങ്ങിനെയെങ്കിലും വീട്ടിലെത്തിയാല്‍ മതി; യമുന നദിയും കടന്ന് കുടിയേറ്റ തൊഴിലാളികള്‍
ഉത്തര്‍പ്രദേശിലും ബിഹാറിലുമുള്ള തങ്ങളുടെ വീട്ടിലെത്താന്‍ നൂറു കണക്കിന് തൊഴിലാളികളാണ് ഇത്തരത്തില്‍ യമുന നദി കടന്നത്
ജോലിയും കയ്യില്‍ പണവുമില്ലാതാകുമ്പോള് എങ്ങിനെയെങ്കിലും സ്വന്തം നാട്ടിലെത്തിയാല്‍ മതിയെന്ന ചിന്തയാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികള്‍ക്ക്. അതിന് വേണ്ടി എന്ത് സാഹസവും അവര്‍ ചെയ്യും. അന്യനാട്ടില്‍ പട്ടിണി കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ സ്വദേശത്ത് എത്താന്‍ ഹരിയാനയിലെ കുടിയേറ്റ തൊഴിലാളികള്‍ യമുനാ നദി കടക്കുകയാണ് ചെയ്തത്. കുട്ടികളെയും തോളിലേന്തി ബാഗും തലയില്‍ ചുമന്ന് മുട്ടൊപ്പം വെള്ളത്തിലൂടെ യമുന നദി കടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ഉത്തര്‍പ്രദേശിലും ബിഹാറിലുമുള്ള തങ്ങളുടെ വീട്ടിലെത്താന്‍ നൂറു കണക്കിന് തൊഴിലാളികളാണ് ഇത്തരത്തില്‍ യമുന നദി കടന്നത്. ''ഞങ്ങളുടെ മുന്നില്‍ വേറെ വഴിയൊന്നുമില്ല. ഞങ്ങളെന്ത് ചെയ്യാനാണ്. ജോലിയും ഭക്ഷണവുമില്ല'' ബിഹാറില്‍ നിന്നുള്ള ഒരു അതിഥി തൊഴിലാളി പറയുന്നു. ടയര്‍ ട്യൂബിന്റെ സഹായത്തോടെ യമുന കടക്കാനുള്ള തയ്യാറെടുപ്പില്‍ നദീതീരത്ത് കാത്തിരിക്കുകയാണ് ഇദ്ദേഹം.
കുടിയേറ്റക്കാരിൽ ചിലർ യമുനാനഗർ ജില്ലയിൽ നിന്ന് നദിയിലൂടെ വ്യാഴാഴ്ച രാത്രി ഉത്തർപ്രദേശിലെ ഷാംലിയിലെ കൈരാന പട്ടണത്തിലെത്തിയപ്പോൾ മറ്റുള്ളവർ കർണാൽ ജില്ലയിൽ നിന്ന് ബിഹാറിലെ വീടുകളിലേക്ക് ഉത്തർപ്രദേശ് വഴി യാത്ര ആരംഭിച്ചു.ലോക്ഡൌണിനെ തുടര്‍ന്ന് ജില്ലാ അതിര്‍ത്തികളും സംസ്ഥാന അതിര്‍ത്തികളും അടച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ വീട്ടിലെത്താന്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാര്‍ച്ച് 25ന് ആദ്യഘട്ട ലോക്ഡൌണ് പ്രഖ്യാപിച്ചപ്പോള്‍ വിവിധ ഇടങ്ങളില്‍ പെട്ടുപോയിരിക്കുകയാണ് കുടിയേറ്റ തൊഴിലാളികള്‍. രാജ്യം നാലാം ഘട്ട ലോക്ഡൌണിലേക്ക് പ്രവേശിക്കുമ്പോഴും പല തൊഴിലാളികള്‍ക്കും ഇപ്പോഴും സ്വന്തം നാട് ഒരു സ്വപ്നമായി അവശേഷിക്കുകയാണ്.