'ദയനീയം, കണ്ണീരടക്കാനാവുന്നില്ല...' തൊഴിലാളികളുടെ ദുരിതത്തില്‍ ഇടപെട്ട് മദ്രാസ് ഹൈകോടതി
ദിവസങ്ങളെടുത്ത് സ്വന്തം നാടുകളിലേക്ക് കാല്‍നടയായി പോകുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ദയനീയമായ കാഴ്ച്ചയാണ്. തൊഴിലാളികള്‍ക്ക് വേണ്ട അവശ്യ സേവനങ്ങള്‍ ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരുകള്‍ക്കുണ്ട്...

അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ നിലവിലെ അവസ്ഥ അത്യന്തം വേദനാജനകമാണെന്ന് മദ്രാസ് ഹൈകോടതി. തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരുകള്‍ക്ക് കടുത്ത ഭാഷയില്‍ കോടതി താക്കീത് നല്‍കുകയും ചെയ്തു. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രതിസന്ധി നേരിടാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളുടെ സംസ്ഥാന തലത്തിലുള്ള വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തോട് ഹൈകോടതി തേടിയിട്ടുണ്ട്.
ദിവസങ്ങളെടുത്ത് കാല്‍നടയായി സ്വന്തം നാടുകളിലേക്ക് മടങ്ങി പോകുന്ന തൊഴിലാളികള്‍ ദയനീയമായ കാഴ്ച്ചയാണ്. ഇതിനിടെ അപകടത്തില്‍ പെട്ടും മറ്റും പല തൊഴിലാളികള്‍ക്കും ജീവന് നഷ്ടമാകുന്നു. ഈ തൊഴിലാളികള്‍ക്ക് വേണ്ട അവശ്യ സേവനങ്ങള്‍ ഉറപ്പുവരുത്താനുള്ള ബാധ്യത ഓരോ സംസ്ഥാനങ്ങളിലെ സര്ക്കാരുകള്ക്കുമുണ്ടെന്ന് ജസ്റ്റിസ് എന്‍ കിരുബകരനും ജസ്റ്റിസ് ആര് ഹേമലതയും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ആഴ്ച്ചയില്‍ 16 അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ട്രെയിന്‍ കയറി മരിച്ച ദാരുണമായ സംഭവത്തേയും കോടതി പരാമര്‍ശിച്ചു. കോടതി ഇടപെടലിന് പിന്നാലെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ ക്യാമ്പുകളില്‍ കഴിയണമെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു. ഇതുവരെ ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് 53000ത്തോളം തൊഴിലാളികള്‍ തിരിച്ചുപൊയെന്നും പളനിസ്വാമി അറിയിച്ചു.
കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് നടന്നുപോകാന്‍ അനുവദിക്കരുതെന്ന് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രത്യേക ട്രെയിനുകളില്‍ ഇവരെ മടക്കി അയയ്ക്കണമെന്ന് കാണിച്ചാണ് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തു നല്‍കിയത്.
കുടിയേറ്റ തൊഴിലാളികള്‍ വീട്ടിലേക്ക് നടന്നുപോകുന്നത് തടയാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞതിന് പിന്നാലെയായിരുന്നു കേന്ദ്ര നടപടി. ലോക്ക്ഡൗണിനെ തുടര്‍ന്ന് നടന്ന് പോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് കാണിച്ചാണ് സുപ്രീംകോടതിയില്‍ ഹരജി വന്നത്. എന്നാല്‍, വിഷയത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി ഹരജി തള്ളുകയായിരുന്നു.