LiveTV

Live

National

വന്ദേ ഭാരത് ദൗത്യത്തില്‍ ആദ്യ വിമാനത്തില്‍ വന്നിറങ്ങിയവരെ ഞെട്ടിച്ച് 87,000 രൂപയുടെ ഹോട്ടല്‍ ബില്ല്

സാധാരണ ഹോട്ടല്‍ ആവശ്യപ്പെട്ടവരെയും പഞ്ച നക്ഷത്ര ഹോട്ടലുകളിലേക്ക് അധികാരികള്‍ അവസാന നിമിഷം മാറ്റിയെന്ന പരാതിയുണ്ട്...

വന്ദേ ഭാരത് ദൗത്യത്തില്‍ ആദ്യ വിമാനത്തില്‍ വന്നിറങ്ങിയവരെ ഞെട്ടിച്ച് 87,000 രൂപയുടെ ഹോട്ടല്‍ ബില്ല്

കോവിഡിനെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ വന്ദേ ഭാരത് ദൗത്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് 326 യാത്രക്കാരെ എത്തിച്ചതായിരുന്നു ആദ്യ എയര്‍ ഇന്ത്യയുടെ വന്ദേ ഭാരത് ദൗത്യം. രാജ്യത്തേക്ക് തിരിച്ചെത്തിയവര്‍ക്ക് 14 ദിവസത്തെ ക്വാറന്റെയ്‌നാണ് നിര്‍ദേശിച്ചിരുന്നത്. ക്വാറന്റെയ്ന്‍ കാലയളവില്‍ ഹോട്ടല്‍ ബില്ല് കണ്ടാണ് വിദേശത്തു നിന്നെത്തിയ ഇന്ത്യക്കാര്‍ ഇപ്പോള്‍ ഞെട്ടിയിരിക്കുന്നത്.

മുംബൈയില്‍ ആദ്യ വന്ദേ ഭാരത് ദൗത്യത്തില്‍ എത്തിയ 50 പേരെയാണ് പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയിരുന്നത്. ഇവര്‍ ഓരോരുത്തരും 87,000 രൂപ വീതം ബില്‍ അടക്കേണ്ടി വരും. തങ്ങളുടെ ഇഷ്ടത്തിനല്ല ഈ പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയതെന്ന് യാത്രക്കാരിലൊരാള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രമേഹരോഗിയായ ഇയാള്‍ മറ്റൊരു സാധാരണ ഹോട്ടലാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അവസാന നിമിഷം അധികാരികള്‍ താനടക്കമുള്ള 50 പേരെ ഇങ്ങോട്ടേക്ക് മാറ്റിയെന്നാണ് ഇയാള്‍ പറയുന്നത്.

വന്ദേ ഭാരത് മിഷൻ രാജ്യത്ത് ഇതുവരെ മടങ്ങിയെത്തിയത് 8503 പ്രവാസികൾ
Also Read

വന്ദേ ഭാരത് മിഷൻ രാജ്യത്ത് ഇതുവരെ മടങ്ങിയെത്തിയത് 8503 പ്രവാസികൾ

ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് വിമാനടിക്കറ്റിന് മാത്രം ഒരാള്‍ക്ക് 49660 രൂപ ചിലവാകും. ഇതടക്കം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ തനിക്കും ഭാര്യക്കുമായി രണ്ട് ലക്ഷം രൂപ ചിലവായെന്നും എന്തിനാണ് അനാവശ്യ ചിലവുകള്‍ തങ്ങള്‍ വഹിക്കേണ്ടി വരുന്നതെന്നുമാണ് യാത്രക്കാരനായ 60കാരനായ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ചോദ്യം.

ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ(ബി.എം.സി) തീരുമാനപ്രകാരം വിദേശത്തു നിന്നുവരുന്നവര്‍ക്ക് നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റെയ്ന്‍ വേണം. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. ഏത് ഹോട്ടുലുകളില്‍ തങ്ങണമെന്ന് യാത്രക്കാര്‍ക്ക് തീരുമാനിക്കാമെന്ന് പറയുന്നുണ്ടെങ്കിലും ആദ്യ ദൗത്യത്തില്‍ വന്നവര്‍ക്ക് ഈ സാവകാശം ലഭിച്ചില്ലെന്നതാണ് ഉയരുന്ന ആരോപണം.

യാത്രക്കാരില്‍ മറ്റൊരാളായ കിഡ്‌നി രോഗമുള്ള 46കാരന്‍ വീടിന് അടുത്തുള്ള ഹോട്ടലിലാണ് ക്വാറന്റെയ്‌നില്‍ കഴിയുന്നത്. ഹൃദ്രോഗികളായ മാതാപിതാക്കളെ ശുശ്രൂഷിക്കുകയെന്ന ലക്ഷ്യത്തിലെത്തിയ ഇയാള്‍ക്ക് ഇതുവരെ അവരോട് ഫോണില്‍ മാത്രമാണ് സംസാരിക്കാനായത്. ഇതുവരെ തനിക്ക് 63000 രൂപ ഐസോലേഷന്റെ പേരില്‍ ചിലവായെന്നും ഇയാള്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ പാളിച്ചകളുണ്ടായെങ്കിലും പിന്നീട് വിദേശത്തു നിന്നെത്തുന്നവരുടെ പരാതികള്‍ പരിഹരിക്കാനായിട്ടുണ്ടെന്നാണ് ബി.എം.സി അഡിഷണല്‍ മുന്‍സിപ്പല്‍ കമ്മീഷണര്‍ അറിയിക്കുന്നത്. നഗരത്തില്‍ മാത്രം പത്തോളം പഞ്ച നക്ഷത്ര ഹോട്ടലുകള്‍ തിരിച്ചെത്തുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇതില്‍ പ്രതിദിനം ഭക്ഷണവും മറ്റു സൗകര്യവും അടക്കം 4000 രൂപയാണ് ചിലവ് വരുന്നതെന്നും അദ്ദേഹം പറയുന്നു.