LiveTV

Live

National

പോലീസുകാരനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി; ഭര്‍ത്താവിനെ കണ്ടെത്താനായി കൊടുങ്കാട്ടിലൂടെ ഭാര്യ നടന്നത് നാല് ദിവസം

മെയ് നാലിന് വൈകീട്ട് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് സന്തോഷ് മാവോവാദികളുടെ പിടിയിലാവുന്നത്.

പോലീസുകാരനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി; ഭര്‍ത്താവിനെ കണ്ടെത്താനായി കൊടുങ്കാട്ടിലൂടെ ഭാര്യ നടന്നത് നാല് ദിവസം

മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ തന്റെ ഭര്‍ത്താവിനെ കണ്ടെത്താനായി കൊടുങ്കാട്ടിലൂടെ ഭാര്യ നടന്നത് നാല് ദിവസം. ഛത്തീസ്‍ഗഢിലാണ് സംഭവം. പോലീസുകാരനാണ് യുവതിയുടെ ഭര്‍ത്താവ്.

ഛത്തീസ്‍ഗഢിലെ സുനിത കറ്റമെന്ന യുവതിയാണ് ഭര്‍ത്താവ് സന്തോഷിന്റെ ജീവന് വേണ്ടി ഇത്തരമൊരു സാഹസത്തിനൊരുങ്ങിയത്. മെയ് ആദ്യ ആഴ്ചയിലാണ് ബിജാപൂരിലെ ഭോപാല്‍പറ്റ്നം പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സന്തോഷിനെ ഗൊറോണ ഗ്രാമത്തില്‍ വെച്ച് മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്.

മെയ് നാലിന് വൈകീട്ട് വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് സന്തോഷ് മാവോവാദികളുടെ പിടിയിലാവുന്നത്. സാധാരണ ജോലി സംബന്ധമായ ആവശ്യങ്ങളിലായിരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ സന്തോഷ് തിരിച്ചെത്താതിരിക്കാറുണ്ട് എന്നതിനാല്‍ സുനിത ആദ്യം അത് അത്ര കാര്യമാക്കിയില്ല.

മാവോവാദികളാണ് ഇതിന് പിന്നിലെന്ന് ഉറപ്പായതോടെ സുനിത പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ആ ഭാഗങ്ങളിലുള്ള തന്റെ ബന്ധുക്കളുമായും സുനിത് ബന്ധപ്പെട്ടു. കൂടുതല്‍ ഒന്നും ഇക്കാര്യത്തില്‍ ചിന്തിക്കാനില്ലായിരുന്നു. എന്റെ ഭര്‍ത്താവിനെ രക്ഷിച്ചെടുക്കാന്‍ എന്ത് ബുദ്ധിമുട്ട് അനുഭവിക്കാനും ഞാന്‍ തയ്യാറായിരുന്നുവെന്ന് പറയുന്നു സുനിത.

പോലീസുകാരനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി; ഭര്‍ത്താവിനെ കണ്ടെത്താനായി കൊടുങ്കാട്ടിലൂടെ ഭാര്യ നടന്നത് നാല് ദിവസം

ജഗര്‍ഗുണ്ടയെന്ന മാവോയിസ്റ്റ് സ്വാധീനപ്രദേശം സുനിതയ്ക്ക് അപരിചിതമായിരുന്നില്ല. മെയ് 6 ന് തന്നെ സുനിത തന്റെ 14 വയസ്സുള്ള മകളെയും കൂട്ടി ഭര്‍ത്താവിനെ കണ്ടെത്താനായി കാടുകയറാന്‍ തീരുമാനിക്കുകയായിരുന്നു. വിവരമറിഞ്ഞ ചില പ്രാദേശിക മാധ്യമപ്രവര്‍ത്തകരെയും ഏതാനും നാട്ടുകാരും അവരെ അനുഗമിക്കുകയും ചെയ്തു. തന്റെ ഇളയ രണ്ട് കുഞ്ഞുങ്ങളെ വീട്ടിലാക്കിയാണ് സുനിത മൂത്ത മകളെയും കൂട്ടി വീട് വിട്ടിറങ്ങിയത്.

ബൈക്കിലും കാല്‍നടയായും കാട്ടിലൂടെ സഞ്ചരിച്ച് മെയ് 10 ന് ഇവര്‍ മാവോവാദികള്‍ക്കരികിലെത്തി. മാവോവാദികളുമായുള്ള സുനിതയുടെ അനുനയസംഭാഷണം ഫലം കണ്ടു. പിറ്റേദിവസം മാവോവാദികള്‍ ജന്‍-അദാലത്ത് നടത്തി സന്തോഷിനെ വിട്ടു കൊടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആറു ദിവസത്തിന് ശേഷം സുനിത തന്റെ ഭര്‍ത്താവിനെ കണ്ടു. എന്നാല്‍ പോലീസില്‍ തുടര്‍ന്നാല്‍ ഇനിയും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന താക്കീതും നല്‍കിയാണ് മാവോവാദികള്‍ സന്തോഷിനെ വിട്ടയക്കാന്‍ തയ്യാറായത്.

ഭര്‍ത്താവിനെ രക്ഷിക്കുന്നതിനായി ഒരു സ്ത്രീ ഏതറ്റം വരെയും പോകുമെന്നായിരുന്നു മാവോവാദികളെ തേടിയുള്ള കാട് കയറിയ യാത്രയെ കുറിച്ച് ചോദിച്ചപ്പോള്‍ സുനിതയുടെ പ്രതികരണം. മെയ് 11 ന് ബിജാപുരില്‍ തിരിച്ചെത്തിച്ച സന്തോഷിന് മെഡിക്കല്‍ പരിശോധനകള്‍ നടത്തി.