LiveTV

Live

National

വിമാനമിറങ്ങുന്നവരെ കൊള്ളയടിക്കാന്‍ യു.പി, ടാക്‌സിക്ക് മിനിമം ചാര്‍ജ്ജ് 10,000 രൂപ

ലോക്ഡൗണിന് മുമ്പ് ഡല്‍ഹിയില്‍ നിന്നും നോയിഡയിലേക്ക് 800 രൂപയാണ് ഈടാക്കിയിരുന്നത്. ഇതാണ് ഒറ്റയടിക്ക് 12 ഇരട്ടിയിലേറെ വര്‍ധിപ്പിച്ചിരിക്കുന്നത്...

വിമാനമിറങ്ങുന്നവരെ കൊള്ളയടിക്കാന്‍ യു.പി, ടാക്‌സിക്ക് മിനിമം ചാര്‍ജ്ജ് 10,000 രൂപ

വിദേശത്തു നിന്നും ഡല്‍ഹിയില്‍ വിമാനമിറങ്ങുന്നവര്‍ക്ക് ക്വാറന്റെയ്‌ന് ശേഷം ഉത്തര്‍പ്രദേശിലേക്ക് വരണമെങ്കില്‍ ടാക്‌സി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇത് പ്രയോജനപ്പെടുത്തി ടാക്‌സിയില്‍ വീട്ടിലെത്തുന്നവരുടെ പോക്കറ്റ് അതിന് മുമ്പേ കാലിയാകുമെന്ന് മാത്രം. 250കിലോമീറ്ററിനുള്ളില്‍ സാധാരണ ടാക്‌സിക്ക് 10,000 രൂപയാണ് ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഈടാക്കുന്നത്.

ഇനി ആര്‍ക്കെങ്കിലും എസ്.യു.വി ടാക്‌സി ബുക്ക് ചെയ്യണമെങ്കില്‍ കുറഞ്ഞത് 12000 രൂപയാണ് ചിലവാകുക. 250 കിലോമീറ്ററിലും കൂടുതലായാല്‍ അധിക ചാര്‍ജ്ജ് ഈടാക്കുമെന്നും പറയുന്നുണ്ട്. ഓരോ അധിക കിലോമീറ്ററിനും 50 രൂപയാണ് എസ്.യു.വിക്ക് ഈടാക്കുക. സാധാ ടാക്‌സിക്ക് അധികകിലോമീറ്ററിന് 40 രൂപവീതമാണ് ഈടാക്കുക. ഡ്രൈവറെ കൂടാതെ ഒരു ടാക്‌സിയില്‍ പരമാവധി രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍ അനുമതിയുള്ളത്.

യു.പി.എസ്.ആര്‍.ടി.സി എം.ഡി രാജ് ശേഖര്‍ മെയ് ഒമ്പതിനാണ് വന്ദേ ഭാരത് ദൗത്യത്തില്‍ വന്നിറങ്ങുന്നവരെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നോയിഡ, ഗാസിയാബാദ് തുടങ്ങിയ പ്രദേശങ്ങളിലെ റീജിണല്‍ മാനേജര്‍മാര്‍ക്ക് അയച്ചത്. നിലവില്‍ ഡല്‍ഹിയിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവരെ 14 ദിവസത്തെ ക്വാറന്റെയ്‌നിലേക്കാണ് മാറ്റുക. ഇതിന് ശേഷം നാടുകളിലേക്ക് പോകാനുള്ള യാത്രാ സൗകര്യങ്ങളിലാണ് അധിക നിരക്ക്

ടാക്‌സിയില്‍ വരാന്‍ പണം തികയാത്തവര്‍ക്ക് ബസ് സേവനങ്ങളേയും ഉപയോഗിക്കാം. എ.സി ബസുകളില്‍ 100 കിലോമീറ്റര്‍ വരെ 1320 രൂപയും സാധാ ബസുകളില്‍ 1000 രൂപയുമാണ് നിരക്ക്. യാത്രാദൂരം 101കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെയായാല്‍ യാത്രാ നിരക്കും ഇരട്ടിയാകും. സാമൂഹ്യ അകലം പാലിക്കേണ്ടതിനാല്‍ ബസുകളില്‍ പരമാവധി 26 പേരെയാകും കയറ്റുക.

ലോക്ഡൗണിന് മുമ്പ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും നോയ്ഡയിലേക്ക് 800 രൂപയാണ് ഈടാക്കിയിരുന്നത്. ഇതാണ് ഒറ്റയടിക്ക് 10000 രൂപയാക്കി ഉയര്‍ത്തിയത്. കോവിഡിനേയും ലോക്ഡൗണിനേയും തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങളെ കൊള്ളയടിക്കുന്ന തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യം ഫെഡറേഷന്‍ ഓഫ് നോയ്ഡ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഡല്‍ഹിയില്‍ നിന്നും 40-50 കിലോമീറ്റര്‍ മാത്രം ദൂരമുള്ള നോയിഡ, ഗാസിയാബാദ് പോലുള്ള നഗരങ്ങളിലേക്ക് പോലും ഇത്ര വലിയ മിനിമം ചാര്‍ജ്ജ് ഈടാക്കരുതെന്നാണ് ഇവരുടെ ആവശ്യം.