LiveTV

Live

National

കോവിഡ്: അഭിഭാഷകര്‍ ഇനി വെള്ളയില്‍ വരണം

റോബുകളും ഗൗണുകളും കൊറോണ വൈറസ് വ്യാപനത്തിന് കാരണമായേക്കാമെന്ന വിദഗ്‌ധോപദേശം ലഭിച്ചതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കോവിഡ്: അഭിഭാഷകര്‍ ഇനി വെള്ളയില്‍ വരണം

കോവിഡ് വ്യാപന സാധ്യത തടയുന്നതിനായി അഭിഭാഷകരുടെ വേഷത്തില്‍ മാറ്റം വരുത്തി സുപ്രീം കോടതി. വിര്‍ച്വല്‍ കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകരുടെ വേഷം ഇനി വെളുത്ത ഷര്‍ട്ടോ, വെള്ള നിറത്തിലുള്ള സല്‍വാര്‍ - കമീസോ, വെള്ള സാരിയോ ആയിരിക്കണമെന്നും കഴുത്തില്‍ വെള്ളനിറമുള്ള ബാന്‍ഡ് അണിയണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സുപ്രീംകോടതി സെക്രട്ടറി ജനറൽ സഞ്ജീവ് എസ് കൽഗോങ്കർ പുറത്തിറക്കി.

ജഡ്ജിമാരുടെ റോബുകളും (സ്ഥാനവസ്ത്രം) അഭിഭാഷകരുടെ ഗൗണുകളും കൊറോണ വ്യാപനത്തിന് കാരണമായേക്കുമെന്ന ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പിനു പിന്നാലെയാണ് തീരുമാനം. നിലവിലെ സാഹചര്യം അവസാനിക്കുകയോ അടുത്ത അറിയിപ്പ് ഉണ്ടാവുകയോ ചെയ്യുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് ഉത്തരവില്‍ പറയുന്നു.

വാട്ട്‌സാപ്പിന്റെ പണമിടപാട് സേവനം സംബന്ധിച്ചുള്ള കേസിൽ വീഡിയോ കോൺഫറൻസിംഗ് വഴി വാദംകേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയും ജസ്റ്റിസുമാരായ ഇന്ദുമൽഹോത്ര, ഹൃഷികേഷ് റോയ് എന്നിവരും എന്തുകൊണ്ടാണ് സ്ഥാനവസ്ത്രം അഥവാ റോബുകൾ ധരിക്കാത്തതെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അന്വേഷിച്ചിരുന്നു. ഇതിനുമറുപടിയായി, റോബുകളും ഗൗണുകളും കൊറോണ വൈറസ് വ്യാപനത്തിന് കാരണമായേക്കാമെന്ന വിദഗ്‌ധോപദേശം ലഭിച്ചതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കോടതി നടപടികളിൽ പങ്കെടുക്കുമ്പോൾ ഏതെല്ലാം ജഡ്ജിമാരും അഭിഭാഷകരും ഡ്രസ്‌കോഡ് പാലിക്കേണ്ടതില്ലെന്ന കാര്യത്തിൽ ഉടൻ നിർദേശം പുറപ്പെടുവിക്കുമെന്നും ബോബ്‌ഡെ വാദംകേള്‍ക്കലിനിടെ വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ തുടർന്ന് കേസുകളിൽ സിംഹഭാഗവും വീഡിയോ കോൺഫറൻസിംഗ് വഴിയാണ് വാദംകേൾക്കുകയെന്ന് സുപ്രീംകോടതി നേരത്തെ തീരുമാനിച്ചിരുന്നു. സ്വന്തം വീടുകളില്‍ വെച്ചല്ല, സുപീംകോടതിയിലെ കോടതിമുറികളിൽ വെച്ചാണ് വാദം കേൾക്കേണ്ടതെന്നും ജഡ്ജിമാർക്ക് നിർദേശം ലഭിച്ചു. ഇതിനുപിന്നാലെയാണ് വസ്ത്രരീതിയിലും മാറ്റം വരുത്തുന്നത്.