LiveTV

Live

National

മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്ക് നടക്കുന്നതിനിടെ യുവതി വഴിയില്‍ പ്രസവിച്ചു, 2 മണിക്കൂര്‍ വിശ്രമിച്ച ശേഷം 150 കിലോമീറ്റർ കൂടി നടന്നു

മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്ക് നടക്കുന്നതിനിടെ യുവതി വഴിയില്‍ പ്രസവിച്ചു, 2 മണിക്കൂര്‍ വിശ്രമിച്ച ശേഷം 150 കിലോമീറ്റർ കൂടി നടന്നു

ലോക്ക്ഡൗണിനിടെ മഹാരാഷ്ട്രയിൽ നിന്ന് മധ്യപ്രദേശിലേക്ക് നടക്കുകയായിരുന്ന ഗർഭിണിയായ അതിഥി തൊഴിലാളി വഴിയിൽ പ്രസവിച്ചു. പ്രസവശേഷം 2 മണിക്കൂർ വിശ്രമിച്ച അവർ 150 കിലോമീറ്റർ കൂടി നടന്നു.

മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നാണ് ഗർഭിണിയായ സ്ത്രീയും ഭർത്താവും മധ്യപ്രദേശിലെ സത്‌നയിലുള്ള വീട്ടിലേക്ക് നടന്നതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസവം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ വിശ്രമിച്ച് 150 കിലോമീറ്റര്‍ കൂടി നടന്നപ്പോള്‍ സംസ്ഥാനത്തിന്‍റെ അതിര്‍ത്തിയില്‍ വെച്ച് അവര്‍ക്ക് ബസ് ലഭിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് സത്ന ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ എ.കെ റേ പറഞ്ഞു.

നേരത്തെ തെലങ്കാനയിൽ നിന്ന് ഛത്തിസ്ഗഡിലെ വീട്ടിലേക്ക് നടക്കുമ്പോൾ മറ്റൊരു ഗർഭിണിയായ അതിഥി തൊഴിലാളിയും വഴിയില്‍ കുഞ്ഞിനെ പ്രസവിക്കുകയുണ്ടായി. അതിഥി തൊഴിലാളികള്‍ക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍ തുടങ്ങിയെങ്കിലും എല്ലാവര്‍ക്കും പോകാന്‍ കഴിയുന്നില്ല. മറ്റ് വഴിയില്ലാതെ ദിവസങ്ങളായി പലരും നടക്കുകയാണ്. ചിലർ അപകടകരമാംവിധം ട്രക്കുകളില്‍ കയറിപ്പറ്റി തിങ്ങിഞെരുങ്ങിയാണ് വീട്ടിലെത്തുന്നത്.

റെയില്‍വെ പാളത്തിലൂടെ നടന്ന് തളര്‍ന്ന് വിശ്രമിക്കുന്നതിനിടെ മഹാരാഷ്ട്രയില്‍ വെച്ച് ഗുഡ്സ് ട്രെയിന്‍ പാഞ്ഞുകയറി 15 തൊഴിലാളികള്‍ മരിച്ചതും ഈ ലോക്ഡൌണ്‍ കാലത്താണ്. അവര്‍ മധ്യപ്രദേശിലെ വീട്ടിലേക്ക് റെയില്‍പാളത്തിലൂടെ നടക്കുകയായിരുന്നു.