LiveTV

Live

National

അതിഥിതൊഴിലാളികളുടെ ദുരിതം പരിഹരിക്കുന്നതിൽ പ്രധാനമന്ത്രി പരാജയം, രാജ്യം നിരാശയിലെന്ന് കോണ്‍ഗ്രസ്

അതിഥിതൊഴിലാളികളുടെ ദുരിതം പരിഹരിക്കുന്നതിൽ പ്രധാനമന്ത്രി പരാജയം, രാജ്യം നിരാശയിലെന്ന് കോണ്‍ഗ്രസ്

ദശലക്ഷക്കണക്കിന് അതിഥിതൊഴിലാളികളുടെ ദുരിതം പരിഹരിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയമെന്ന് കോൺഗ്രസ്. ഇക്കാര്യത്തില്‍ രാജ്യം നിരാശയിലാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകുന്ന അതിഥി തൊഴിലാളികളുടെ അവസ്ഥ ഹൃദയഭേദകമാണ്. അവര്‍ക്ക് അനുകമ്പയും കരുതലും ആവശ്യമാണ്. സുരക്ഷിതമായി അവരെ എത്തിക്കണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു.

പ്രിയ പ്രധാനമന്ത്രി, താങ്കള്‍ ഇന്ന് പറഞ്ഞത് രാജ്യത്തിനും മാധ്യമങ്ങൾക്കും ഒരു തലക്കെട്ട് നൽകുന്നു. 'ശൂന്യമായ പേജ്' സഹായം കൊണ്ട് നിറയുമ്പോൾ രാജ്യവും കോൺഗ്രസ് പാർട്ടിയും പ്രതികരിക്കും എന്നാണ് സുര്‍ജേവാല പറഞ്ഞത്.

പ്രധാനമന്ത്രിയുടെ പ്രസംഗം ഒറ്റവാക്കിൽ സംഗ്രഹിച്ചാല്‍ ഹെഡ്‌ലൈൻ ഹണ്ടിംഗ് മാത്രമാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. 20 ലക്ഷം കോടിയെന്ന നമ്പര്‍ മാത്രം. വിശദാംശങ്ങളൊന്നുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്തു. വിശദാംശങ്ങൾ പുറത്തുവരുമ്പോൾ ഏതെല്ലാം മേഖലകൾക്ക് എങ്ങനെ പ്രയോജനം ലഭിക്കുമെന്ന് അറിയാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എല്ലാവർക്കും 15 ലക്ഷം രൂപ നൽകുമെന്നും ഗംഗാ നദി വൃത്തിയാക്കുമെന്നും 100 ദിവസത്തിനുള്ളിൽ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും വാഗ്ദാനം ചെയ്തപോലയാവില്ല ഇതെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് ജെയ്‌വീർ ഷെർഗിൽ പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. വിശദാംശങ്ങള്‍ ധനമന്ത്രി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൌണിന്‍റെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ മെയ് 18ന് മുമ്പ് വിശദീകരിക്കാമെന്നും മോദി വ്യക്തമാക്കി.