LiveTV

Live

National

കോവിഡിന്റെ മറവില്‍ മയക്കുമരുന്ന് കടത്തിന് സാധ്യതയെന്ന് സി.ബി.ഐ മുന്നറിയിപ്പ്

ഇന്റര്‍പോള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സി.ബി.ഐ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി...

കോവിഡിന്റെ മറവില്‍ മയക്കുമരുന്ന് കടത്തിന് സാധ്യതയെന്ന് സി.ബി.ഐ മുന്നറിയിപ്പ്

കോവിഡിന്റെ മറവില്‍ വ്യാപകമായി മയക്കുമരുന്ന് കടത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഏജന്‍സി സി.ബി.ഐയുടെ മുന്നറിയിപ്പ്. ഇത് സൂചിപ്പിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സി.ബി.ഐ കത്തയച്ചു. ഇന്റര്‍പോളില്‍ നിന്നും ലഭിച്ച വിവരമാണ് സി.ബി.ഐ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്.

കോവിഡ് 19നുമായി ബന്ധപ്പെട്ടുള്ള മരുന്നുകളും ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന്റെ മറവില്‍ മയക്കുമരുന്നുകളും കടത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റര്‍പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനിടെ ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്നുകള്‍ മരുന്നുകള്‍ക്കൊപ്പം ഇറക്കുമതി ചെയ്തതിന് ഒരാളെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തിട്ടുണ്ട്.

ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക്; റഷ്യയില്‍ സ്ഥിതി സങ്കീര്‍ണ്ണം
Also Read

ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക്; റഷ്യയില്‍ സ്ഥിതി സങ്കീര്‍ണ്ണം

ഡല്‍ഹി ഇന്ദര്‍പുരിയിലെ എല്‍ ദിഗ്രയെയാണ് അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത മരുന്നുകള്‍ക്കൊപ്പം മയക്കുമരുന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റു ചെയ്തത്. അഞ്ച് പാഴ്‌സലുകളാണ് ഇയാള്‍ക്ക് ലഭിച്ചത്. ഇതില്‍ ഗുളികകള്‍ക്കൊപ്പം ഒളിപ്പിച്ചുവെച്ച 880 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

നിര്‍മ്മാണ സാമഗ്രികളുടെ കച്ചവടക്കാരനായിരുന്ന ഇയാള്‍ സുഹൃത്തുക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് റഷ്യന്‍ ബന്ധം വഴിയാണ് മയക്കുമരുന്ന് കടത്തിയത്. ഇയാളെ എന്‍.ഡി.പി.എസ് നിയമപ്രകാരമാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലും കഞ്ചാവ് ഉള്‍പടെയുള്ള പല മയക്കുമരുന്നുകളും നിയമവിധേയമാണ്. ഇത്തരം പ്രദേശങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്നുകള്‍ ഇറക്കുമതി ചെയ്യുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യാഗസ്ഥര്‍ പറയുന്നത്.