LiveTV

Live

National

രാജ്യം സമ്പൂര്‍ണ്ണ ലോക്ക്ഡൌണിലായിട്ട് 50 നാള്‍

മൂന്നാം ഘട്ടം ഇന്നു വരെ എത്തി നിൽക്കുമ്പോൾ അനുദിനം രോഗം സ്ഥിരീകരിക്കുന്നവർ 3000 മുകളിലാണ്. ദിനംപ്രതിയുള്ള മരണം നൂറിനടുത്തെത്തി.

രാജ്യം സമ്പൂര്‍ണ്ണ ലോക്ക്ഡൌണിലായിട്ട് 50 നാള്‍

രാജ്യം സമ്പൂർണ്ണ അടച്ചുപൂട്ടലിലേക്ക് കടന്നിട്ട് ഇന്നേക്ക് അമ്പതാം നാൾ. അടച്ചുപൂട്ടൽ കൊണ്ട് കോവിഡ് പോരാട്ടത്തിന് രാജ്യത്തെ സജ്ജമാക്കാനും വ്യാപനം കുറയ്ക്കാനുമായി എന്നാണ് സർക്കാർ വാദം. എന്നാൽ രാജ്യത്തെ കോവിഡ് കണക്കുകൾ ഈ വാദത്തിന് വിപരീതമാണ്. മാർച്ച് 22 ന് ജനത കർഫ്യുവായിട്ടായിരുന്നു തുടക്കം. രാജ്യത്തെ പാകപ്പെടുത്താനും സാഹചര്യം പരിശോധിക്കാനുമുള്ള ആദ്യപടി. അന്ന് രാജ്യത്തെ കോവിഡ് ബാധിതർ 510 ഉം മരണം 10 ഉം. പിന്നാലെ മാർച്ച് 24ന് ലോക്ക്ഡൌണ്‍ പ്രഖ്യാപനവുമായി പ്രധാനമന്ത്രി എത്തി.

സമ്പർക്ക അകലം പാലിക്കാനും മാസ്ക് ധരിക്കാനും ശുചിത്വം പാലിക്കാനും ജനം പഠിച്ചു. അടച്ചുപൂട്ടൽ ഫലപ്രദമെന്ന് സർക്കാർ വിലയിരുത്തി. പക്ഷെ ഏപ്രിൽ 14ന് അടച്ചുപൂട്ടൽ അവസാനിക്കുമ്പോൾ രാജ്യത്തെ കോവിഡ് കേസുകൾ 11439 ലും മരണം 377 ലും എത്തി. തൊട്ടുപിന്നാലെ 19 ദിവസം നീണ്ട രണ്ടാംഘട്ട അടച്ചുപൂട്ടൽ പ്രഖ്യാപനമെത്തി. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 3 ദിവസത്തിൽ നിന്ന് 12 ദിവസത്തിലേക്ക് എത്തിക്കാനായി എന്ന് ആരോഗ്യ മന്ത്രാലയം ആത്മവിശ്വാസത്തോടെ ആവർത്തിച്ചു.സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനങ്ങൾ ഞെരുങ്ങി.

രണ്ടാംഘട്ടം അവസാനിക്കുമ്പോൾ രോഗബാധിതർ 39980 ഉം മരണം 1301 ആയി. രോഗം ശക്തമായി തുടരുമ്പോഴും സാമ്പത്തിക ചക്രം ചലിപ്പിക്കാൻ ഇളവുകളോടെ 14 ദിവസത്തെ മൂന്നാംഘട്ട അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. ജില്ലകൾക്ക് മൂന്നു നിറങ്ങൾ നൽകി തരംതിരിച്ചു. അപകട മേഖലയായ ചുവപ്പ് സോണിൽ ഓറഞ്ച്, പച്ച സോണുകൾക്ക് സമാനമായി വ്യവസായങ്ങൾക്ക് അനുമതി നൽകി. ട്രെയിൻ സർവീസ് ആരംഭിച്ചു. മൂന്നാം ഘട്ടം ഇന്നു വരെ എത്തി നിൽക്കുമ്പോൾ അനുദിനം രോഗം സ്ഥിരീകരിക്കുന്നവർ 3000 മുകളിലാണ്. ദിനംപ്രതിയുള്ള മരണം നൂറിനടുത്തെത്തി. രോഗം ഇരട്ടിക്കുന്നത് 12 ൽ നിന്ന് 10 ദിവസത്തിലേക്ക് താഴ്ന്നു.

ഇനി നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. കോവിഡിനെ പ്രതിരോധിച്ച് ജീവിക്കാൻ പഠിപ്പിക്കുന്ന പുത്തൻ രീതിയിലുള്ള അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ് രാജ്യം.