LiveTV

Live

National

ജയിലുകളില്‍ കോവിഡ് പടരുന്നു; പകുതി തടവുകാരെ പുറത്തുവിടുമെന്ന് മഹാരാഷ്ട്ര

ആര്‍തര്‍ റോഡ് ജയിലില്‍ 158 തടവുകാരടക്കം 185 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബൈക്കുള ജയിലില്‍ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് തടവുകാരെ വിട്ടയക്കുന്നത് വേഗത്തിലാക്കുന്നത്...

ജയിലുകളില്‍ കോവിഡ് പടരുന്നു; പകുതി തടവുകാരെ പുറത്തുവിടുമെന്ന് മഹാരാഷ്ട്ര

ജയിലുകളില്‍ കോവിഡ് പകരുന്നത് തടയാനായി നിലവിലുള്ള തടവുകാരില്‍ പകുതി പേരെ വിട്ടയക്കുമെന്ന് മഹാരാഷ്ട്ര ജയില്‍ വകുപ്പ്. ഏതാണ്ട് 17000ത്തോളം തടവുകാരെ ജാമ്യത്തില്‍ വിട്ടയക്കാനാണ് തീരുമാനം. സുപ്രീംകോടതി നിര്‍ദേശിച്ച ഉന്നതാധികാരസമിതിയുടെ നിര്‍ദേശപ്രകാരമാണ് തടവുകാരെ വിട്ടയക്കുന്നത്.

ആര്‍തര്‍ റോഡ് ജയിലില്‍ 158 തടവുകാരടക്കം 185 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബൈക്കുള ജയിലില്‍ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് തടവുകാരെ വിട്ടയക്കുന്നത് വേഗത്തിലാക്കുന്നത്. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇതുവരെ ജയിലിലെ തിരക്ക് കുറക്കാനായി അയ്യായിരം വിചാരണ തടവുകാരെ മഹാരാഷ്ട്ര സ്വതന്ത്രരാക്കിയിരുന്നു. ഏഴ് വര്‍ഷത്തില്‍ കുറവ് തടവ് ശിക്ഷ വിധിച്ചിട്ടുള്ള മൂവായിരം തടവുകാരെ വിട്ടയക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഏഴ് വര്‍ഷത്തിലേറെ തടവ് അനുഭവിച്ച ഒമ്പതിനായിരം തടവുകാരെയും വിട്ടയക്കും.

ബലാല്‍സംഗം, കൊലപാതകം, സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങി ഗുരുതരമായ കുറ്റങ്ങള്‍ ചെയ്ത് ശിക്ഷ അനുഭവിക്കുന്നവരെ പുറത്തുവിടില്ല. ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജയിലുകളിലേക്ക് പുതുതായി കുറ്റവാളികളെ പ്രവേശിപ്പിക്കുന്നില്ല. 45 ദിവസത്തേക്കാണ് വിചാരണ തടവുകാര്‍ക്ക് ജാമ്യവും കുറ്റവാളികള്‍ക്ക് പരോളും ലഭിക്കുക. ഇത് 30 ദിവസം വീതം പിന്നീട് ആവശ്യമെങ്കില്‍ നീട്ടി നല്‍കും. ഇതിനിടെ പകര്‍ച്ചവ്യാധി നിയമം പിന്‍വലിച്ചാല്‍ പുറത്തുവിട്ട തടവുകാര്‍ തിരിച്ച് ജയിലിലേക്ക് വരേണ്ടി വരും.