LiveTV

Live

National

കോവിഡ് ഭീതിക്കിടെ ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ച് തമിഴ്നാട്

കോയമ്പേട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും കോവിഡ് വ്യാപിയ്ക്കുകയാണ്

കോവിഡ് ഭീതിക്കിടെ ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ച് തമിഴ്നാട്

രോഗബാധയും മരണവും വര്‍ധിക്കുന്നതിനിടെ, തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. കടകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചതാണ് പ്രധാന മാറ്റം. അതിനിടെ, ആന്ധ്രാപ്രദേശില്‍ രോഗബാധിതരുടെ എണ്ണം രണ്ടായിരം കടന്നു.

ആന്ധ്രാപ്രദേശില്‍ 26 പേര്‍ക്കാണ് മാര്‍ക്കറ്റിലെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ, തമിഴ്നാട്ടില്‍ ഭൂരിഭാഗം കടകളും തുറന്നു കഴിഞ്ഞു. വൈകിട്ട് ഏഴുവരെയാണ് പ്രവര്‍ത്തന സമയം.

എല്ലാ ദിവസവും അഞ്ഞൂറിന് മുകളില്‍ രോഗബാധിതരും മരണവും റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍, നല്‍കിയ ഇളവുകള്‍ ആശങ്ക വര്‍ധിപ്പിയ്ക്കുകയാണ്. കോയമ്പേട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും കോവിഡ് വ്യാപിയ്ക്കുകയാണ്. ആന്ധ്രാപ്രദേശില്‍ 26 പേര്‍ക്കാണ് മാര്‍ക്കറ്റിലെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കേരളത്തിലും ഏഴുപേര്‍ക്ക് രോഗം കണ്ടെത്തി. തമിഴ്നാട്ടില്‍ മാത്രം രണ്ടായിരത്തില്‍ അധികം പേര്‍ക്കാണ് കോയമ്പേട് വഴി രോഗം ബാധിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ മാര്‍ക്കറ്റില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍.

ഇന്നലെ തമിഴ്നാട്ടില്‍ 669 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗബാധിതര്‍ 7204 ആയി. മരണസംഖ്യ 47 ആണ്. 38 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ, ആന്ധ്രാപ്രദേശിലെ രോഗബാധിതര്‍ 2018 ആയി. 45 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.

കര്‍ണാടകയില്‍ പത്തു പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 858 ആണ് രോഗബാധിതരുടെ എണ്ണം. മരണസംഖ്യ 31 ആയി. തെലങ്കാനയില്‍ ഇന്നലെ 33 പേര്‍ക്ക് കൂടി രോഗം കണ്ടെത്തിയതോടെ രോഗികളുടെ എണ്ണം 1196 ആയി. മുപ്പത് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. പുതുച്ചേരിയിലെ രോഗബാധിതരുടെ എണ്ണം 12 ആയി. അ‍ഞ്ച് സംസ്ഥാനങ്ങളിലായി ഇതുവരെ രോഗം ബാധിച്ചത്, 11,216 പേര്‍ക്കാണ്.