LiveTV

Live

National

ലോക്ക് ഡൗൺ ഇളവുകള്‍ ഇന്നു മുതല്‍; ആശങ്കയില്‍ തമിഴ്നാട്, രോഗബാധിതര്‍ 7000 കടന്നു

വൈകിട്ട് ഏഴുമണിവരെയാണ് പുതുക്കിയ സമയം. തമിഴ്നാട്ടില്‍ ഇന്നലെ 669 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

ലോക്ക് ഡൗൺ ഇളവുകള്‍ ഇന്നു മുതല്‍; ആശങ്കയില്‍ തമിഴ്നാട്, രോഗബാധിതര്‍ 7000 കടന്നു

രോഗബാധയും മരണവും വര്‍ധിയ്ക്കുന്നതിനിടെ, തമിഴ്നാട്ടില്‍ ലോക്‍ഡൌണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. കടകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചതാണ് പ്രധാന മാറ്റം. വൈകിട്ട് ഏഴുമണിവരെയാണ് പുതുക്കിയ സമയം. തമിഴ്നാട്ടില്‍ ഇന്നലെ 669 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ നാലായിരത്തില്‍ അധികം രോഗികളാണ് തമിഴ്നാട്ടിലുണ്ടായത്. കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന സൂചനകള്‍ക്കിടെയാണ് റെഡ് സോണുകളില്‍ ഉള്‍പ്പെടെ, കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ വൈകിട്ട് ഏഴുവരെയാണ് ഇന്നു മുതല്‍ കടകളുടെ പ്രവര്‍ത്തന സമയം. കൂടാതെ, സ്വകാര്യ കന്പനികള്‍ക്ക് 33 ശതമാനം ജീവനക്കാരുമായി ജോലികള്‍ തുടങ്ങാം. ചാടക്കടകള്‍ക്ക് പാഴ്സല്‍ നല്‍കാനും അനുമതിയുണ്ട്.

ഇതോടെ, വൈകിട്ട് ഏഴുമണിവരെ ആളുകള്‍ക്ക് നഗരങ്ങളില്‍ ഇറങ്ങാം. പലയിടത്തും സാമൂഹിക അകലം പോലും പാലിക്കപ്പെടുന്നില്ലെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് വ്യാപകമായ ഇളവുകള്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇന്നലെ തമിഴ്നാട്ടില്‍ മൂന്ന് പേര്‍ കൂടി മരിച്ചു. മരണസംഖ്യ 47 ആയി. 7204 ആണ് രോഗബാധിതര്‍. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ രോഗികളും മരണവും നടന്നത്, നിലവില്‍ തമിഴ്നാട്ടിലാണ്.

കർണാടകയിൽ ഇന്നലെ ഒരാൾ കൂടി മരിച്ചു. മരണസംഖ്യ 31 ആയി. 53 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും പേർക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. രോഗബാധിതർ 847 ആയി. രോഗം സ്ഥിരീകരിച്ചതിൽ ഭൂരിഭാഗം പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരികെ എത്തിയവരാണ്. ആന്ധ്രാപ്രദേശില്‍ ഇന്നലെയും ഒരു മരണം റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 45 ആയി. അന്‍പത് പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗബാധിതർ1980 ആയി. തെലങ്കാനയില്‍ ഇന്നലെ 33 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 1196 ആണ് രോഗബാധിതര്‍. മരണസംഖ്യ മുപ്പതാണ്.