LiveTV

Live

National

തബ്‍ലീഗ് നേതാവിന്‍റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പ് വ്യാജമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ; മാധ്യമ പ്രവര്‍ത്തകന് സമന്‍സയച്ച് ഡല്‍ഹി പൊലീസ്

തബ്‍ലീഗ് നേതാവിന്‍റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പ് വ്യാജമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ;  മാധ്യമ പ്രവര്‍ത്തകന് സമന്‍സയച്ച് ഡല്‍ഹി പൊലീസ്

തബ്‍ലീഗി മര്‍ക്കസ് നിസാമുദ്ദീൻ മേധാവി മൗലാനാ സാദ് കന്തലവിയുടെ എന്ന പേരില്‍ പൊലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയ ഓഡിയോ ക്ലിപ്പ് വ്യാജമെന്ന് പൊലീസ് ക്രൈം ബ്രാഞ്ചിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട്. അതെ സമയം വാര്‍ത്ത നിഷേധിച്ച ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്സപ്രസ് മാധ്യമ പ്രവര്‍ത്തകന് സമന്‍സയച്ചു. ഐ.പി.സി സെക്ഷന്‍ 174 പ്രകാരമാണ് മാധ്യമ പ്രവര്‍ത്തകന് സമന്‍സയച്ചത്. തങ്ങള്‍ക്ക് കേസുമായി ബന്ധപ്പെട്ട് ലഭിച്ച ഔദ്യോഗികവും കൃത്യവുമായ സ്രോതസുകളില്‍ നിന്നാണ് വാര്‍ത്ത ലഭിച്ചതെന്നും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പൊലീസ് സ്പെഷ്യല്‍ സി.പി(ക്രൈം) പ്രവീണ്‍ രഞ്ചനെ ബന്ധപ്പെടാന്‍ ശ്രമിച്ചതായും ലഭ്യമായില്ലെന്നും ഇന്ത്യന്‍ എക്സ്പ്രസ് വിശദീകരണം നല്‍കി.

തബ്‍ലീഗി ജമാഅത്ത് അംഗങ്ങള്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും നിരോധന ഉത്തരവുകള്‍ കാര്യമാക്കേണ്ടെന്നും പറയുന്ന ഓഡിയോ സന്ദേശമാണ് വ്യാജമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഓഡിയോ ക്ലിപ്പ് വ്യാജമാകാനോ അല്ലെങ്കില്‍ പല സന്ദര്‍ഭങ്ങളിലെ വാക്കുകള്‍ കൂട്ടിചേര്‍ത്തോ നിര്‍മ്മിച്ചതാകാമെന്ന് എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മര്‍കസ് അംഗങ്ങളില്‍ നിന്നും പിടിച്ചെടുത്ത ലാപ്പ്ടോപ്പ് പരിശോധിച്ച പൊലീസ് അതിനകത്തുള്ള എല്ലാ ഓഡിയോ സന്ദേശങ്ങളും പരിശോധിച്ചതായും ലാപ്പ്ടോപ്പുകളിലൊന്നിലും തന്നെ പ്രചരിച്ചതായി പറയപ്പെടുന്ന ഓഡിയോ സന്ദേശം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണവുമായി ഏറ്റവും അടുത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൗലാനാ സാദിന്‍റെ പല സന്ദര്‍ഭങ്ങളിലെ പ്രസംഗങ്ങള്‍ കൂട്ടിചേര്‍ത്ത് ഓഡിയോ നിര്‍മിച്ചതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ക്ലിപ്പുകള്‍ ഒന്നിച്ചാണ് ഈ ഓഡിയോ ക്ലിപ്പ് നിര്‍മിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ഈ പ്രചരിച്ച ഓഡിയോ ക്ലിപ്പ് ഫോറന്‍സിക് സയന്‍സ് പരിശോധനക്കായി അയക്കുന്നതായി പൊലീസ് സ്പെഷ്യല്‍ സി.പി(ക്രൈം) പ്രവീണ്‍ ര‍ഞ്ചന്‍ അറിയിച്ചിരുന്നു.

അതെ സമയം സംഭവത്തില്‍ മൗലാനാ സാദ് കന്തലവി ഉള്‍പ്പെടെ ആറ് തബ്‍ലീഗി ജമാഅത്ത് പ്രവര്‍ത്തകരെ ഐ.പി.സി 304-2 വകുപ്പ് പ്രകാരം മനപൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. അധികൃതരുടെ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് 2000ത്തോളം പേരൊന്നിച്ച് അന്യായമായി കൂട്ടം ചേര്‍ന്നു എന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഓഡിയോ ശബ്ദസന്ദേശം ചൂണ്ടിക്കാട്ടി ഹസ്രത് നിസാമുദ്ദീന്‍‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ മുകേഷ് വാലിയയുടെ പരാതിയിലാണ് തബ്‍ലീഗ് ജമാഅത്ത് മേധാവികള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് 21 മുതല്‍ മൗലാനാ മുഹമ്മദ് സാദിന്‍റെ പേരിലുള്ള ഓ‍ഡിയോ സന്ദേശം വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്നതായും മുകേഷ് പരാതിയില്‍ പറയുന്നു.