LiveTV

Live

National

മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി

കോവിഡില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും സംസ്ഥാനങ്ങള്‍ തമ്മില്‍ വിവേചനം പാടില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി തുറന്നടിച്ചു...

മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി

രാജ്യത്തെ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗത്തിനിടെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോവിഡില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും സംസ്ഥാനങ്ങള്‍ തമ്മില്‍ വിവേചനം പാടില്ലെന്നും മമത തുറന്നടിച്ചു. ഫെഡറല്‍ സംവിധാനത്തെ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി ആരോപിച്ചു.

വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി രാജ്യത്തെ മുഖ്യമന്ത്രിമാരുമായി നടത്തിയ അഞ്ചാമത്തെ യോഗത്തിനിടെയായിരുന്നു മമതയുടെ അപ്രതീക്ഷിത പരാമര്‍ശങ്ങള്‍. മുന്‍ യോഗങ്ങളെ അപേക്ഷിച്ച് ഇക്കുറി എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരമുണ്ടായിരുന്നു. മുന്‍കൂട്ടിയ തയ്യാറാക്കിയ തിരക്കഥ വെച്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും സംസ്ഥാനങ്ങളോട് ഒരുകാര്യത്തിലും അഭിപ്രായങ്ങള്‍ ചോദിക്കുന്നില്ലെന്നും മമത പറഞ്ഞു.

മമത 2021ഓടെ അധികാരത്തിൽ നിന്ന് പുറത്തുപോകും, ബംഗാളിൽ  ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും: രാം മാധവ്
Also Read

മമത 2021ഓടെ അധികാരത്തിൽ നിന്ന് പുറത്തുപോകും, ബംഗാളിൽ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും: രാം മാധവ്

കോവിഡിനെ തുടര്‍ന്നുള്ള മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാന ആഴ്ച്ചയിലേക്ക് കടന്നതോടെ ഇളുകളെക്കുറിച്ച് സംസാരിക്കുന്നതിനാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ഏതൊക്കെ മേഖലകളില്‍ ഇളവുകളാകാമെന്നതായിരുന്നു ചര്‍ച്ചാവിഷയം. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ മടങ്ങി വരവുകളും അവതരിപ്പിക്കപ്പെട്ടു. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ മമത ബാനര്‍ജി കടുത്ത വിമര്‍ശങ്ങള്‍ ഉന്നയിച്ചത്.

നേരത്തെ തന്നെ മമത ബാനര്‍ജിയും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ശീതസമരം ആരംഭിച്ചിരുന്നു. പശ്ചിമബംഗാളില്‍ നിന്നും ശരിയായ കോവിഡ് രോഗത്തിന്റെ കണക്കുകള്‍ പുറത്തുവരുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രസംഘം ബംഗാള്‍ സന്ദര്‍ശിച്ചിരുന്നു. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശന വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്ന് കാണിച്ച് അപ്പോള്‍ പ്രധാനമന്ത്രിക്ക് മമത ബാനര്‍ജി കത്തയക്കുകയും ചെയ്തിരുന്നു.

സംസ്ഥാനങ്ങള്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ചില സംസ്ഥാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ പോരാട്ടം നടത്തുകയാണെന്നും മമത ആരോപിച്ചു. രാജ്യത്തെ കോവിഡ് ഹോട്ട് സ്‌പോട്ടുകളാകാന്‍ സാധ്യതയുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നായി ബംഗാളിനെ കഴിഞ്ഞ ആഴ്ച്ചയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പ്രഖ്യാപിച്ചത്. കോവിഡ് നിയന്ത്രണത്തിന് പ്രത്യേക കേന്ദ്രസംഘമെത്തുന്ന പത്ത് സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമബംഗാള്‍.