കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറക്കുമെന്ന് വാര്‍ത്തകള്‍; ധനമന്ത്രാലയത്തിന്റെ വിശദീകരണം ഇങ്ങനെ...
ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെയാണ് ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ കേന്ദ്ര ധനമന്ത്രാലയം നിഷേധിച്ചു. സാലറി കട്ട് സംബന്ധിച്ച റിപ്പോർട്ടുകൾ തെറ്റാണെന്നും പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെയാണ് ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ''ഏതെങ്കിലും വിഭാഗത്തിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാരുടെ നിലവിലുള്ള ശമ്പളം വെട്ടിക്കുറക്കാനുള്ള നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലില്ല. ചില മാധ്യമങ്ങളില്‍ വന്ന ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ തെറ്റാണ്, അവയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല.'' - ട്വീറ്റില്‍ പറയുന്നു.
പെൻഷൻ വിതരണത്തിൽ കുറവു വരുത്തിയിട്ടില്ലെന്നും ലോക്ഡൌണും തുടര്‍ന്നുണ്ടായ പ്രതിസന്ധിയും പെൻഷന് - ശമ്പള വിതരണത്തെ ബാധിക്കില്ലെന്നും നേരത്തെ ധനമന്ത്രാലയം ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. കേന്ദ്രസർക്കാർ പെൻഷനുകളിൽ 20 ശതമാനം വെട്ടിക്കുറവ് ആസൂത്രണം ചെയ്യുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ ഈ വാർത്ത തെറ്റാണെന്നും പെൻഷൻ വിതരണത്തിൽ കുറവുണ്ടാകില്ലെന്നും ശമ്പള - പെൻഷന് വിതരണത്തെ കോവിഡ് പ്രതിസന്ധി ബാധിക്കില്ലെന്നും വ്യക്തമാക്കി ധനമന്ത്രാലയം ട്വീറ്റ് ചെയ്തു. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന അഭ്യൂഹങ്ങളിൽ നിന്നും വ്യാജ വാർത്തകളിൽ നിന്നും വിട്ടുനിൽക്കണമെന്നും ധനമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.