LiveTV

Live

National

സ്വന്തം സുരക്ഷ ഒഴിവാക്കി യുവഡോക്ടര്‍ കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിച്ചു

സ്വന്തം ജീവന്‍ നോക്കാതെ രോഗിയുടെ ജീവന്‍ രക്ഷിച്ച മകനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും ഇത്തരമൊരു പ്രവൃത്തി ചെയ്ത് മകന്‍ മരിച്ചാല്‍ പോലും തനിക്ക് അഭിമാനമാണെന്നായിരുന്നു ഡോ. സാഹിദിനോട് പിതാവ് പറഞ്ഞത്...

സ്വന്തം സുരക്ഷ ഒഴിവാക്കി യുവഡോക്ടര്‍ കോവിഡ് രോഗിയുടെ ജീവന്‍ രക്ഷിച്ചു

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറായ സാഹിദ് അബ്ദുള്‍ മജീദാണ് സ്വന്തം ജീവന്‍ അപകടത്തിലാക്കിയും രോഗിയുടെ ജീവിതം രക്ഷിക്കാന്‍ തയ്യാറായത്. മെയ് ഏഴിന് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആംബുലന്‍സില്‍ വെച്ചാണ് ഡോക്ടര്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയത്. രോഗിയില്‍ നിന്നും കോവിഡ് പകരാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ ഡോക്ടറോട് ക്വാറന്റെയ്‌നില്‍ പോകാന്‍ എയിംസ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

കശ്മീരിലെ അനന്തനാഗ് സ്വദേശിയായ ഡോ. സാഹിദ് രണ്ട് വര്‍ഷമായി ഡല്‍ഹി എയിംസിലെ അതി തീവ്ര പരിചരണ വിഭാഗത്തിലെ ഡോക്ടറാണ്. അത്യാസന്ന നിലയിലുള്ള ഒരു രോഗിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് രോഗിയുടെ വായിലേക്കുള്ള ട്യൂബിന് സ്ഥാനചലനം വന്നതായി ഡോക്ടറുടെ ശ്രദ്ധയില്‍ പെട്ടത്. എത്രയും വേഗത്തില്‍ ട്യൂബ് യഥാസ്ഥാനത്തേക്ക് വെച്ച് വീണ്ടും ഇന്റുബേറ്റ് ചെയ്തില്ലെങ്കില്‍ രോഗിക്ക് ഹൃദയാഘാതം വരെ സംഭവിക്കാവുന്ന അവസ്ഥയായിരുന്നു.

അര്‍ണബിനെ 12 മണിക്കൂറിലേറെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിലെ പൊലീസുകാരന് കോവിഡ്
Also Read

അര്‍ണബിനെ 12 മണിക്കൂറിലേറെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിലെ പൊലീസുകാരന് കോവിഡ്

ആംബുലന്‍സിലെ അരണ്ട വെളിച്ചത്തില്‍ പി.പി.ഇ കിറ്റ് ധരിച്ച് റീ ഇന്റുബേറ്റ് ചെയ്യുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്വന്തം സുരക്ഷ ഒഴിവാക്കി രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ തീരുമാനിച്ചത്. പി.പി.ഇ കിറ്റിന്റെ ഭാഗമായുള്ള കണ്ണടയും മുഖത്തെ ആവരണവും മാറ്റി. എന്‍95 മാസ്‌ക് മാത്രം ധരിച്ചാണ് രോഗിയെ വീണ്ടും ഇന്റുബേറ്റ് ചെയ്തത്. കോവിഡ് രോഗി ഇപ്പോഴും വെന്റിലേറ്ററിലാണ്.

മറ്റൊരു ആരോഗ്യപ്രവര്‍ത്തകരും താന്‍ ചെയ്ത കാര്യം മാതൃകയാക്കരുതെന്നും ഡോ. സാഹിദ് പറയുന്നുണ്ട്. പ്രത്യേക സാഹചര്യത്തിലാണ് തനിക്ക് പി.പി.ഇ കിറ്റ് ഒഴിവാക്കേണ്ടി വന്നതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു. രോഗിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായതോടെ ഡോ. സാഹിദിനോട് ക്വാറന്റെയ്‌നില്‍ പോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷമായി കശ്മീരിലെ മാതാപിതാക്കളെ കാണാനായി ഡോ. സാഹിദിന് സാധിച്ചിട്ടില്ല. ഇക്കാര്യമറിയുമ്പോള്‍ എന്തായിരിക്കും പിതാവിന്റെ പ്രതികരണമെന്നും ഡോക്ടര്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഡോ.സാഹിദിനെ ഞെട്ടിച്ച പ്രതികരണമാണ് പിതാവിന്റെ ഭാഗത്തു നിന്നുണ്ടായത്. സ്വന്തം ജീവന്‍ നോക്കാതെ രോഗിയുടെ ജീവന്‍ രക്ഷിച്ച മകനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും ഇങ്ങനെയൊരു പ്രവൃത്തി ചെയ്ത് മകന്‍ മരിച്ചാല്‍ പോലും തനിക്ക് അഭിമാനമാണെന്നായിരുന്നു ഡോ. സാഹിദിനോട് പിതാവ് പറഞ്ഞത്. പിതാവിന്റെ ഈ വാക്കുകള്‍ തനിക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണെന്നും ഡോ. സാഹിദ് അബ്ദുള്‍ മജീദ് പറയുന്നു.