LiveTV

Live

National

മാസ്‌ക് ധരിച്ചാല്‍ നടപടിയെന്ന് വെങ്കയ്യനായിഡു, ലോക്ഡൗണിന് ഒരാഴ്ച്ച മുമ്പുള്ള വീഡിയോ പുറത്ത്

രാജ്യസഭയില്‍ മാസ്‌ക് ധരിച്ചെത്തിയ അംഗങ്ങളോട് പുറത്തുപോയി മാസ്‌ക് മാറ്റി വരാനും ഇല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും വെങ്കയ്യ നായിഡു ഭീഷണിപ്പെടുത്തുന്നുണ്ട്...

മാസ്‌ക് ധരിച്ചാല്‍ നടപടിയെന്ന് വെങ്കയ്യനായിഡു, ലോക്ഡൗണിന് ഒരാഴ്ച്ച മുമ്പുള്ള വീഡിയോ പുറത്ത്

മാസ്‌ക് ധരിച്ചെത്തിയ രാജ്യസഭയിലെ അംഗങ്ങളോട് ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ വെങ്കയ്യ നായിഡു നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്ത്. കോവിഡിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച്ച മാത്രം മുമ്പായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമര്‍ശങ്ങള്‍. രാജ്യസഭയില്‍ നിന്നുള്ള വീഡിയോ വലിയ തോതില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചക്ക് വഴിവെച്ചിട്ടുണ്ട്.

മാര്‍ച്ച് 18ന് രാജ്യസഭയിലുണ്ടായ സംഭവങ്ങളുടെ വീഡിയോയാണ് പ്രചരിക്കുന്നത്. സഭ ചേര്‍ന്ന ഉടനെയായിരുന്നു അധ്യക്ഷന്റെ പരാമര്‍ശങ്ങള്‍. കോവിഡ് ഭീതിയെ തുടര്‍ന്ന് സഭയിലേക്ക് മാസ്‌ക് ധരിച്ചെത്തിയ എം.പിമാരോടായിരുന്നു മാസ്‌ക് മാറ്റാന്‍ വെങ്കയ്യ നായിഡു നിര്‍ദേശിച്ചത്.

'സഭയില്‍ മാസ്‌ക് അനുവദിക്കില്ല. മുതിര്‍ന്ന അംഗങ്ങളല്ലേ നിങ്ങള്‍, നിങ്ങള്‍ക്ക് ഇവിടുത്തെ രീതികളും നിയമവും അറിയില്ലേ... പുറത്തുപോയി മാസ്‌ക് മാറ്റി വരൂ. ഇല്ലെങ്കില്‍ എന്താണ് ഞാന്‍ ചെയ്യാന്‍ പോകുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാം' എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ഭീഷണി.

ഈ സംഭവം നടന്ന് ആറാം ദിവസം മാര്‍ച്ച് 24ന് പ്രധാനമന്ത്രി ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ 21 ദിവസത്തേക്കായിരുന്നു ആദ്യ ലോക്ഡൗണ്‍. ഏപ്രില്‍ 15 മുതല്‍ മെയ് മൂന്ന് വരെ 19 ദിവസത്തേക്ക് കൂടി പിന്നീട് ലോക്ഡൗണ്‍ നീട്ടി. മെയ് നാല് മുതല്‍ മൂന്നാം ഘട്ട ലോക്ഡൗണ്‍ ആരംഭിച്ചു. മെയ് 17 വരെയാണ് ഇത് പ്രഖ്യാപിച്ചിരിക്കുന്നത്.