LiveTV

Live

National

കോവിഡ് ഭീതിയൊഴിയാതെ ദക്ഷിണേന്ത്യ

തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം എല്ലാ ദിവസവും 500 ന് മുകളിലാണ്

കോവിഡ് ഭീതിയൊഴിയാതെ ദക്ഷിണേന്ത്യ

കോവിഡ് 19 ബാധിച്ച് തമിഴ്നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലുമായി ഇന്നലെ എട്ട് പേര്‍ മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷമാണ് തെലങ്കാനയില്‍ വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 580 പേര്‍ക്ക് തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. നാല് സംസ്ഥാനങ്ങളിലെ മരണസംഖ്യ 148 ആയി.

തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം എല്ലാ ദിവസവും 500ന് മുകളിലാണ്. നിലവില്‍ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 6535 ആയി. ചെന്നൈയില്‍ മാത്രം ഇന്നലെ 279 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കോയമ്പേട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്ന് മാത്രം 1867 പേര്‍ക്കാണ് രോഗം പടര്‍ന്നത്. രോഗബാധയും മരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൌണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്.

റെഡ് സോണിൽ ഉൾപ്പടെ ചെറിയകടകൾക്ക് വൈകിട്ട് 7 മണി വരെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കി. എല്ലാ ഹോട്ടലുകളിലും ചായക്കടകളിലും പാഴ്സല്‍ അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

കർണാടകയിൽ ഇന്നലെ 41 പേർക്കാണ് രോഗം ബാധിച്ചത്. രോഗബാധിതർ 794 ആയി. സംസ്ഥാനത്തെ മരണസംഖ്യ മുപ്പതാണ്. മൂന്ന് പേര്‍ കൂടി മരിച്ചതോടെ ആന്ധ്രയിലെ മരണസംഖ്യ 44 ആയി. 43 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗബാധിതർ 1930 ആയി.

തെലങ്കാനയില്‍ ഇന്നലെ 31 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 1163 ആണ് രോഗബാധിതര്‍. സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചതോടെ മരണസംഖ്യ മുപ്പതായി.