LiveTV

Live

National

മകളുടെ പഠനത്തിനായി മാറ്റിവെച്ച അഞ്ച് ലക്ഷം രൂപ കൊണ്ട് 600 കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് ഈ ബാര്‍ബര്‍

ലോക്ക് ഡൌണ്‍ മൂലം തന്‍റെ കട തുറക്കാന്‍ സാധിക്കില്ലെങ്കിലും സന്നധ പ്രവര്‍ത്തനങ്ങളില്‍ മോഹന്‍ സജീവമാണ്

മകളുടെ പഠനത്തിനായി മാറ്റിവെച്ച അഞ്ച് ലക്ഷം രൂപ കൊണ്ട് 600 കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ച് ഈ ബാര്‍ബര്‍

രാജ്യം മുഴുവന്‍ ലോക്ക് ഡൌണിലായിരിക്കെ, തന്‍റെ മകളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ച അഞ്ച് ലക്ഷം രൂപ കൊണ്ട് അറുനൂറിലധികം കുടുംബങ്ങളെ സഹായിച്ചിരിക്കുകയാണ് മധുരയിലെ ഒരു ബാര്‍ബര്‍. സി. മോഹന്‍ എന്ന 47കാരനാണ് അരി, പച്ചക്കറി, പലചരക്ക് തുടങ്ങിയവയെല്ലാം അടങ്ങിയ കിറ്റ് 615 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്.

ലോക്ക് ഡൌണ്‍ മൂലം തന്‍റെ കട തുറക്കാന്‍ സാധിക്കില്ലെങ്കിലും സന്നധ പ്രവര്‍ത്തനങ്ങളില്‍ മോഹന്‍ സജീവമാണ്. മോഹന്‍ പാവങ്ങള്‍ക്കായി നല്‍കിയ കിറ്റ് എസിപി ലില്ലി ഗ്രേസ് വിതരണം ചെയ്തു. മധുരയിലെ നെല്ലൈത്തോപ്പ് നിവാസിയാണ് മോഹന്‍. കണ്ടെയിന്‍മെന്‍റ് ഏരിയ ആയതിനാല്‍ ലോക്ക് ഡൌണിന് ശേഷം മാത്രമേ ഇളവുകള്‍ ഇവിടുള്ളവര്‍ ലഭ്യമാവുകയുള്ളു.

ഒരുപാട് പേര്‍ സഹായിക്കണമെന്ന് പറഞ്ഞ് എന്നെ വന്ന് കണ്ടിരുന്നു. പലരും അവരുടെ അവസ്ഥ വിവരിച്ചപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. ഒരേയൊരു മകളുടെ പഠനചെലവിനുള്ളത് പിന്നെയും കണ്ടെത്താമെന്ന് കരുതി ബാങ്കിലുള്ള പണം പിന്‍വലിച്ച് അവര്‍ക്ക് സഹായമെത്തിച്ചുകൊടുക്കുകയായിരുന്നു. മോഹന്‍ പറഞ്ഞു.

മോഹന്‍റെ ഒരേയൊരു മകള്‍ നേത്ര പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. സിവില്‍ സര്‍വീസാണ് ലക്ഷ്യം. സഹായം ചെയ്ത വാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍ ആളുകള്‍ മോഹനെ സമീപിക്കാന്‍ തുടങ്ങി. അവരെ സഹായിക്കാന്‍ സാധിക്കുമോ എന്ന് കുടുംബവുമായി ആലോചിക്കുകയാണെന്ന് മോഹന്‍ പറഞ്ഞു.