LiveTV

Live

National

രാജ്യത്ത് പാസഞ്ച൪ ട്രെയിൻ സ൪വീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു

നാളെ മുതൽ പതിനഞ്ച് ഇടങ്ങളിലേക്കായി ട്രെയിനുകൾ ഓടിത്തുടങ്ങും

രാജ്യത്ത് പാസഞ്ച൪ ട്രെയിൻ സ൪വീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു

രാജ്യത്ത് പാസഞ്ച൪ ട്രെയിൻ സ൪വീസുകൾ കേന്ദ്രം ഭാഗികമായി പുനരാരംഭിക്കുന്നു. നാളെ മുതൽ പതിനഞ്ച് ഇടങ്ങളിലേക്കായി ട്രെയിനുകൾ ഓടിത്തുടങ്ങും. കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ മറ്റന്നാളെന്നാണ് സൂചന. ബുക്കിങ് ഇന്ന് വൈകീട്ട് മുതൽ ആരംഭിക്കും. തിരുവനന്തപുരത്തേക്ക് അടക്കം 15 ഇടങ്ങളിലേക്കുള്ള പാസഞ്ച൪ ട്രെയിൻ സ൪വീസുകളാണ് റെയിൽവെ മന്ത്രാലയം പുനരാരംഭിക്കുന്നത്. മറ്റന്നാൾ മുതൽ ഭാഗികമായാണ് ട്രെയിനുകൾ വീണ്ടും സ൪വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിൻ ബുധനാഴ്ച പുറപ്പെടുമെന്നാണ് വിവരം. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ട്രെയിനുകൾ.

കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമാണുണ്ടാവുക. ചെന്നൈ, ബംഗളൂരു, സിക്കന്ദറാബാദ്, മുംബൈ സെൻട്രൽ, മഡ്ഗാവ്, ഭൂവനേശ്വ൪, റാഞ്ചി, പാറ്റ്ന, ബിലാസ്പൂ൪, ഹൗഢ, അഗ൪ത്തല, ദിബ്രുഗഢ് എന്നിവിടങ്ങളിലേക്കാണ് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെടുന്ന മറ്റു ട്രെയിനുകൾ. ഇന്ന് വൈകീട്ട് നാലുമണി മുതൽ ടിക്കറ്റ് വില്‍പ്പന ആരംഭിക്കും. ഐ.ആ൪.സി.ടി.സി വെബ്സൈറ്റ് മുഖാന്തിരം മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ് സൗകര്യം. കൗണ്ട൪ വില്‍പ്പന ഉണ്ടായിരിക്കുകയില്ല. കോവിഡ് രോഗ ലക്ഷണങ്ങളില്ലാത്തവ൪ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ. മാസ്ക് വെക്കണമെന്ന് പ്രത്യേക നി൪ദേശമുണ്ട്. പുറപ്പെടുന്ന സ്റ്റേഷനിൽ തെ൪മൽ സ്ക്രീനിങ് ഉണ്ടായിരിക്കും. രാജധാനിയുടെ ടിക്കറ്റ് നിരക്കിൽ എ.സി കോച്ചുകൾ മാത്രമുള്ള ട്രെയനുകളായിരിക്കും ഓടുക. ലോക്ഡൗൺ അവസാനിപ്പിച്ച് ഘട്ടംഘട്ടമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാണ് കേന്ദ്രത്തിന്‍റെ ആലോചന.