LiveTV

Live

National

ഡല്‍ഹിയില്‍ ഭൂചലനം; ലോക്ഡൌണിനിടെ ഭൂചലനം ഇത് മൂന്നാം തവണ

ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ആര്‍ക്കും പരിക്കേല്‍ക്കുകയോ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാവുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

ഡല്‍ഹിയില്‍   ഭൂചലനം; ലോക്ഡൌണിനിടെ ഭൂചലനം  ഇത് മൂന്നാം തവണ

ലോക് ഡൗണിനിടെ ഡൽഹിയിൽ വീണ്ടും ഭൂചലനം. ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ആര്‍ക്കും പരിക്കേല്‍ക്കുകയോ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാവുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെടുന്നത്.

തുടര്‍ച്ചയായ മൂന്നാം തവണയാണ് ലോക്ക് ഡൗണിനിടെ ഡല്‍ഹിയില്‍ ഭൂകമ്പം അനുഭവപ്പെടുന്നത്. ഏപ്രിൽ 12 നായിരുന്നു ആദ്യ ഭൂമികുലുക്കം ഉണ്ടായത്. അന്ന് റിക്ടർ സ്കെയിൽ 3.5 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ജനങ്ങൾ അന്ന് റോഡിലേക്ക് ഓടിക്കൂടിയത് വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. തൊട്ടടുത്ത ദിവസമായ 13ന് വീണ്ടും ഭൂമികുലുക്കം അനുഭവപ്പെട്ടിരുന്നു. 2.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അന്നുണ്ടായത്. 5 കിമി പരിധിയിലായിരുന്നു അന്ന് കുലുക്കം അനുഭവപ്പെട്ടത്. രാജ്യത്തെ അഞ്ച് ഭൂകമ്പ സാധ്യതാ മേഖലകളിൽ നാലാമത്തെ മേഖലയാണ് ഡല്‍ഹി. എന്നാൽ വലിയ രീതിയിലുള്ള ഭൂചലനങ്ങൾ സംസ്ഥാനത്ത് മുൻപ് റിപ്പോർട്ട് ചെയ്തിട്ടില്ല.

ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.