LiveTV

Live

National

2446 തബ്‌ലീഗ് പ്രവര്‍ത്തകരെ വീടുകളിലേക്ക് അയക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍

അതേസമയം വിദേശികളായ 567 തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ വിസാ ചട്ടലംഘനത്തിന് കേസുള്ളതിനാല്‍ ഇവരെ ഡല്‍ഹി പൊലീസിനാണ് കൈമാറുക...

2446 തബ്‌ലീഗ് പ്രവര്‍ത്തകരെ വീടുകളിലേക്ക് അയക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന 2446 തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. ഇവരുടെയെല്ലാം കോവിഡ് പരിശോധന പൂര്‍ത്തിയാക്കുകയും ക്വാറന്റെയ്ന്‍ കാലാവധി കഴിയുകയും ചെയ്തതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗമില്ലെന്ന് തെളിഞ്ഞിട്ടും തബ്‌ലീഗ് പ്രവര്‍ത്തകരെ ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളില്‍ നിന്നും മാറ്റാതിരിക്കുന്നത് വിവാദമായിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തബ്‌ലീഗ് പ്രവര്‍ത്തകരെ സാമൂഹ്യ അകലവും കോവിഡ് പ്രോട്ടോക്കോളും പാലിച്ചായിരിക്കും റോഡ്- റെയില്‍ മാര്‍ഗ്ഗങ്ങളില്‍ അവരവരുടെ നാടുകളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കുക. ഇക്കാര്യം ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി സി.ഇ.ഒ ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിദേശത്തു നിന്നുള്ള 567 പേര്‍ക്കെതിരെ വിസാ ചട്ടലംഘനത്തിന് കേസുള്ളതിനാല്‍ ഇവരെ ഡല്‍ഹി പൊലീസിന് കൈമാറും.

തബ്‌ലീഗ് നേതാവിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പുകള്‍ കെട്ടിച്ചമച്ചതാകാമെന്ന് ഡല്‍ഹി പൊലീസ്
Also Read

തബ്‌ലീഗ് നേതാവിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പുകള്‍ കെട്ടിച്ചമച്ചതാകാമെന്ന് ഡല്‍ഹി പൊലീസ്

മാര്‍ച്ചില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തിനായി ഡല്‍ഹിയിലെത്തിയവരാണ് കോവിഡിനെ തുടര്‍ന്ന് നാടുകളിലേക്ക് മടങ്ങാനാവാതെ കുടുങ്ങിയത്. ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന 3013 തബ്‌ലീഗി അംഗങ്ങളില്‍ 567 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയെന്ന കുറ്റത്തില്‍ ഇവരില്‍ പലര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ബാക്കിയുള്ള 2446 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ 191 പേര്‍ മാത്രമാണ് ഡല്‍ഹി സ്വദേശികള്‍. ബാക്കിയെല്ലാവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

ഡല്‍ഹി ആരോഗ്യമന്ത്രാലയം ഏപ്രില്‍ 17നും മെയ് മൂന്നിനും ഇവരെ വിട്ടയക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇവരെ വിട്ടയക്കണമെന്ന് കാണിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നും വിട്ടയക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്നുമാണ് ഡല്‍ഹി ആരോഗ്യ സെക്രട്ടറി കത്തില്‍ പറഞ്ഞിരുന്നത്.

കോവിഡ് പരിശോധനകളും ക്വാറന്റെയ്‌നും കഴിഞ്ഞിട്ടും 3000 തബ്‌ലീഗ് അംഗങ്ങളെ വിട്ടയക്കുന്നില്ല
Also Read

കോവിഡ് പരിശോധനകളും ക്വാറന്റെയ്‌നും കഴിഞ്ഞിട്ടും 3000 തബ്‌ലീഗ് അംഗങ്ങളെ വിട്ടയക്കുന്നില്ല

ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ തബ് ലീഗുകാരെ പറഞ്ഞയക്കുമെന്നും ഡല്‍ഹിക്ക് പുറത്ത് താമസിക്കുന്നവര്‍ക്ക് യാത്ര ചെയ്യുന്നതിനാവശ്യമായ പാസുകള്‍ നല്‍കുമെന്നും ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചിരുന്നു. പള്ളികള്‍ അടക്കം യാത്രക്കിടെ മറ്റൊരിടത്തും ഇവരെ തങ്ങാന്‍ അനുവദിക്കില്ല. അതത് സംസ്ഥാനത്തെ നോഡല്‍ ഓഫിസര്‍മാരുമായി ബന്ധപ്പെട്ട് യാത്രയുടെ ഓരോ വിശദാംശങ്ങളും ശേഖരിക്കുമെന്നും ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി സി.ഇ.ഒ അറിയിച്ചു.