LiveTV

Live

National

രാജ്യത്ത് കോവിഡ് മരണം 1981 ആയി; മൊത്തം രോഗികളുടെ എണ്ണം 60,000 ലേക്ക്

പ്രതിദിനം 95,000 കോവിഡ് ടെസ്റ്റുകൾ നടക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

രാജ്യത്ത് കോവിഡ് മരണം 1981 ആയി; മൊത്തം രോഗികളുടെ എണ്ണം 60,000 ലേക്ക്

രാജ്യത്ത് കോവിഡ് രോഗികള്‍ അറുപതിനായിരത്തിനടുത്തെത്തി. 1981 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. പ്രതിദിനം 95,000 കോവിഡ് ടെസ്റ്റുകൾ നടക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

തുടർച്ചയായി നാലാം ദിവസമാണ് 3000 ഓളം രോഗികൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും നൂറോളം പേർ മരിക്കുകയും ചെയ്യുന്നത്. രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം അറുപതിനായിരത്തിനടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3320 പേർക്ക് രോഗം ബാധിക്കുകയും 95 പേർ മരിക്കുകയും ചെയ്തു ചെയ്തു. 59,662 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ 1981. ചികിത്സയിലുള്ളത് 39,834 പേർ. എന്നാൽ രോഗം ഭേദമാകുന്നവരുടെ എണ്ണം 30% കടന്നു. 17846 പേർക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 731 പേരാണ് ഇതുവരെ മരിച്ചത്.

ഇതുവരെ സംസ്ഥാനത്ത് 700 ലധികം പൊലീസുകാർക്ക് രോഗം കണ്ടെത്തുകയും 5 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ ഇന്ന് 57 പുതിയ കേസുകൾ കൂടി കണ്ടെത്തി. ഒഡീഷയിൽ 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 15,25,000 ടെസ്റ്റുകൾ നടന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർദ്ധൻ പറഞ്ഞു. 453 ലാബുകളിലായി പ്രതിദിനം 95,000 കോവിഡ് ടെസ്റ്റുകൾ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പശ്ചിമബംഗാളിൽ അതിഥി തൊഴിലാളികളെ കയറ്റിവരുന്ന ട്രെയിനുകൾ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി മമതാ ബാനർജിക്ക് കത്തയച്ചു.

രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന പഠനത്തിനായി ഹോട്ട്സ്പോട്ടുകളടങ്ങുന്ന 75 ജില്ലകളെ ഐസിഎംആർ തെരഞ്ഞെടുത്തു. ഓരോ ജില്ലയിലും 400 പേരെ പരിശോധിക്കും. കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയില്ലെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നവരെയാണ് പരിശോധിക്കുക. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.