LiveTV

Live

National

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി ജനങ്ങളോട് വ്യക്തമാക്കണം: കേന്ദ്രത്തോട് കോണ്‍ഗ്രസ്

രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബദ്ധിച്ച് ഔദ്യോഗികവൃത്തങ്ങള്‍ വ്യത്യസ്ത നിലപാട് ആവര്‍ത്തിക്കുകയാണെങ്കില്‍ രാജ്യം എങ്ങനെയാണ് ഈ മഹാമാരിയെ മറികടക്കുകയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി ജനങ്ങളോട്  വ്യക്തമാക്കണം: കേന്ദ്രത്തോട് കോണ്‍ഗ്രസ്

കോവിഡ് വൈറസിനെതിരായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസർക്കാരിന് ആശയക്കുഴപ്പമുണ്ടെന്ന ആരോപണവുമായ് കോൺഗ്രസ് നേതൃത്വം. രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബദ്ധിച്ച് ഔദ്യോഗികവൃത്തങ്ങള്‍ വ്യത്യസ്ത നിലപാട് ആവര്‍ത്തിക്കുകയാണെങ്കില്‍ രാജ്യം എങ്ങനെയാണ് ഈ മഹാമാരിയെ മറികടക്കുകയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. ലോക്ക്ഡൗൺ എക്സിറ്റ് നയം എങ്ങിനെയായിരിക്കണമെന്ന് വ്യക്തമാക്കാനും കോണ്‍ഗ്രസ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

‘രാജ്യത്തെ കോവിഡ് വ്യാപനത്തിന്‍റെ സ്ഥിതിഗതികളെക്കുറിച്ച് വ്യത്യസ്ത വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥ ജനങ്ങളോട് പറയാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങളെ സഹായിക്കേണ്ടത് കേന്ദ്രത്തിന്‍റെ ബാധ്യതയാണ്’ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു.

സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ കൂടുതൽ ഏകോപനം വേണമെന്നും ഡല്‍ഹി സര്‍ക്കാര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യ തലസ്ഥാനത്ത് കോവിഡ് മൂലമുണ്ടായ മരണങ്ങളുടെ എണ്ണം സംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നും ആശുപത്രികളിൽ നിന്നുള്ള കണക്കുകൾ പ്രകാരം 92 പേർ മരണമടഞ്ഞതായും ഡൽഹി സർക്കാരിന്‍റെ റിപ്പോർട്ട് അനുസരിച്ച് 68 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അജയ് മാക്കന്‍ പറഞ്ഞു.

കേജ്രിവാള്‍ സര്‍ക്കാരിനെ രൂക്ഷമായ് വിമര്‍ശിച്ച കോണ്‍ഗ്രസ് വക്താവ് കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ സുതാര്യത വേണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ രാജ്യ തലസ്ഥാനം ദുഖകരമായ അവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നത് നാണക്കേടാണെന്നും അജയ് മാക്കന്‍ കൂട്ടിച്ചേര്‍ത്തു.