LiveTV

Live

National

കോവിഡിനെ നേരിടുന്നതില്‍ യു.പി യൂറോപ്പിനേക്കാള്‍ മുന്നിലെന്ന് യോഗി ആദിത്യനാഥ്

പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരിക്ക് യോഗി ആദിത്യനാഥ് എഴുതിയ ഏഴു പേജുള്ള കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

കോവിഡിനെ നേരിടുന്നതില്‍ യു.പി യൂറോപ്പിനേക്കാള്‍ മുന്നിലെന്ന് യോഗി ആദിത്യനാഥ്

പ്രധാന യൂറോപ്പ് രാജ്യങ്ങള്‍ നേരിടുന്നതിനേക്കാള്‍ മികച്ച രീതിയില്‍ ഉത്തർപ്രദേശ് സര്‍ക്കാര്‍ കൊവിഡ് 19ന്‍റെ വ്യാപനം തടയാന്‍ പ്രവര്‍ത്തിച്ചുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാന യൂറോപ്പ് രാജ്യങ്ങളായ ഫ്രാൻസ്, യു.കെ, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളോടാണ് യോഗി ഉത്തര്‍പ്രദേശിലെ കൊവിഡ് 19 പ്രവര്‍ത്തനങ്ങളെ താരതമ്യം ചെയ്തിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരിക്ക് യോഗി ആദിത്യനാഥ് എഴുതിയ ഏഴു പേജുള്ള കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എട്ട് ലക്ഷത്തിലധികം പോസിറ്റീവ് കേസുകളും ഒരു ലക്ഷത്തിലധികം കൊവിഡ് 19 മരണങ്ങളും ഈ രാജ്യങ്ങളിലാണെന്ന് യോഗി കത്തില്‍ പറയുന്നു. യുപിയിൽ 2,969 പോസിറ്റീവ് കേസുകളും 58 മരണങ്ങളും മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആഴ്ച ആദ്യം ചൗധരി എഴുതിയ കത്തിന് മറുപടിയായായിരുന്നു മുഖ്യമന്ത്രിയുടെ ഈ അവകാശവാദം. കൊവിഡ് 19മായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാൻ സംസ്ഥാന സർക്കാർ വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന് കത്തിൽ പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

“സർക്കാരും ഉദ്യോഗസ്ഥരും കൊവിഡ് 19 ന്‍റെ വ്യാപനം തടയാന്‍ വേണ്ടി പ്രവർത്തിക്കുന്നുണ്ട്. പക്ഷെ, പ്രോത്സാഹന വാക്കുകൾക്ക് പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സാഹചര്യങ്ങൾക്ക് യോജിക്കുന്നില്ല. പകർച്ചവ്യാധിയെ അതിജീവിക്കാനുള്ള രാജ്യത്തിന്‍റെ ശ്രമത്തിൽ ക്രിയാത്മക പങ്കാളിയാകേണ്ടതുണ്ട്, ”മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.