LiveTV

Live

National

കോവിഡ് പരിശോധനകളും ക്വാറന്റെയ്‌നും കഴിഞ്ഞിട്ടും 3000 തബ്‌ലീഗ് അംഗങ്ങളെ വിട്ടയക്കുന്നില്ല

ഡല്‍ഹിയിലെ വിവിധ ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളിലാണ് 3013 പേരെ പാര്‍പിച്ചിരിക്കുന്നത്...

കോവിഡ് പരിശോധനകളും ക്വാറന്റെയ്‌നും കഴിഞ്ഞിട്ടും 3000 തബ്‌ലീഗ് അംഗങ്ങളെ വിട്ടയക്കുന്നില്ല

കോവിഡ് 19 പരിശോധനകളില്‍ രോഗമില്ലെന്ന് തെളിഞ്ഞിട്ടും ക്വാറന്റെയ്ന്‍ കാലാവധി പൂര്‍ത്തിയാക്കിയിട്ടും മൂവായിരത്തോളം തബ്‌ലീഗ് അംഗങ്ങളെ ഇപ്പോഴും തടഞ്ഞുവെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ വിവിധ ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളിലാണ് ഇവരെ പാര്‍പിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഡല്‍ഹി ആരോഗ്യമന്ത്രാലയം ഏപ്രില്‍ 17നും മെയ് മൂന്നിനും ഇവരെ വിട്ടയക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.

തബ്‌ലീഗ് അംഗങ്ങളില്‍ ആര്‍ക്കെങ്കിലും എതിരെ എന്തെങ്കിലും പൊലീസ് നടപടിയെടുക്കുന്നുണ്ടെങ്കില്‍ ആകാമെന്നും അല്ലെങ്കില്‍ ഇവരെ വിട്ടയക്കേണ്ടി വരുമെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ വ്യാഴാഴ്ച്ച പറഞ്ഞിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് നടപടിക്രമങ്ങള്‍ വ്യക്തമാക്കണമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഡല്‍ഹി സര്‍ക്കാര്‍ അയച്ച കത്തുകളില്‍ മറുപടി ലഭിച്ചിട്ടുമില്ല. നേരത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കിയവരേയും രോഗമില്ലാത്തവരേയും വിട്ടയക്കാതിരുന്നതിന് കാരണം ലോക്ഡൗണാണെന്നാണ് ഡല്‍ഹി ആരോഗ്യമന്ത്രി പറഞ്ഞത്.

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു; രോഗബാധിതര്‍ 53,000 കടന്നു, മരണം 1800ലേക്ക്
Also Read

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു; രോഗബാധിതര്‍ 53,000 കടന്നു, മരണം 1800ലേക്ക്

തബ്‌ലീഗി സമ്മേളനവുമായി ബന്ധപ്പെട്ടവരില്‍ ക്വാറന്റെയ്ന്‍ കാലാവധിയായ 28 ദിവസം പൂര്‍ത്തിയാക്കിയ രോഗമില്ലെന്ന് തെളിഞ്ഞ 3013 പോരാണ് ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നതെന്ന് ഡല്‍ഹി ആരോഗ്യ സെക്രട്ടറി പദ്മിനി സിഗ്ല അഡീഷണല്‍ സെക്രട്ടറിക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇവരെ വിട്ടയക്കണമെന്ന് കാണിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നും വിട്ടയക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്നുമാണ് ഡല്‍ഹി ആരോഗ്യ സെക്രട്ടറി കത്തില്‍ പറയുന്നത്.

ക്വാറന്റെയ്ന്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന 3013 തബ്‌ലീഗി അംഗങ്ങളില്‍ 567 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയെന്ന കുറ്റത്തില്‍ ഇവരില്‍ പലര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ബാക്കിയുള്ള 2446 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ 191 പേര്‍ മാത്രമാണ് ഡല്‍ഹി സ്വദേശികള്‍. ബാക്കിയെല്ലാവരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.