LiveTV

Live

National

കുടിയേറ്റ തൊഴിലാളികളുടെ മടക്കം; യാത്രാച്ചെലവ് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച് കേന്ദ്രം

തൊഴിലാളികളുടെ ടിക്കറ്റ് നിരക്കിന്റെ 85 ശതമാനം കേന്ദ്രം യഥാര്‍ത്ഥത്തില്‍ വഹിക്കുന്നുണ്ടോ എന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൌള്‍ ചോദിച്ചു

കുടിയേറ്റ തൊഴിലാളികളുടെ മടക്കം; യാത്രാച്ചെലവ് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ച് കേന്ദ്രം

കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തു എത്തിക്കാനുള്ള പ്രത്യേക ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച വിവരങ്ങൾ സുപ്രീംകോടതിയുമായി പങ്കുവയ്ക്കാൻ വിസമ്മതിച്ച് കേന്ദ്ര സർക്കാർ. സ്വദേശങ്ങളിലേക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് സഹായം നൽകണമെന്നാവശ്യപ്പെട്ടു സാമൂഹ്യ പ്രവര്‍ത്തകന്‍ ജഗദീപ് എസ്.ചോക്കര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

ടിക്കറ്റ് നിരക്കു സംബന്ധിച്ചോ ഇതു തൊഴിലാളികളിൽ നിന്നു തന്നെ പൂർണമായും ഈടാക്കുകയാണോ എന്നതിനെ സംബന്ധിച്ചോ എന്തെങ്കിലും വ്യക്തമാക്കാൻ തനിക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് തുഷാര്‍ മേത്ത പറഞ്ഞു. തൊഴിലാളികളുടെ മടക്കവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ ഷെയര്‍ എത്രയാണെന്നും അദ്ദേഹം കോടതിയില്‍ വെളിപ്പെടുത്തിയില്ല. കുടിയേറ്റ തൊഴിലാളികളുടെ യാത്രാച്ചെലവിന്റെ 85 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും 15 ശതമാനം സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.

തൊഴിലാളികളുടെ ടിക്കറ്റ് നിരക്കിന്റെ 85 ശതമാനം കേന്ദ്രം യഥാര്‍ത്ഥത്തില്‍ വഹിക്കുന്നുണ്ടോ എന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൌള്‍ ചോദിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തനിക്കൊരു നിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടില്ലെന്നായിരുന്നു സോളിസിറ്റര്‍‌ ജനറലിന്റെ മറുപടി. അന്യസംസ്ഥാന തൊഴിലാളികളെ സ്വദേശങ്ങളിലെത്തിക്കാൻ സാഹചര്യങ്ങൾക്കനുസരിച്ച് വിവിധ മേഖലകളിൽ ട്രെയിനുകളും ബസുകളും സേവനം നടത്തുന്നുണ്ടെന്നും തുഷാർ മേത്ത അറിയിച്ചതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.