LiveTV

Live

National

'ഉത്തര്‍ പ്രദേശില്‍ മദ്യവില്‍പന നിരോധിക്കണം'; യോഗിക്ക് കത്തുമായി ബിജെപി എംഎല്‍എ

സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക ലാഭമുണ്ടാക്കാന്‍ മറ്റ് പല മാര്‍ഗങ്ങളും സ്വീകരിക്കാമായിരുന്നു, മദ്യശാലകളെ ഒഴിവാക്കാമായിരുന്നു

'ഉത്തര്‍ പ്രദേശില്‍ മദ്യവില്‍പന നിരോധിക്കണം'; യോഗിക്ക് കത്തുമായി ബിജെപി എംഎല്‍എ

സത്യദേവ് പചൌരി, സാക്ഷി മഹാരാജ് തുടങ്ങിയ ബിജെപി എംപികള്‍ക്ക് പിറകെ രാജ്യത്ത് മദ്യശാലകള്‍ തുറന്നതിനെതിരെ ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എയും. യുപിയിലെ ബലിയ മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എയായ സുരേന്ദ്ര സിങ്ങാണ് മദ്യശാലകള്‍ തുറക്കുന്ന തീരുമാനം ഒന്നുകൂടി ആലോചിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് കത്തെഴുതിയത്.

ജനങ്ങളുടെ ജീവന്‍ തുലാസില്‍ വച്ചുകൊണ്ട് സാമ്പത്തിക ലാഭത്തിനായി ശ്രമിക്കരുത്. ബിഹാര്‍ സര്‍ക്കാര്‍ ചെയ്യുന്നത് പോലെ യുപി സര്‍ക്കാരും മദ്യശാലകള്‍ തുറക്കുന്ന തീരുമാനത്തില്‍ നിന്നും പിന്മാറണം. ബിജെപി എംഎല്‍എ പറഞ്ഞു. മദ്യശാലകളില്‍ സാമൂഹിക അകലം പാലിക്കുക നടക്കാത്ത കാര്യമാണെന്നും അതുകൊണ്ടുതന്നെ കോവിഡ് പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഇത് അനിവാര്യമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക ലാഭമുണ്ടാക്കാന്‍ മറ്റ് പല മാര്‍ഗങ്ങളും സ്വീകരിക്കാമായിരുന്നു, മദ്യശാലകളെ ഒഴിവാക്കാമായിരുന്നു. ജനങ്ങളുടെയും സമൂഹത്തിന്‍റെയും ആരോഗ്യത്തിന് ഇത് കളങ്കം വരുത്തും. കോവിഡിനെ തടയുന്നതിനായുള്ള ശ്രമങ്ങളെ മദ്യശാലകള്‍ തുറക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപിമാരായ സത്യദേവ് പചൌരിയും സാക്ഷി മഹാരാജും രംഗത്ത് വന്നിരുന്നു.