LiveTV

Live

National

മരണം വിതച്ച വ്യാവസായിക ദുരന്തങ്ങള്‍

ഇരുപതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിൽ മരണമെന്ന് അനൗദ്യോഗിക കണക്ക്.

മരണം വിതച്ച വ്യാവസായിക ദുരന്തങ്ങള്‍

വ്യാവസായിക അപകടങ്ങളുടെ നീണ്ട ദുരന്തപട്ടികയുണ്ട് ഇന്ത്യക്ക്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക അപകടങ്ങളിൽ ഒന്നായ ഭോപ്പാൽ മുതൽ ഖനി അപകടങ്ങളും പടക്ക ഫാക്ടറി അപകടങ്ങളും രാജ്യത്ത് പതിവാണ്. കൂടുതലും സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങളിൽ. വേനൽ കനക്കുന്നതോടെയാണ് അപകടങ്ങളും കൂടുന്നത്.

ദുരന്തങ്ങളിൽ ഏറ്റവും ആദ്യത്തേത് 1944 ൽ മുംബൈ തുറമുഖത്ത് നടന്ന രണ്ട് സ്ഫോടനങ്ങൾ ആണ്. നിരവധി കപ്പലുകൾ മുങ്ങി. ജീവൻ നഷ്ടപ്പെട്ടവരും പരിക്കേറ്റവരും ഒരുപാട് പേർ. രണ്ടാമത്തേത് 1975 ൽ ജാർഖണ്ഡ് ധൻബാദിലെ ചമ്പ് നാല ഖനി അപകടമാണ്. 372 മരണം. പൊതുമേഖല സ്ഥാപനമാണ് ഖനിയുടെ ഉടമസ്ഥർ. മൂന്നാമത്തേത് ഭോപ്പാൽ. ദുരന്തങ്ങളുടെ ദുരന്തം. 36 വർഷങ്ങൾക്ക് മുമ്പ് 1984 ഡിസംബർ 3. സർക്കാർ കണക്കു പ്രകാരം 5195 മരണം. ഇരുപതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിൽ മരണമെന്ന് അനൗദ്യോഗിക കണക്ക്.

പിന്നെയും നിരവധി ദുരന്തങ്ങൾ. 2009 ചത്തീസ്ഗഡിലെ കോർബയിൽ ബാൽ കോ ഫാക്ടറിയിലെ ചിമ്മിനി തകർന്നു മരിച്ചത് 45 പേർ. അതേവർഷം രാജസ്ഥാനിലെ ജയ്പൂരിൽ എണ്ണസംഭരണ കേന്ദ്രത്തിൽ തീപിടിത്തം. 12 മരണം. 2010 ഡൽഹി മായാപുരിയിൽ റേഡിയോ വികിരണം ഉൽപ്പന്നങ്ങളിൽ തീ. 2019 ഡൽഹി അനാജ്മണ്ടിയിൽ തുകൽ ഫാക്ടറി കത്തി 43 മരണം. ഇതിനുപുറമെയാണ് ഖനി അപകടങ്ങളും പടക്കഫാക്ടറി അപകടങ്ങളും. 2012 ൽ തമിഴ്നാട്ടിലെ ശിവകാശി പടക്ക ഫാക്ടറിയിൽ തീ പടർന്ന് 40 പേർ മരിച്ചു. അപകടങ്ങൾ കൂടുതലും സ്വകാര്യമേഖലയിലാണ്. അശ്രദ്ധയും പിഴവുകളും പ്രധാനകാരണം. ഭോപ്പാൽ പോലുള്ള ദുരന്തങ്ങളിൽ ഇരകൾക്ക് ഇപ്പോഴും നീതി കിട്ടിയിട്ടില്ലെന്നതാണ് മറ്റൊരു ദുരന്തം.