LiveTV

Live

National

നിയമം സമ്പന്നര്‍ക്ക് അനുകൂലമെന്ന് സുപ്രീംകോടതി ജഡ്ജി

ശരിയായ നീതി ലഭ്യമാകണമെങ്കില്‍ പാവങ്ങളുടേയും സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടേയും തട്ട് അല്‍പം താഴ്ത്തിവെച്ചേ ജഡ്ജിമാര്‍ വിധികള്‍ പുറപ്പെടുവിക്കാവൂ...

നിയമം സമ്പന്നര്‍ക്ക് അനുകൂലമെന്ന് സുപ്രീംകോടതി ജഡ്ജി

രാജ്യത്തെ നിയമവും നിയമവ്യവസ്ഥയും സമ്പന്നര്‍ക്കും സ്വാധീനമുള്ളവര്‍ക്കും അനുകൂലമാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ദീപക് ഗുപ്ത. വിരമിച്ച ശേഷമുള്ള യാത്രയയപ്പ് പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. നിലവിലെ സാഹചര്യങ്ങളില്‍ ജഡ്ജിമാര്‍ ദന്തഗോപുരങ്ങളില്‍ കഴിയുകയല്ല മണ്ണിലിറങ്ങി ലോകത്ത് എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയുകയാണ് വേണ്ടതെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത കൂട്ടിച്ചേര്‍ത്തു.

പണവും സ്വാധീനവുമുള്ള ഒരാള്‍ ഏതെങ്കിലും കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ പോലും അയാള്‍ മേല്‍കോടതിയെ സമീപിക്കുകയാണ് ചെയ്യുക. വിചാരണ കാലയളവ് നീട്ടിക്കൊണ്ടുപോകാനും ഇവര്‍ക്ക് സാധിക്കും. ഇത്തരം നടപടികള്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ സാധിക്കാത്ത പാവങ്ങളുടെ നീതി ഉറപ്പിക്കാനുള്ള വിലപ്പെട്ട സമയം കൂടിയാണ് കവര്‍ന്നെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷകര്‍ വ്യക്തിപരമായ വിശ്വാസങ്ങളേയും രാഷ്ട്രീയ ചായ്‌വുകളേയും മാറ്റിവെച്ച് ഭരണഘടനക്കും നിയമത്തിനും അനുസൃതമായി വേണം കേസുകള്‍ വാദിക്കാാന്‍. ന്യായാധിപര്‍ സ്വതന്ത്രരും നിര്‍ഭയരും സത്യസന്ധരുമാണെങ്കില്‍ മാത്രമേ നീതി നടപ്പാവുകയുള്ളൂ. തീര്‍ത്തും സ്വതന്ത്രമായ ഒരു നിയമസംവിധാനത്തിന് പകരം വെക്കാവുന്ന മറ്റൊന്നുമില്ല. ശരിയായ നീതി ലഭ്യമാകണമെങ്കില്‍ പാവങ്ങളുടേയും സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടേയും തട്ട് അല്‍പം താഴ്ത്തിവെച്ചേ ജഡ്ജിമാര്‍ വിധികള്‍ പുറപ്പെടുവിക്കാവൂ എന്നും ജസ്റ്റിസ് ദീപക് ഗുപ്ത അഭിപ്രായപ്പെട്ടു.

ആന്ധ്രാപ്രദേശിൽ വിഷവാതകം ശ്വസിച്ച്​ എട്ടു പേർ മരിച്ചു
Also Read

ആന്ധ്രാപ്രദേശിൽ വിഷവാതകം ശ്വസിച്ച്​ എട്ടു പേർ മരിച്ചു

കോവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചത്. സുപ്രീംകോടതിയില്‍ ബുധനാഴ്ച വിരമിച്ച ജസ്റ്റിസ് ദീപക് ഗുപ്തയ്ക്ക് സഹജഡ്ജിമാര്‍ വിര്‍ച്വല്‍ യാത്രയയപ്പാണ് നല്‍കിയത്. ജഡ്ജിമാരെല്ലാം യാത്രയയപ്പ് പ്രസംഗം നടത്തുന്ന വീഡിയോ സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. സുപ്രീംകോടതി ബാര്‍ അസോസിയേഷനും സൂം ആപ്പിലൂടെ വിര്‍ച്വല്‍ യാത്രയയപ്പാണ് നല്‍കിയത്. കോടതിയുടെ ചരിത്രത്തിലാദ്യമായാണ് വിരമിക്കുന്ന ജഡ്ജിക്ക് വിര്‍ച്വല്‍ യാത്രയയപ്പ് നല്‍കുന്നത്.

ഹിമാചല്‍പ്രദേശുകാരനായ ദീപക് ഗുപ്ത ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് നിയമബിരുദമെടുത്തത്. ഹിമാചല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 2004ല്‍ അവിടെ ജഡ്ജിയായി. 2013ല്‍ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടുകയും 2016ല്‍ ഛത്തീസ്ഗഢിലേക്ക് മാറുകയും ചെയ്തു. 2017 ഫെബ്രുവരി മുതലാണ് സുപ്രീംകോടതിയിലെത്തിയത്.