‘നിയമവും ലൈംഗികാതിക്രമവും’ എന്ന വിഷയത്തിലാവും ഇനി രഞ്ജന്‍ ഗൊഗോയി സംസാരിക്കുക; പരിഹാസവുമായ് മഹുവ മൊയിത്ര
ജുഡീഷ്യല്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ നടത്താന്‍ ഗൊഗോയിയെ ക്ഷണിച്ചതിലുള്ള പരിഹാസമാണ് മഹുവ മൊയ്ത്ര ട്വിറ്ററിലൂടെ അറിയിച്ചത്.

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും നിലവിലെ രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയിക്കെതിരെ പരിഹാസവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയിത്ര. ജുഡീഷ്യല്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ നടത്താന്‍ ഗൊഗോയിയെ ക്ഷണിച്ചതിലുള്ള പരിഹാസമാണ് മഹുവ മൊയ്ത്ര ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിലെ രാഷ്ട്രീയക്കാരനായ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ നിയോഗിച്ചിരിക്കുന്നു എന്നായിരുന്നു മഹുവ മൊയിത്രയുടെ ട്വീറ്റ്.
ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഇപ്പോള്‍ നിയോഗിച്ചിരിക്കുന്ന അദ്ദേഹം ‘നിയമവും ലൈംഗികാതിക്രമവും’ എന്ന വിഷയത്തിലാവും അടുത്ത തവണ സംസാരിക്കുക എന്നും മൊയിത്ര പരിഹസിച്ചു. കാന്‍ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഭരണഘടനക്കനുസൃതമായ സ്വതന്ത്ര ജുഡീഷ്യറിയെക്കുറിച്ച് സംസാരിക്കാന്‍ ഗൊഗോയിയെ ക്ഷണിച്ചത്
‘ഇപ്പോള്‍ രാഷ്ട്രീയക്കാരനായ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസിനെ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ നിയമിച്ചിരിക്കുന്നു. അദ്ദേഹം അടുത്തതായി സംസാരിക്കുക ചിലപ്പോള്‍ ‘നിയമവും ലൈംഗികതയും’ എന്ന വിഷയത്തെക്കുറിച്ചായിരിക്കും. ജോലിസ്ഥലത്തെ കരുത്തരായ പുരുഷന്മാര്ക്കെതിരെയുള്ള തങ്ങളുടെ അവകാശത്തെക്കുറിച്ച് ഇന്ത്യയിലെ സ്ത്രീകളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ബെഞ്ചില്‍ അദ്ദേഹത്തിന്റെ ഇതുവരെയുള്ള അനുഭവം അത്രയും വിലമതിക്കാനാവത്തതാണല്ലോ!,’ മെഹുവ ട്വീറ്റ് ചെയ്തു.
2018ല്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായ യുവതി അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി തൊട്ടുപിന്നാലെ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. പിന്നീട് പരാതി തള്ളുകയും സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്ക്കുയുമായിരുന്നു. ഇതിനുശേഷം ഗൊഗോയ്യുടെ സ്വഭാവ ദൂഷ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തിയിരുന്നു. ഗൊഗോയ്യെ പോലെ നാണം കെട്ട മറ്റൊരു ജഡ്ജിയെ ജുഡീഷ്യറിയില്‍ കണ്ടിട്ടില്ലെന്ന് കട്ജു ട്വിറ്ററില്‍ കുറിച്ചു. ഗൊഗോയ് ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്നും കട്ജു അഭിപ്രായപ്പെട്ടിരുന്നു