LiveTV

Live

National

വ്യക്തിസുരക്ഷയില്ല; ഐ.എ.എസ് ഉദ്യോഗസ്ഥ രാജിവച്ചു

ഹരിയാന കേഡറിലെ 2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ റാണി നഗറാണ് രാജി വച്ചത്

വ്യക്തിസുരക്ഷയില്ല;  ഐ.എ.എസ് ഉദ്യോഗസ്ഥ രാജിവച്ചു

ജോലിക്കിടെ വ്യക്തിസുരക്ഷയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി യുവ ഐ.എ.എസ് ഉദ്യോഗസ്ഥ രാജിവച്ചു. ഹരിയാന കേഡറിലെ 2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ റാണി നഗറാണ് രാജി വച്ചത്. പുരാവസ്തു വകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള ഉദ്യോഗസ്ഥയാണ് റാണി. ഹരിയാന ചീഫ് സെക്രട്ടറി കേശാനി ആനന്ദ് അറോറക്കാണ് റാണി നഗറ രാജി സമര്‍പ്പിച്ചത്. സുരക്ഷ ഭീഷണി മൂലം ജോലിയില്‍ തുടരാനാകില്ലെന്ന് ഇവര്‍ രാജിക്കത്തില്‍ പറയുന്നു. രാജിക്കത്ത് റാണി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെയും ഒപ്പമുള്ള സഹോദരിയുടേയും ജീവന് ഭീഷണിയുണ്ടെന്നും ഇവര്‍ പറയുന്നു. രാജിക്കത്തിന്റെ കോപ്പി പ്രസിഡന്റ്,പ്രധാനമന്ത്രി,ഗവര്‍ണര്‍,മുഖ്യമന്ത്രി എന്നിവര്‍ക്ക് അയച്ചിട്ടുണ്ട്.

ലോക്ഡൌണിന് ശേഷം താന്‍ രാജി വയ്ക്കുമെന്ന് റാണി കഴിഞ്ഞ മാസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. രാജിക്ക് ശേഷം തന്റെ നാടായ ഉത്തര്‍പ്രദേശിലേക്ക് പോകുമെന്നും അന്ന് സൂചിപ്പിച്ചിരുന്നു. സഹോദരിക്കൊപ്പം ഛണ്ഡിഗഡിലാണ് റാണി താമസിക്കുന്നത്.

തങ്ങള്‍ക്ക് അപകടം പറ്റിയാല്‍ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും റാണി പറയുന്നു. 2018 ജൂണില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ ഇവര്‍ പീഡന പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തിയെങ്കിലും ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കാട്ടി തള്ളുകയായിരുന്നു.