LiveTV

Live

National

ഇന്ധന നികുതി കേന്ദ്രം കുത്തനെ വര്‍ധിപ്പിച്ചു; പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും കൂട്ടി

ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞിട്ടും മാർച്ചിന് ശേഷം ഇത് രണ്ടാം തവണയാണ് പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ ഇന്ധന നികുതി വർധിപ്പിച്ചിരിക്കുന്നത്.

ഇന്ധന നികുതി കേന്ദ്രം കുത്തനെ വര്‍ധിപ്പിച്ചു; പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും കൂട്ടി

പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുത്തനെ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ഒരു ലിറ്റർ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് തീരുവ ഇനത്തിൽ വർധിപ്പിച്ചത്. റോഡ് സെസ് ഇനത്തിൽ പെട്രോളിനും ഡീസലിനും 8 രൂപയാണ് കൂട്ടിയത്. നികുതി വർധിപ്പിച്ചത് റീട്ടെയിൽ വിപണിയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം. 1.6 ലക്ഷം കോടിയുടെ അധിക വരുമാനമാണ് ഇതിലൂടെ സര്‍ക്കാർ ലക്ഷ്യമിടുന്നത്.

ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞിട്ടും മാർച്ചിന് ശേഷം ഇത് രണ്ടാം തവണയാണ് പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ ഇന്ധന നികുതി വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 16 ന് മൂന്ന് രൂപ വീതമായിരുന്നു എക്സൈസ് തീരുവ കൂട്ടിയത്. ഇപ്പോഴത്തെ വില വർധനവോടെ ഒരു ലിറ്റർ പെട്രോളിന് ആകെ എക്സൈസ് തീരുവ 32.98 ഉം ഡീസലിന് 31.83 രൂപയുമായി. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേൽക്കുമ്പോൾ പെട്രോൾ, ഡീസൽ എക്സൈസ് തീരുവ യഥാക്രമം 9.48 രൂപയും 3.56 രൂപയുമായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ടറ്റ് ടാക്സ് & സർവീസാണ് പുതിയ വില വർധനവ് സംബന്ധിച്ച പട്ടിക പുറത്തിറക്കിയിട്ടുള്ളത്. പെട്രോളിന് രണ്ട് രൂപയും റോഡ് സെസ് ഇനത്തിൽ 8 രൂപയും കൂട്ടിയാണ് ആകെ 10 രൂപയുടെ വർധനവ് ഉണ്ടായിരിക്കുന്നത്. ഡീസലിന് 5 രൂപയും റോഡ് സെസ് ഇനത്തിൽ 8 രൂപയും കൂട്ടിയാണ് 13 രൂപയുടെ ആകെ വർധനവ് വരുത്തിയിട്ടുള്ളത്.

ഈ വില വർധനവ് ചില്ലറ വില്പന വിപണിയെ ബാധിക്കില്ലെന്നും വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നത് പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്സൈസ് തീരുവയിലൂടെയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 71 രൂപ 26 പൈസയും ഡീസലിന് 69 രൂപ 39 പൈസയുമാണ് ഇപ്പോഴത്തെ വില.